
വില്ലനായി വന്നു നായകനായി മാറിയ അരിക്കൊമ്പന് ഇപ്പോൾ നാടൊട്ടാകെ ആരാധകരാണ്. മാത്രമല്ല അവനു വേണ്ടി പ്രാർത്ഥിക്കുന്നവരും നിരവധി. ഇപ്പോഴിതാ അരിക്കൊമ്പന് വേണ്ടി അർച്ചനയും ഭാഗ്യ സൂക്തവും കഴിച്ചതിന്റെ വാർത്തകളാണ് പുറത്തു വരുന്നത്. കുമളി ശ്രീദുർഗ്ഗ ഗണപതി ഭദ്രകാളീ ക്ഷേത്രത്തിൽ ഒരു മൃഗസ്‌നേഹി അരിക്കൊമ്പന്റെ പേരിൽ നടത്തിയ വഴിപാടുകളുടെ രസീതിന്റെ ചിത്രങ്ങളാണ് സമൂഹമദ്ധ്യമങ്ങളിൽ പ്രചരിച്ചിരിക്കുകയാണ്. അരിക്കൊമ്പൻ- നക്ഷത്രം ഉത്രം എന്നാണ് വഴിപാട് രസീതിൽ നൽകിയിരിക്കുന്നത്. അർച്ചനയും ഭാഗ്യസൂക്ത പുഷ്പാഞ്ജലിയുമാണ് വഴിപാട് ഇനങ്ങൾ. അരിക്കൊമ്പന്റെ ആയുരാരോഗ്യത്തിനായി ക്ഷേത്രങ്ങളിൽ പൂജയും വഴിപാടും നടത്തുന്നത് തുടരുകയാണ്.ഇതിനിടെ തൊടുപുഴ മണക്കാട് സ്വദേശി സന്തോഷ് സമീപത്തുള്ള മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തിൽ അരിക്കൊമ്പന് വേണ്ടി മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തി. അരിക്കൊമ്പന്റെ ജന്മനാടായ ചിന്നക്കനാലിൽ നിന്ന് നാട് കടത്തിയത് മുതൽ സന്തോഷ് അസ്വസ്ഥനായിരുന്നു. ചെറുപ്പം മുതൽ മൃഗങ്ങളോടുള്ള അകമഴിഞ്ഞ സ്‌നേഹമാണ് അരിക്കൊമ്പന് വേണ്ടി വഴിപാട് കഴിക്കാൻ പ്രേരിപ്പിച്ചത്.കാട്ടാനയ്‌ക്കായി വഴിപാട് കഴിപ്പിക്കണമെന്ന ഭക്തന്റെ ആഗ്രഹത്തിനൊപ്പം മണക്കാട് നരസിംഹസ്വാമി ക്ഷേത്രത്തിലെ അധികൃതരും ഒപ്പം നിക്കുകയായിരുന്നു. അതേസമയം അരിക്കൊമ്പനെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചിന്നക്കനാലിൽ ഗോത്ര ജനത സൂചനാ സമരം നടത്തിയിരുന്നു. മുതുവാൻ വിഭാഗത്തിൽപ്പെട്ട അഞ്ച് കുടികളിലുള്ളവരായിരുന്നു സമരത്തിലുണ്ടായിരുന്നത്.