ഇത് കടൽ ഇളകി വന്നിട്ടും പരിഹരിച്ചിട്ടുള്ള പാർട്ടിയാണെന്നു കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ.
സംയുക്ത ഗ്രൂപ്പ് യോഗം ചേർന്നോ ഇല്ലയോ എന്ന് തനിക്ക് അറിയില്ല കൊടുങ്കാറ്റ് വീശിയിട്ടും ഒന്നും സംഭവിച്ചിട്ടില്ല, എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും പരിഹരിക്കുമെന്നും കെ സുധാകരൻ പ്രതികരിച്ചു. കുറച്ചുമുൻപാണ് കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് എ, ഐ ഗ്രൂപ്പ് നേതാക്കൾ തിരുവനന്തപുരത്ത് സംയുക്ത യോഗം ചേർന്നത്.
തനിക്ക് ഉത്തരവാദിത്തമുണ്ട് എന്ന് സുധാകരൻ പറഞ്ഞു. എല്ലാവരുമായി കൂടിയാലോചന നടത്തിയാണ് പുനസംഘടന. 85% പേരെയും അങ്ങനെയാണ് തീരുമാനിച്ചത്. ചർച്ച നടത്തിയില്ല എന്ന് പറയുന്നത് ശുദ്ധ നുണയാണ്. എംഎം ഹസനെയെയും രമേശ് ചെന്നിത്തലയെയും ഇന്ന് കാണും. പ്രതിപക്ഷ നേതാവ് ഒരു പാതകവും ചെയ്തിട്ടില്ല. ഇതുപോലെ ചർച്ച നടത്തിയ മറ്റൊരു പുനസംഘടന കോൺഗ്രസ് ചരിത്രത്തിൽ ഉണ്ടായിട്ടില്ല. പാർട്ടിയിൽ വനിതാ പ്രാതിനിധ്യം ഉണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് മാധ്യമങ്ങൾ കൊട്ടിഘോഷിക്കേണ്ട എന്നും അദ്ദേഹം പ്രതികരിച്ചു.
ഗ്രൂപ്പ് യോഗം പാടില്ലെന്ന ഉത്തരവ് ലംഘിച്ചാണ് എ, ഐ ഗ്രൂപ്പ് നേതാക്കൾ തിരുവനന്തപുരത്ത് യോഗം ചേർന്നത്. വി.ഡി. സതീശൻ്റെ ഏകപക്ഷീയ തീരുമാനങ്ങൾക്ക് എതിരെ യോജിച്ചു നീങ്ങാൻ ഗ്രൂപ്പുകൾ തീരുമാനിച്ചിരിക്കുകയാണ്. രമേശ് ചെന്നിത്തല, എംകെ രാഘവൻ, എംഎം ഹസൻ, കെസി ജോസഫ്, ബെന്നി ബഹനാൻ, ജോസഫ് വാഴക്കൻ എന്നിവർ പങ്കെടുത്തു.