ചിറയിന്‍കീഴില്‍ 10–ാം ക്ലാസ് വിദ്യാർത്ഥിനി രാഖിശ്രീ തൂങ്ങിമരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത.സംഭവത്തിൽ പുളിമൂട് കടവ് സ്വദേശിയായ 28 വയസുള്ള അർജുൻ എന്ന യുവാവിനെതിരെ രാഖിശ്രീയുടെ പിതാവ് രംഗത്തെത്തിയിരുന്നു.അർജുൻ നാട്ടിലെ അറിയപ്പെടുന്ന ഡി.വൈ.എഫ്.ഐ നേതാവ് ആണെന്നും രാഖിശ്രീയുടെ പിതാവ് ആരോപിക്കുന്നുണ്ട്.
ആറ് മാസം മുന്നേ ഒരു ക്യാമ്പില്‍ വെച്ചാണ് രാഖിശ്രീ യുവാവിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇയാള്‍ രാഖിശ്രീക്ക് മൊബൈല്‍ ഫോണ്‍ സമ്മാനിച്ചു. ഇയാള്‍ നിരന്തരം മകളെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തിയിരുന്നെന്നും അടുത്തിടെ ബസ് സ്‌റ്റോപ്പില്‍ തടഞ്ഞു നിര്‍ത്തി രാഖിശ്രീയെ ഭീഷപ്പെടുത്തിയെന്നുമാണ് പിതാവ് ആരോപിക്കുന്നത്. പത്താം ക്ലാസ് കഴിഞ്ഞയുടൻ ഒപ്പം ഇറങ്ങി വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും രാഖിശ്രീയുടെ പിതാവ് പറയുന്നു. അർജുൻ ശല്യം ചെയ്യുന്ന കാര്യം രാഖിശ്രീ തന്നോട് പറഞ്ഞിരുന്നതായും, തുടർന്ന് യുവാവിന്റെ വീട്ടിൽ പോയി താൻ സംസാരിച്ചിരുന്നുവെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. തന്റെ മകൻ ഇനി പ്രശ്നമൊന്നും ഉണ്ടാക്കില്ല എന്ന് അർജുന്റെ വീട്ടുകാർ ഉറപ്പ് പറഞ്ഞിരുന്നതാണെന്നും അദ്ദേഹം പറയുന്നു.
എന്നാൽ പോലീസ് പറയുന്നത് ഇതിനു വിരുദ്ധമായ കാര്യങ്ങളാണ്. യുവാവ് രാഖിശ്രീയെ ഭീഷണിപ്പെടുത്തിയതിന് മതിയായ തെളിവുകൾ ഇല്ലെന്നാണ് പോലീസ് പറയുന്നത്.
യുവാവ് പെൺകുട്ടിക്ക് അയച്ച മൊബൈൽ സന്ദേശങ്ങളും നൽകിയ കത്തുകളും പരിശോധിച്ചതിൽ നിന്നും ഭീഷണിയുടെ സ്വഭാവം അവയിൽ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ മതിയായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ യുവാവിനെതിരെ കേസെടുക്കാൻ കഴിയുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്ന വിവരം.
മാത്രമല്ല രാഖിശ്രീയുടെ മാതാപിതാക്കളുടെ ആരോപണം യുവാവിന്റെ ബന്ധുക്കളും തള്ളിക്കളയുന്നതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഇരുവരും പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും ഈ ബന്ധത്തിൽ രാഖിശ്രീക്ക് എതിർപ്പ് ഇല്ലായിരുന്നുവെന്നും യുവാവിൻ്റെ അമ്മയും സഹോദരിയും പറയുന്നു. യഥാർത്ഥത്തിൽ ഈ ബന്ധത്തിൽ എതിർപ്പുണ്ടായിരുന്നത് രാഖിശ്രീയുടെ മാതാപിതാക്കൾക്കാണെന്നാണ് ഇവർ പറയുന്നു. അവർ പെൺകുട്ടിയെ ഇതു സംബന്ധിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്നും യുവാവിൻ്റെ ബന്ധുക്കൾ ആരോപിക്കുന്നു. ഇതിൽ മനംനൊന്താണ് രാഖിശ്രീ ആത്മഹത്യ ചെയ്തതെന്നാണ് അർജുന്റെ ബന്ധുക്കൾ പറയുന്നത്. ചിറയിന്‍കീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി രാഖിശ്രീ ആർ.എസ് (16) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. കൂന്തള്ളൂർ പനച്ചുവിളാകം രാജീവ് – ശ്രീവിദ്യ ദമ്പതികളുടെ മകളാണ് മരിച്ച രാഖിശ്രീ. കഴിഞ്ഞ ദിവസം പുറത്ത് വന്ന 10–ാം ക്ലാസ് പരീക്ഷാ ഫലത്തില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി തിളക്കമാർന്ന വിജയം നേടിയിരുന്നു.
ഈ കഴിഞ്ഞ ദിവസം പുറത്ത് വന്ന 10–ാം ക്ലാസ് പരീക്ഷാ ഫലത്തില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി കുടുംബത്തിന്റെ അഭിമാനമായി നിന്ന മകൾ പെട്ടെന്ന് ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് ബന്ധുക്കൾ. രാഖിശ്രീ ഉൾപ്പെടെ വിജയിച്ച കുട്ടികളെല്ലാം ഇന്നലെ സ്കൂളിൽ എത്തിയിരുന്നു. പിന്നീട് വൈകുന്നേരത്തോടെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.