Connect with us

Hi, what are you looking for?

Exclusive

കണ്ണേ.. കരളേ ഉമ്മൻ ചാണ്ടി… ഞങ്ങടെ ഓമന നേതാവേ..!നെഞ്ചുപൊട്ടി കേരളം …

ആൾക്കൂട്ടത്തിന് നടുവിൽ എന്നും ജീവിച്ച ജനകീയ നേതാവിന് അന്ത്യയാത്രയിൽ ജന്മനാട്ടിൽ സ്നേഹക്കടലായി ഒഴുകിയെത്തിയ ജനസാഗരം വിടനൽകുന്നു. പൊതുദർശനത്തിനായി വിലാപയാത്ര തിരുനക്കര മൈതാനത്ത് എത്തി. 29 മണിക്കൂറും പിന്നിട്ടാണ് യാത്ര തിരുനക്കരയിലേക്ക് എത്തുന്നത്.

മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാർ, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം ജനസാഗരമാണ് തിരുനക്കര മൈതാനത്ത് പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിന്നത്. കോട്ടയം ഡിസിസി ഓഫിസിൽ വിലാപയാത്ര എത്തിയപ്പോൾ ജനലക്ഷങ്ങളാണ് അവിടേക്ക് ഒഴുകിയെത്തിയത്. ഉമ്മൻ ചാണ്ടിക്ക് അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയവരുടെ കടലായി അക്ഷരനഗരി മാറിക്കഴിഞ്ഞു. ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരചടങ്ങിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉച്ചയോടെ പുതുപ്പള്ളിയിലെത്തും. സംസ്‌കാര ചടങ്ങിൽ കർദിനാൾ മാർ ആലഞ്ചേരിയും പങ്കെടുക്കും.

കോട്ടയത്തിന്റെ മണ്ണിൽ തിരുനക്കരയിൽ വിലാപയാത്ര എത്തിയപ്പോൾ ഒരു പകലും ഒരു രാത്രിയും പിന്നിട്ട് നീണ്ട 29 മണിക്കൂറുകളോളം നീണ്ടു. മഴ ഇടയ്ക്ക് വന്നും പോയുമിരുന്നു. കുടചൂടിയും ചൂടാതെയും ഉമ്മൻ ചാണ്ടി നൽകിയ കരുതലിനെ ഓർത്ത് അവസാനമായി ഒരുനോക്ക് കണ്ട് യാത്രയാക്കാൻ എം.സി റോഡിന് ഇരുവശവും ജനസാഗരം കാത്തുനിന്ന മണിക്കൂറുകൾ.

തിരുനക്കരയിൽ വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ 2000 പൊലീസുകാരെയാണ് നിയമിച്ചിട്ടുള്ളത്. മൈതാനിയിൽ ആളുകളെ തങ്ങി നിൽക്കാൻ അനുവദിക്കില്ല. പ്രത്യേകമായി വരി നിന്ന് ആദരമർപ്പിച്ചു മടങ്ങാൻ ജനങ്ങൾക്ക് ചിട്ടയായ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഊണും ഉറക്കവുമറിയാതെ, വിശ്രമമില്ലാതെ, ജനങ്ങളാൽ ചുറ്റപ്പെട്ട്, ജനങ്ങൾക്കിടയിൽ ജീവിച്ച ഉമ്മൻ ചാണ്ടിക്ക് വിടനൽകാൻ അദ്ദേഹത്തിന്റെ പ്രിയജനവും വിശ്രമമറിയാതെ കാത്തുനിന്നു. 12 മണിക്കൂർ കൊണ്ട് ചരിത്രമുറങ്ങുന്ന കോട്ടയം തിരുനക്കരയുടെ മണ്ണിലെത്താമെന്ന് കണക്കുകൂട്ടിയ വിലാപയാത്ര എത്തിച്ചേർന്നത് 29 മണിക്കൂറോളം സമയമെടുത്താണ്. ഉമ്മൻ ചാണ്ടി ആരായിരുന്നു എന്നതിന് ജനങ്ങൾ നൽകിയ ബഹുമതിയായിരുന്നു വൈകാരികമായ ഈ യാത്രയയപ്പ്.

നിർണായക രാഷ്ട്രീയ പ്രഖ്യാപനങ്ങൾക്ക് വേദിയായിട്ടുള്ള കോട്ടയം തിരുനക്കര മൈതാനം വിലാപയാത്ര എത്തുന്നതിന് മണിക്കൂറുകൾ മുന്നെ ജനനിബിഡമായിരുന്നു. എല്ലാ രാഷ്ട്രീയപാർട്ടികളിലെ നേതാക്കളും ചലച്ചിത്ര താരങ്ങളും സമുദായനേതാക്കളും അടക്കം വൻജനാവലിയാണ് തിരുനക്കരയിലുള്ളത്.

തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ഇന്നലെ രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. അർധരാത്രി കഴിഞ്ഞിട്ടും കത്തിച്ച മെഴുകുതിരിയുമായി വഴിയോരത്ത് ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരുനോക്കുകാണാൻ കാത്തുനിന്നത്. അർധരാത്രിയിലും പുലർച്ചെയും ആൾക്കൂട്ടത്തിന് യാതൊരു കുറവും വന്നില്ല. പത്തനംതിട്ട പന്തളത്ത് വിലാപ യാത്ര എത്തുമ്പോൾ പുലർച്ചെ രണ്ട് മണിയോടടുത്തു.

കുട്ടികളുൾപ്പെടെയുള്ളവരാണ് ഇവിടെ കാത്തുനിന്നത്. തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊല്ലം ജില്ലയിൽ പ്രവേശിച്ച യാത്ര, രാത്രി എട്ടരയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്കു കടന്നത്. ഇന്നലെ രാവിലെ രാവിലെ 7.15 നായിരുന്നു ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നുള്ള ഇറക്കം. വിലാപയാത്ര തിരുവനന്തപുരം നഗരത്തിനു പുറത്തു കടക്കാൻ മണിക്കൂറുകളെടുത്തു. 3.20 നു കൊല്ലം ജില്ലയിൽ കടന്നപ്പോൾ നിലമേലിൽ വൻജനക്കൂട്ടം വരവേറ്റു.

കൊട്ടാരക്കരയിൽ ചൊവ്വാഴ്ച മുതൽ സർവമത പ്രാർത്ഥനയുമായി കാത്തിരുന്ന നാട്ടുകാർ വിലാപയാത്രയെത്തിയപ്പോൾ വാഹനം പൊതിഞ്ഞു. പൂഴിവാരിയിട്ടാൽ നിലത്തുവീഴാത്തത്ര തിരക്ക്. പത്തനംതിട്ട ജില്ലയിൽ കടന്നത് രാത്രി ഒൻപതോടെ. 11.30ന് അടൂരിലും പുലർച്ചെ രണ്ടു മണിയോടെ പന്തളത്തും എത്തിയപ്പോൾ വാഹനങ്ങൾക്കു നീങ്ങാൻ കഴിയാത്ത വിധം ആൾക്കൂട്ടം. ആലപ്പുഴ ജില്ലയിലെ കുളനടയിലെത്തിയപ്പോൾ സമയം രണ്ടര. മൂന്നു മണിയോടെ ചെങ്ങന്നൂരിലെത്തുമ്പോൾ ഉമ്മൻ ചാണ്ടിയെ അവസാനമായൊന്നു കാണാൻ ആളുകൾ തിരക്കുകൂട്ടി. തിരുവല്ലയിൽ വച്ചു വീണ്ടും പത്തനംതിട്ട ജില്ലയുടെ അന്ത്യാഞ്ജലി. നഗരം അപ്പാടെ സ്തംഭിപ്പിച്ച ജനാവലി. കോട്ടയം ജില്ലയിലേക്കു കടന്നപ്പോൾ ജനസമുദ്രം.

പുതുപ്പള്ളിയിലെ വീട്ടിലും സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലും പൊതുദർശനം. തുടർന്നു വലിയപള്ളി സെമിത്തേരിയിൽ പ്രത്യേക കബറിടത്തിൽ 3.30നു സംസ്‌കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. രാഹുൽ ഗാന്ധി അടക്കമുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും രണ്ടു ഘട്ടമായാണ് പൊതുദർശനം. വള്ളക്കാൽ വീട്ടിലേക്ക് ആദ്യം കൊണ്ടുപോകും. അതിനു ശേഷമായിരിക്കും രണ്ടാമത്തെ പൊതുദർശനം ഉണ്ടാവുക.

രാഷ്ട്രീയ കേരളം കരുതിയതിലും ഏറെ ആഴത്തിൽ ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നിരുന്നുവെന്ന് വ്യക്തമാകുന്നതാണ് വിലാപയാത്ര. കാരുണ്യത്തിന്റേയും മനുഷ്യസ്‌നേഹത്തിന്റേയും ആൾരൂപമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് സുഹൃത്തും സഹപാഠിയും സഹപ്രവർത്തകനുമായ കെസി ജോസഫ് കോളേജ് പഠനകാലം മുതലുള്ള സൗഹൃദം ഓർത്തെടുത്ത് പറഞ്ഞു. എൻഎസ്എസുമായുള്ള ഉമ്മൻ ചാണ്ടിയുടെ ബന്ധം ഏറെ ദൃഢമായിരുന്നുവെന്ന് പെരുന്നയിൽ വച്ച് ജി സുകുമാരൻ നായർ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...