Connect with us

Hi, what are you looking for?

Exclusive

എ ഐ ക്യാമറ വിവാദം കൊഴുക്കുന്നു

 
  
 
                      
 
 . 
                 
                    
  ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ക്യാമറ ഇടപാട് സംബന്ധിച്ച് ഉയർന്ന വിവാദത്തിൽ വിശദീകരണവുമായി ട്രോയ്‌സ് ഇൻഫോടെക് കമ്പനി. എസ്ആർഐടി, ഊരാളുങ്കൽ എന്നിവയുമായി ബന്ധമുണ്ടെന്ന് ട്രോയ്‌സ് എംഡി ടി. ജിതേഷ് വ്യക്തമാക്കി. ഊരാളുങ്കൽ-എസ്ആർഐടി സംയുക്ത കമ്പനിയുടെ ഡയറക്ടറായിരുന്നു. ഊരാളുങ്കലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ടെന്നും ജിതേഷ് പറയുന്നു. എസ്ആർഐടിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു. നിലവിൽ ഊരാളുങ്കലുമായോ സംയുക്ത കമ്പനിയുമായോ ബന്ധമില്ല. സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് എസ്ആർഐടിയുമായി സഹകരിക്കുന്നുണ്ടെന്നും എംഡി ജിതേഷ് വ്യക്തമാക്കി.

എസ്ആർഐടിയും ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായുള്ള ബന്ധമാണ് ട്രോയ്‌സ് സമ്മതിച്ചത്. ക്യാമറ പദ്ധതിയിൽ നേരിട്ടല്ലെങ്കിലും നിർണായക ഇടപെടൽ നടത്തിയ സ്വകാര്യ കമ്പനിയാണ് ടെക്‌നോപാർക്കിലെ ട്രോയ്‌സ് ഇൻഫോടെക്. എസ്ആർഐടിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും, ഊരാളുങ്കലും എസ്ആർഐടിയും ചേർന്ന് രൂപീകരിച്ച കൺസോർഷ്യത്തിന്റെ ഡയറക്ടറായും പ്രവർത്തിച്ചിരുന്നതായി ജിതേഷ് സമ്മതിച്ചു. 2018ൽ ട്രോയ്‌സ് കമ്പനി തുടങ്ങിയ ശേഷം മറ്റൊരു കമ്പനിയുമായും ബന്ധമില്ലെന്നും ജിതേഷ് വ്യക്തമാക്കി.

ഇതോടെ പദ്ധതിയുടെ ഉപകരാറുകൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന ആരോപണവും ഊരാളുങ്കൽ ബന്ധവും കൂടുതൽ ബലപ്പെടുകയാണ്. പദ്ധതി രേഖകൾ സുതാര്യമാക്കുമെന്ന വ്യവസായ മന്ത്രിയുടെ ഉറപ്പിനു പിന്നാലെ അഞ്ച് രേഖകൾ കെൽട്രോൺ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ടെൻഡർ ഡോക്യുമെന്റും എസ്ആർഐടിയുമായുള്ള കരാറും അവയിലുണ്ട്. എന്നാൽ മറ്റു സ്വകാര്യ കമ്പനികളുടെ ഇടപാടും ക്യാമറയുടെ വില വ്യക്തമാക്കുന്ന പർച്ചേസ് ഓർഡർ പോലുള്ള രേഖകളും പുറത്തുവിട്ടിട്ടില്ല.

അതേ സമയം എ ഐ കാമറ അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ബന്ധുക്കൾക്ക് പങ്കെന്ന് ആരോപണവും ഉയർന്നുകഴിഞ്ഞു. കരാർ, ഉപകരാർ കമ്പനികൾക്ക് മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കൾക്ക് ബന്ധമുണ്ടെന്നാണ് ആരോപണം ഉയരുന്നത്. കരാർ വ്യവസ്ഥ പ്രകാരം ടെണ്ടറിൽ പങ്കെടുക്കുന്ന കമ്പനി ഒരു നിർമ്മാണ കമ്പനിയാകണം. അല്ലെങ്കിൽ കമ്പനിയുടെ യഥാർഥ ഏജന്റ് ആണെന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം. കെൽട്രോണിൽ നിന്നും കരാർ ഏറ്റെടുത്ത എസ്.ആർ.ഐ.ടി എന്ന കമ്പനി മാനുഫാക്ച്വറോ ഏജന്റോ അല്ല.

അതിനാൽ ട്രോയ്‌സ്, മീഡിയാട്രോണിക്സ് എന്നീ കമ്പനികളുടെ സർട്ടിഫിക്കറ്റിന്റെ സഹായത്തോടെയാണ് കരാർ നേടിയത്. അതിൽ സാങ്കേതിക സഹായം നൽകുമെന്ന് എസ്.ആർ.ഐ.ടി അവകാശപ്പെട്ട കമ്പനിയാണ് ട്രോയ്‌സ്. ട്രോയ്‌സിന്റെ ഡയറക്ടർ ടി. ജിതേഷ് എസ്.ആർ.ഐ.ടിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. കെ. ഫോൺ പദ്ധതിയിലെ നടത്തിപ്പുകാരിൽ ഒരാളും ഇദ്ദേഹമാണ്.

സംസ്ഥാനത്തെ വിവിധ പദ്ധതി നടത്തിപ്പിലെ ഒളിഞ്ഞും തെളിഞ്ഞും പങ്കാളിയായ ഇദ്ദേഹത്തിന് സർക്കാരിൽ ഉന്നത സ്വാധീനമുണ്ട്. കെൽട്രോണും എസ്.ആർ.ഐ.ടിയുമായുള്ള കരാറിലെ സാക്ഷിയുമാണ് ഇദ്ദേഹം. എസ്.ആർ.ഐ.ടിക്കുവേണ്ടി കൺട്രോൾ റൂമുകളുടെ നിർമ്മാണം അടക്കം സിവിൽ വർക്കുകൾ ചെയ്ത പ്രസാഡിയോ ടെക്നോളജീസ് കമ്പനി ഉടമയും മുഖ്യമന്ത്രിയുടെ ബന്ധുവിന്റേതാണെന്ന ആരോപണമുണ്ട്. പ്രസാഡിയോയുടെ ഡയറക്ടർ രാംജിത്ത് നിരവധി തവണ ക്ലിഫ്ഹൗസിലെത്തിയിരുന്നു.

കെ.ടി.ഡി.സിയിൽ സെയിൽസ് ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. വിവാദം ഉയർന്നതിന് പിന്നാലെ പ്രസാഡിയോയുടെ വെബ്സൈറ്റ് തകരാറിലാണ്. പ്രസാഡിയോ ടെക്നോളജീസിന്റെ വെബ്സൈറ്റിൽ നിന്ന് മാനേജിങ് ഡയറക്ടറുടെയും ഡയറക്ടർമാരുടെയും ചിത്രങ്ങളും വിശദാംശങ്ങളും ഒഴിവാക്കി.

ഇതിന്റെ യഥാർഥ ഉടമസ്ഥനും മുഖ്യമന്ത്രിയുടെ അടുത്തബന്ധുവുമായ മറ്റൊരാൾ കെൽട്രോണുമായുള്ള ഓൺലൈൻ യോഗത്തിൽ പങ്കെടുത്തിരുന്നുവെന്ന് നേരത്തെ വാർത്ത വന്നിരുന്നു. എസ്.ആർ.ഐ.ടി കമ്പനിക്ക് കെ ഫോൺ, കേരള വൈഡ് ഏരിയ നെറ്റുവർക്ക് തുടങ്ങിയ സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഊരാളുങ്കലുമായും ഇവർക്ക് സംയോജിത പദ്ധതികളുണ്ട്. മുഖ്യമന്ത്രിയുമായി പദ്ധതി നടത്തിപ്പുകാർക്ക് ബന്ധമുള്ളതു കൊണ്ടാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടും ആറു തവണ ധനകാര്യവകുപ്പ് അനുമതി നിഷേധിച്ചിട്ടും പദ്ധതി ഉദ്ഘാടനം ചെയ്തതെന്നാണ് ആരോപണം ഉയരുന്നത്.

അതേസമയം, എഐ ക്യാമറ ഇടപാടിൽ എജിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് അടുത്തയാഴ്ച സമർപ്പിക്കും. വിശദമായ ഓഡിറ്റിന് ശുപാർശ ചെയ്താൽ എഐ ക്യാമറ ഇടപാട് അടക്കം കെൽട്രോൺ ഇടനിലക്കാരായ വൻകിട പദ്ധതികൾ എജി വിശദമായി പരിശോധിക്കും. വ്യവസായ വകുപ്പിന്റെ പരിശോധന റിപ്പോർട്ടും അടുത്തയാഴ്ച നൽകും. എഐ ക്യാമറയിൽ അഴിമതി ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതൽ എജിയുടെ ഓഡിറ്റ് സംഘം പ്രാഥമിക പരിശോധന തുടങ്ങിയത്.

പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. കെൽട്രോണിന്റെ ഉപകരാറിലൂടെ സർക്കാരിന് നഷ്ടമുണ്ടായിട്ടുണ്ടെന്ന വിലയിരുത്തലുണ്ടായാൽ കരാറിനെ കുറിച്ചുള്ള വിശദമായ ഓഡിറ്റിലേക്ക് എജി കടക്കും. പൊതുമേഖല സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ ഓരോ സാമ്പത്തിക വർഷവും പ്രത്യേക പരിശോധന നടത്താറുണ്ട്. എന്നാൽ എഐ ക്യാമറ ഇടപാട് വൻ വിവാദമായ പശ്ചാത്തലത്തിലാണ് ഇതിന് മാത്രമായി പരിശോധനക്ക് മുന്നംഗം സംഘത്തെ ചുമതലപ്പെടുത്തിയത്.
                   
  

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...