കർണാടകത്തിൽ കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ ഭാര്യയുടെ താൽകാലിക നിയമന റദ്ദാക്കിയ നടപടിയിൽ നിന്ന് പിന്മാറി സിദ്ധരാമയ്യ സർക്കാർ. കടുത്ത വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഈ തീരുമാനം. കരാർ നിയമനത്തിൽ ജോലി ചെയ്യുകയായിരുന്ന നൂതൻ കുമാരിയെയാണ് വീണ്ടും ജോലിയിൽ നിയമിക്കുമെന്ന് അറിയിച്ചത്.
സർക്കാർ മാറുന്നതിനനുസരിച്ച് കരാർ ജീവനക്കാരിൽ മാറ്റമുണ്ടാകും. അതിന്റെ ഭാഗമായാണ് ദക്ഷിണ കന്നഡയിലെ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. ഇപ്പോൾ കോണ്ട്രാക്റ്റ് അടിസ്ഥാനത്തിൽ താത്കാലിക ജോലി ലഭിച്ചിട്ടുണ്ട്.
പ്രവീണിന്റെ ഭാര്യയ്ക്ക് മാത്രമല്ല, മറ്റ് 150 കരാർ ജീവനക്കാർക്കും ജോലിയിൽ നിന്നും മാറ്റിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇത് ചർച്ചയായതോടെ മാനുഷിക പരിഗണന നൽകി നൂതൻ കുമാരിയെ വീണ്ടും നിയമിക്കുമെന്ന് സിദ്ധരാമയ്യ അറിയിക്കുകയായിരുന്നു.
2022 സെപ്റ്റംബർ 22ന് താൽക്കാലിക അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു നിയമനം. പിന്നീട്, ഇവരുടെ ആവശ്യത്തെ തുടർന്നാണ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്ക് മാറ്റിയത്.
ഇവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത് രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് ആരോപിച്ച് കോൺഗ്രസിനെതിരെ ബിജെപി രംഗത്തുവന്നിരുന്നു. പുതിയതായി അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാർ സർക്കാർ സംസ്ഥാനത്തെ താൽക്കാലിക നിയമനങ്ങൾ റദ്ദാക്കി.
2022 ജൂലൈ 26നാണ് പ്രവീൺ നെട്ടാരും കൊല്ലപ്പെട്ടത്. രാത്രി തന്റെ കോഴിക്കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കൊലപാതകമുണ്ടായത്. സംഭവത്തിൽ മൂന്ന് അക്രമികൾ അടക്കം പത്തോളം ആളുകളെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ ഇയാളുടെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി യുവമോർച്ച പ്രവർത്തകർ സാമൂഹമാധ്യമങ്ങളിൽ ക്യാമ്പെയിൻ നടത്തിയതിന് പിന്നാലെയാണ് താൽക്കാലിക ജോലി അനുവദിച്ചത്.
ബിജെപി പ്രവീണിന്റെ കുടുംബത്തിന് ബിജെപി വീട് നിർമിച്ച് നൽകിയിരുന്നു. 70 ലക്ഷം രൂപ ചെലവിട്ട് 2,800 ചതുരശ്ര അടിയുള്ള വീടാണ് നിർമിച്ചു നൽകിയത്.