വീണ്ടുമൊരു സ്‌കൂള്‍ കാലഘട്ടം കൂടിയിങ്ങെത്തുകയാണ്. തുറക്കുന്നതിനു മുമ്പ് മുന്നൊരുക്കങ്ങള്‍ ശക്തമാക്കണമെന്ന് മുഖ്യമന്ത്രിയും നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു.
എല്ലാ വര്‍ഷവും സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് ഒരു പ്രഹസനമെന്നോണം ഉന്നതതല യോഗങ്ങള്‍ കൂടുകയും പതിവു നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട്. സ്‌കൂളിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. ഇതിന്റെ ചുമതല പതിവുപോലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു തന്നെ. അത് ചെയ്യേണ്ടത് അവര്‍ തന്നെയാണല്ലോ.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളില്‍ വാടക കെട്ടിടത്തിലോ മറ്റ് സ്ഥാപനങ്ങളിലോ ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഈ കെട്ടിടങ്ങള്‍ കൂടി പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. ഇതിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൂടി ഇവര്‍ പരിശോധിച്ച് ലഭ്യമാക്കണം.
സ്‌കൂള്‍ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗ്‌സ് എന്നിവ നീക്കം ചെയ്യണം. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യുത പോസ്റ്റുകള്‍, വൈദ്യുത കമ്പികള്‍ എന്നിവ ഒഴിവാക്കണം. കുടിവെള്ള സ്രോതസ്സുകള്‍ വൃത്തിയാക്കി ക്ലോറിനേഷന്‍ അടക്കമുള്ള ജല ശുചീകരണ നടപടികള്‍പൂര്‍ത്തിയാക്കണം. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. സ്‌കൂളിനടുത്തുള്ള വെളളക്കെട്ടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവയ്ക്ക് സുരക്ഷാഭിത്തികള്‍ നിര്‍മ്മിക്കണം. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത് ശ്രദ്ധിക്കണം. സ്‌കൂള്‍ ബസ്സുകള്‍, സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്‌നസ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണം.
ഈ ഹോര്‍ഡിംഗുകള്‍, വൈദ്യുത പോസ്റ്റുകള്‍, കമ്പികള്‍, ജലശുചീകരണ നടപടികള്‍ എന്നിവ എത്രമാത്രം വിജയിക്കുമെന്നത് നോക്കിക്കാണണം. രാഷ്ട്രീയപാര്‍ട്ടികളുടെയും വന്‍കിട കമ്പനികളുടെയും ഹോര്‍ഡിംഗുകള്‍ പലതും മാറ്റാതെ ഇപ്പോഴും നിരത്തുകളില്‍ നില്‍ക്കുന്നുണ്ട്. പിന്നെ പറയാനുള്ളത് സ്‌കൂള്‍ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണം എന്നതാണ്. ഇതിന്റെ കാര്യത്തിലും സംശയമുണ്ട്. ഈ നാട്ടിലെ എല്ലാ സ്‌കൂള്‍ വാഹനങ്ങളുടെയും ജീവനക്കാരെ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കി തന്നെയാണോ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ അവര്‍ ജോലി ചെയ്തത്. ഈ നിർദേശം നടപ്പായാൽ നല്ലത് എന്നേ പറയാനുള്ളു.
റെയില്‍ ക്രോസ്സിന് സമീപമുളള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അപകടരഹിതമായി ട്രാക്ക് മുറിച്ച് കടക്കുന്നതിനുളള സംവിധാനം ഒരുക്കണം. ദുരന്ത ലഘൂകരണത്തിന് വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും മതിയായ പരിശീലനം ലഭ്യമാക്കണം. പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തി മോക്ക് ഡ്രില്‍ സംഘടിപ്പിക്കണം. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെളളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ ബോധവത്കരണ പരിപാടികള്‍ നടത്തണം. അക്കാദമിക മികവ് ഉയര്‍ത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനായി ആവിഷ്‌ക്കരിച്ച പ്രധാന പ്രവര്‍ത്തനമായ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തുടരേണ്ടതുണ്ട്. എല്ലാ വിദ്യാലയങ്ങളും ജൂണ്‍ 15നകം നവീകരിച്ച അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശിപ്പിക്കണം. നാലാം ക്ലാസ്സ് പൂര്‍ത്തീകരിക്കുമ്പോഴേക്കും മുഴുവന്‍ കുട്ടികളും എഴുത്തിലും കണക്കിലും മികവ് പുലര്‍ത്തുമെന്ന് ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കണം. സമഗ്രശിക്ഷാ കേരളം ഇതിന് മുന്‍കൈയ്യെടുക്കണം. അവധിക്കാലം ആരംഭിക്കുന്നതിനു മുമ്പേ പാഠപുസ്തകങ്ങള്‍ വിദ്യാലയങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞത് മികച്ച നേട്ടമാണ്. ഒറ്റപ്പെട്ട വിദ്യാലയങ്ങളില്‍ പുസ്തകങ്ങള്‍ ലഭിച്ചിട്ടില്ലെങ്കില്‍ സൂക്ഷ്മമായി പരിശോധിച്ച് പാഠപുസ്തകങ്ങള്‍ ലഭ്യമായി എന്ന് ഉറപ്പാക്കണം. മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയങ്ങള്‍ക്ക് പ്രത്യേക പ്രവര്‍ത്തന പാക്കേജ് വികസിപ്പിക്കണം. തീരദേശ നിവാസികളായ മുഴുവന്‍ കുട്ടികളും സ്‌കൂളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കണം. പഠന പിന്തുണയ്ക്കായി പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം. പ്രാദേശിക പ്രതിഭാകേന്ദ്രങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കണം. കുട്ടികള്‍ക്ക് മതിയായ പഠന പിന്തുണ ഈ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണം. ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഗോത്ര ഭാഷയില്‍ വിദ്യാഭ്യാസം ചെയ്യാന്‍ അവസരം നല്‍കുന്നതിനും പിന്തുണ ഉറപ്പാക്കുന്നതിനും മെന്റര്‍ ടീച്ചര്‍മാരെ നിയമിച്ചിരുന്നു. സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ മെന്റര്‍ ടീച്ചര്‍മാര്‍ സ്‌കൂളിലെത്തുമെന്ന് ഉറപ്പാക്കണം. കൂടുതല്‍ സ്‌കൂളുകളിലേക്ക് മെന്റര്‍ ടീച്ചര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കണമെന്നും എന്നിങ്ങനെ നീളുന്നു ഉന്നതതല യോഗത്തിലെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍. എന്തായാലും ഈ മുന്നൊരുക്കമൊക്കെ നന്നായി നടക്കുമെന്നും കുരുന്നുകൾക്ക് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാത്ത ഒരു അധ്യയന വർഷം ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം.