കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യവെ മലയാളി മോഡൽ നന്ദിതയോട് മോശമായി പെരുമാറുകയും ന​ഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത സംഭവം വലിയ വാർത്തയായിരുന്നു. മോശമായി പെരുമാറിയ യുവാവിനെതിരെ ശക്തമായി പ്രതികരിച്ച് ജയിലിലാക്കിയ സംഭവത്തിൽ യാത്രക്കാരിയായ നന്ദിതയും കണ്ടക്ടർ പ്രദീപും കേരള ജനതയുടെ കയ്യടി നേടുകയും ചെയ്തു.
സംഭവത്തിൽ യുവനടി നന്ദിതയുടെ ശക്തമായ പ്രതികരണത്തിനൊപ്പം കണ്ടക്ടർ പി പി പ്രദീപിന്‍റെ ഇടപെടലും ഏവരും എടുത്തുപറഞ്ഞാണ് അഭിനന്ദനം അറിയിച്ചത്.
എന്നാൽ മലയാളിയുടെ ഇത്തരം മോശം പെരുമാറ്റങ്ങൾക്ക് മാറ്റമുണ്ടാവില്ലെന്നു കാണിക്കുകയാണ് കണ്ണൂരിൽ നടന്ന സമാനമായ സംഭവം.
ഇത്തവണ കെ.എസ്.ആർ.ടി.സി ബസ് യാത്രക്കിടയിൽ തന്റെ ശരീരത്തിൽ കൈവച്ച 43 കാരനെ അഴിക്കുള്ളിലാക്കിയത് 24 കാരിയായ ഗവേഷക വിദ്യാർത്ഥിനിയാണ്.സംഭവത്തിൽ കണ്ണൂർ വെങ്ങാട് അസ്മാസ് ഹൗസിൽ നിസാമുദ്ദീനെ വളാഞ്ചേരി പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ സ്വദേശിനിയായ ഗവേഷക വിദ്യാർത്ഥിനി എറണാകുളത്തേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. ബസ് കോഴിക്കോട് കഴിഞ്ഞപ്പോഴാണ് യുവാവിന്‍റെ ശല്യം ശ്രദ്ധയില്‍പ്പെടുന്നത്. ഉറക്കത്തിലായതിനാല്‍ തന്നെ ആദ്യം എന്താണു സംഭവിക്കുന്നതെന്നു യുവതിക്കു മനസിലായില്ല. ഉരസലിനു പുറമെ കൈകൊണ്ടു തലോടലും കണ്ടതോടെ യുവതി ആദ്യം ഇയാളോടു കാര്യം പറഞ്ഞു. സംഭവം കണ്ടക്ടറോടും പറഞ്ഞതോടെ നിസാമുദ്ദീനെ അടുത്തുള്ള സീറ്റിലേക്ക് നീക്കിയിരുത്തുകയും ചെയ്തു. ഇനി ആവർത്തിക്കില്ലെന്നു പ്രതി മാപ്പുപറഞ്ഞതോടെ വീണ്ടും യാത്ര തുടരുകയായിരുന്നു. ഇതിനിടെ മനസ്സമാധാനം നഷ്ടപ്പെട്ട യുവതി ഉറങ്ങുന്നതുപോലെ അഭിനയിച്ചു. എന്നിട്ടും ഇയാൾ മോശം പെരുമാറ്റം തുടന്നതോടെ യുവതി എണീറ്റ് ശബ്ദമുണ്ടാക്കി വിവരം കണ്ടക്ടറെ അറിയിക്കുകയായിരുന്നു. തുടർന്ന് കണ്ടക്ടർ ഉടൻ തന്നെ എമർജൻസി നമ്പറായ 112ൽ വിളിച്ച് പരാതി നൽകി. ഞായറാഴ്ച രാത്രി 9.30നു കണ്ണൂരിലെ പള്ളിക്കുളത്തുനിന്നാണു പ്രതി നിസാമുദ്ദീൻ കെ.എസ്.ആർ.ടി.സിയിൽ കയറുന്നത്. കണ്ണൂരിലെ തന്നെ ചാലമാർക്കറ്റ് സ്റ്റോപ്പിൽ നിന്നാണ് യുവതിയും ബസിൽ കയറുന്നത്. റിസര്‍വ് ചെയ്ത സീറ്റിലാണ് യുവതി ഇരുന്നിരുന്നത്. മൂന്നുപേര്‍ക്ക് ഇരക്കാവുന്ന സീറ്റിലെ വീന്‍ഡോ സീറ്റായിരുന്നു യുവതിയുടേത്. യുവതിയുടെ അരികിലുള്ള മധ്യത്തിലെ സീറ്റായിരുന്നു പ്രതിയുടേത്. രാത്രി വൈകിയതോടെ യുവതി ഉറക്കത്തിലായിരുന്നു. പലപ്പോഴും കെ എസ് ആര്‍ ടി സിയില്‍ യാത്രചെയ്തിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു അനുഭവം ആദ്യമാണെന്നാണു യുവതി പറയുന്നത്.
പെൺകുട്ടിയുടെ പരാതിപ്രകാരം ബസ് കണ്ടക്ടറാണ് എമർജൻസി നമ്പറിൽ വിളിച്ച് പോലീസിനോട് പരാതി പറഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ വളാഞ്ചേരിയിൽ വെച്ച് ബസ്സ് തടഞ്ഞ് നിർത്തി പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
യുവതിയുടെ മൊഴിപ്രകാരം നിസാമുദ്ദീനെതിരെ സ്ത്രീകളെ പൊതുസ്ഥലത്ത് ശല്യംചെയ്തതിന് 364 വകുപ്പുപ്രകാരം കേസെടുത്തു. എന്നാല്‍ താന്‍ ഒന്നും ചെയ്തില്ലെന്നും യുവതിയുടെ തോന്നലാണിതെന്നുമാണ് പ്രതിയുടെ മൊഴി.