മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ പാത സെമി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം.ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി സ്്പ്യാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനെ നേരിടും. സിറ്റിയുടെ മൈതാനത്ത് രാത്രി പന്ത്രണ്ടരയ്ക്കാണ് മല്‍സരം.

യൂറോപ്യന്‍ ഫുട്‌ബോളിന്റെ രാജാക്കന്‍മാരാവാന്‍ പ്രീമിയര്‍ ലീഗിലെയും സ്പാനിഷ് ലീഗിലെയും ഒന്നാമന്‍മാര്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുക. റയല്‍ പതിനാലാം കിരീടത്തിനായി ഇറങ്ങുമ്പോള്‍ ആദ്യ കിരീടമാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ലക്ഷ്യം. വമ്പന്‍ താരങ്ങളാണ് ഇരുനിരയിലും അണിനിരക്കുന്നത്. ഗോള്‍ മെഷീന്‍ കരീം ബെന്‍സേമയെ മുന്നില്‍ നിര്‍ത്തിയാവും റയലിന്റെ ആക്രമണങ്ങള്‍. ഒപ്പം വീനിഷ്യസ് ജൂനിയറും ഫെഡേ വെല്‍വെര്‍ദേയും ചേരുമ്പോള്‍ ആക്രമണം ശക്തം. പരിക്കേറ്റ കാസിമിറോ ഇലവനിലെത്തുമോയെന്ന് ഉറപ്പില്ല. എങ്കിലും ക്രൂസും കാമവിംഗയും മോഡ്രിച്ചും ഉള്‍പ്പെട്ട മധ്യനിര അതിശക്തം.

ഗബ്രിയില്‍ജെസ്യൂസ്, റിയാദ് മെഹറസ്, സ്റ്റെര്‍ലിംഗ് എന്നിവരിലൂടെയാവും ഗോളിലേക്കുള്ള സിറ്റിയുടെ മറുപടി. മധ്യനിരയിലെത്തുന്ന ഡിബ്രൂയിനും റോഡ്രിയും സില്‍വയും ഗോളടിക്കാനും ഗോളടിപ്പിക്കാനും ഒരുപോലെ മിടുക്കര്‍. ഇത്തിഹാദില്‍ സ്വന്തം കാണികളുടെ പിന്തുണയോടെ നിര്‍ണായക ലീഡ് നേടുകയാവും ഗാര്‍ഡിയോളയുടെ ലക്ഷ്യം. ആറ് വര്‍ഷം മുന്‍പ് സിറ്റിയും റയലും ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഏറ്റുമുട്ടിയിരുന്നു. ഒറ്റ ഗോളിന് ജയം റയലിനൊപ്പം നിന്നു. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാന്‍ കൂടിയുണ്ട് സിറ്റിക്ക്. ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സിയെയും സിറ്റി, അത്‌ലറ്റിക്കോ മാഡ്രിഡിനെയുമാണ് തോല്‍പിച്ചത്.