രണ്ടു വിവാദങ്ങളിൽ എയറിൽ കയറി നിൽക്കുകയാണ് സി പി എം. കെ വിദ്യയുടെ വ്യാജരേഖ ചമയ്ക്കലും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ മാർക്ക് തിരിമറിയും. ഇതിനെതിരെ ചിറ്റപ്പൻ ഇ പി ജയരാജൻ ഉൾപ്പെടെയുള്ളവർ ക്യാപ്സ്യൂളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ കൂടുതൽ തള്ളിപ്പറയലുകൾ ഉണ്ടായത് വിദ്യയുടെ വ്യാജ രേഖ ചമയ്ക്കലിന് എതിരെയുള്ള സംഭവത്തിലാണ്. ആരും ആർഷോയെ വേണ്ടത്ര പരിഗണിച്ചില്ല എന്നൊരു സംസാരവും പരക്കെ ഉണ്ടായി. എന്നാൽ വിദ്യയ്ക്ക് വേണ്ടിയുള്ള മുറവിളികൾക്കിടയിൽ ആർഷോയ്ക്ക് വേണ്ടി ഉയർന്ന നിലവിളി ശബ്ദങ്ങൾ മുങ്ങിപ്പോയി എന്നതാണ് വാസ്തവം. അത് പരിഹരിക്കാൻ ഇപ്പോൾ എം പിയായ എ എ റഹിം രംഗത്തെത്തിയിരിക്കുകയാണ്.
ആർഷോയ്ക്ക് എതിരായ വാർത്ത സമീപകാലത്ത് മലയാളി കണ്ട ഏറ്റവും വലിയ വ്യാജ വർത്തയാണെന്നാണ് എ.എ റഹീം പറയുന്നത്. ആരോപണം നേരിടുന്ന ആളിന്റെ ആ വാദം ശരിയാണോ എന്ന് ക്രോസ്ചെക്ക് ചെയ്യേണ്ടത് വാര്‍ത്ത കൊടുത്ത മാധ്യമ പ്രവര്‍ത്തകന്‍ കാണിക്കേണ്ട മിനിമം മര്യാദയായിരുന്നു.
പകരം കള്ള വാര്‍ത്ത ബ്രേക്കിങ് ന്യൂസും രാത്രി ചര്‍ച്ചയുമൊക്കെയായി ആളിക്കത്തിച്ചു. എസ്‌എഫ്‌ഐയെയും അതിന്റെ സെക്രട്ടറിയേയും പൊതുബോധത്തില്‍ മോശക്കാരായി ചിത്രീകരിക്കാനുള്ള രാഷ്ട്രീയ താല്പര്യത്തോടെയുള്ള ഗൂഢാലോചന ഇതില്‍ പകല്‍ പോലെ വ്യക്തമാണെന്നും ഇതിന് മുന്‍പ് ഇത്തരത്തില്‍ മാധ്യമ വിചാരണയ്ക്കിരയായ ഓമനക്കുട്ടന്‍ നമുക്ക് മുന്നില്‍ ഇപ്പോഴും ജീവിക്കുന്നുണ്ടെന്നും റഹീം ഫേസ്ബുക്കില്‍ കുറിച്ചു.
ഇത് യാദൃശ്ചികമല്ല.ആസൂത്രിതമാണ്. എസ്എഫ്ഐയെയും അതിന്റെ സെക്രട്ടറിയേയും പൊതുബോധത്തിൽ മോശക്കാരായി ചിത്രീകരിക്കാനുള്ള രാഷ്ട്രീയ താല്പര്യത്തോടെയുള്ള ഗൂഢാലോചന ഇതിൽ പകൽ പോലെ വ്യക്തമാണെന്നും റഹിം പറയുന്നു. മാത്രമല്ല കള്ളനെന്നു വിളിക്കപ്പെട്ട ഓമനക്കുട്ടനെയും കുറിച്ച് പോസ്റ്റിൽ പറയുന്നുണ്ട്.
ഓമനക്കുട്ടൻ നമുക്ക് മുന്നിൽ ഇപ്പോഴും ജീവനോടെയുണ്ട്.നിഷ്‌ക്കളങ്കനായ ഒരാളെ കള്ളനെന്ന് വിളിച്ചു. ആ മണിക്കൂറുകളിൽ അയാളും കുടുംബാംഗങ്ങളും അനുഭവിച്ച കടുത്ത മാനസിക വേദന എത്രമാത്രമായിരുന്നു എന്നാലോചിച്ചു നോക്കൂ. യഥാർത്ഥത്തിൽ ആർഷോ, മാർക്ക് തട്ടിപ്പ് നടത്തിയിട്ടില്ല. ഓമനക്കുട്ടൻ കള്ളനുമല്ല.എന്നാൽ ഈ വാർത്തകൾ കൊടുത്ത മാധ്യമ പ്രവർത്തകർ കാണിച്ചത് കള്ളത്തരവും തട്ടിപ്പുമാണ്.ഓമനക്കുട്ടനെതിരായ വാർത്തയിൽ ഏഷ്യാനെറ്റ് ഒഴികെ മറ്റെല്ലാ ദൃശ്യ മാധ്യമങ്ങളും പിന്നീട് ക്ഷമ ചോദിച്ചിരുന്നു. ആർഷോയുടെ വാദമാണ് ശരി എന്നും മാർക്ക് തിരിമറി എന്ന വാർത്ത തെറ്റാണെന്നും വാർത്ത കൊടുത്ത മാധ്യമങ്ങൾ തന്നെ ഇന്നലെ പറയുകയും ചെയ്തു.
മാധ്യമ സ്ഥാപനങ്ങൾക്ക് ധാർമികത എന്നൊന്ന് വേണ്ടെന്നാണോ?ഓമനക്കുട്ടനെതിരെ വ്യാജ വാർത്ത കൊടുത്ത മാധ്യമ പ്രവർത്തകർക്കെതിരെ ആ മാധ്യമ സ്ഥാപനങ്ങളിൽ നടപടിയുണ്ടായാതായി അറിയില്ല. ആർഷോയ്ക്ക് എതിരെ കള്ള വാർത്ത കൊടുത്ത മാധ്യമ പ്രവർത്തകർക്കെതിരെ ഓരോ മാധ്യമ സ്ഥാപനവും എടുത്തതോ എടുക്കാൻ പോകുന്നതോ ആയ നടപടി എന്തായിരിക്കും?
തെറ്റ് ചെയ്യുന്ന ആൾ എന്ത് നടപടിയ്ക്കാണ് വിധേയമാകുന്നത് എന്ന ചോദ്യം വളരെ പ്രസക്തമാണ്.
ഉദാഹരണത്തിന് ആർഷോയ്‌ക്കെതിരായ വാർത്ത ശരിയാണെന്നും അയാൾ മാർക്ക് തട്ടിപ്പ് നടത്തിയിരുന്നു എന്നും കരുതുക.. ആർഷോയ്‌ക്കെതിരെ കോളേജ്‌,സർവകലാശാല നടപടികൾ വന്നേനെ.ഇതിനകം പോലീസ് കേസ് രജിസ്റ്റർ ചെയ്തേനെ.എസ്എഫ്ഐ അയാളെ സംഘടനയിൽ നിന്നും പുറത്താക്കുകയും ചെയ്യുമായിരുന്നു.
എന്നാൽ,മാധ്യമ പ്രവർത്തകർ ചെയ്യുന്ന ഈ കൊടും കുറ്റത്തിന് എന്തുകൊണ്ടാണ് നടപടികൾ ഉണ്ടാകാത്തത്. ഭരണഘടന,ഏതൊരു പൗരനും നൽകിയിരിക്കുന്ന ഫ്രീഡം ഓഫ് സ്പീച്ച് ആൻഡ് എക്സ്പ്രെഷൻ എന്ന അവകാശത്തിൽ കവിഞ്ഞു മറ്റൊന്നും ഈ മാധ്യമങ്ങൾക്ക് നൽകിയിട്ടില്ല.
വാർത്തകൾ കൊടുക്കുമ്പോൾ എന്തോ സവിശേഷമായ അധികാരം തങ്ങൾക്കുണ്ടെന്ന ഒരു തെറ്റായ ധാരണയും ഒരു മാധ്യമ പ്രവർത്തകനും വേണ്ട.നിങ്ങളുടെ വാർത്തകളിൽ അങ്ങേയറ്റത്തെ ഉത്തരവാദിത്വം നിങ്ങൾക്കുണ്ടാകണം.മറുഭാഗം കേൾക്കണം കേൾപ്പിക്കണം ക്രോസ്‌ചെക്ക് ചെയ്ത് ശരി ജനങ്ങളെ അറിയിക്കണം.വാർത്തകളിൽ അങ്ങേയറ്റത്തെ ഉത്തരവാദിത്വം കാണിക്കണം.നിങ്ങളൊഴികെ,മറ്റെല്ലാവരും ചാഞ്ഞു നിൽക്കുന്ന പാഴ്മരം മാത്രമാണെന്ന് കരുതരുത്.
ഓമനക്കുട്ടൻ മുതൽ ആർഷോ വരെ എല്ലാവർക്കും വ്യക്തിത്വവും അഭിമാനവുമുണ്ട്.അഭിമാനത്തോടെ ജീവിക്കാൻ ഭരണഘടന ഓരോ പൗരനും നൽകുന്ന ഉറപ്പ് വളരെ അമൂല്യമായതാണ്.അനർഘമായ ആ അവകാശത്തിനുമേൽ കടന്നുകയറാൻ ഒരാൾക്കും അവകാശമില്ല.
എന്തായാലും റഹിമിന് ന്യായീകരിക്കാതെ തരമില്ല കാരണം സ്​കോൾ കേരള നിയമന വിവാദത്തിൽ എ.എ റഹീമിന്റെ സഹോദരിയുടെ പേര് പുറത്തുവന്നിട്ടും പാർട്ടിക്കും സഖാവിനും അത് ന്യായീകരിക്കാൻ ഒരു മടിയും ഉണ്ടായിരുന്നില്ല. റഹീമിന്റെ സഹോദരിയായ ഷീജ ഉൾപ്പടെ ഒരാൾ പോലും സ്​കോൾ കേരളയിൽ തുടർച്ചയായി 10 വർഷം ജോലി ചെയ്​തിട്ടില്ല. എന്നാൽ ഇവർക്കെല്ലാം ​ജോലി ലഭിച്ചു. നിയമിക്കപ്പെട്ട ആർക്കും 10 വർഷം തുടർച്ചയായി സർവീസ് ഉണ്ടായിരുന്നില്ല. 2008-ൽ ജോലിയിൽ പ്രവേശിച്ചവരെ 2013-ൽ യുഡിഎഫ്​ സർക്കാർ പിരിച്ചുവിട്ടിരുന്നു. ഇവർ 2014-ലാണ്​ വീണ്ടും ജോലിക്ക്​ കയറിയത്​. ഷീജയേക്കാൾ എട്ടുവർഷം സീനിയോറിറ്റിയുള്ളവർ പോലും നിയമനപ്പട്ടികയിൽ ഇടംനേടിയിരുന്നില്ല. സീനിയോറിറ്റിയുള്ളവരെ മറികടന്നാണ്​ പാർട്ടി ബന്ധമുള്ളവരെ സ്​കോൾ കേരളയിൽ നിയമിച്ചത്. 2000, 2001 വർഷങ്ങളിൽ നിയമിതരായവരെ തഴഞ്ഞാണ്​ 2008-ൽ ജോലിക്ക്​ കയറിയവരെ നിയമിച്ചതും. 10 വർഷം തുടർച്ചയായി ജോലി ചെയ്​തവരെയും മറ്റ്​ ജോലികൾക്ക്​ പോകാൻ സാധിക്കാത്തവരെയുമാണ്​ സ്ഥിരപ്പെടുത്തിയതെന്നായിരുന്നു അന്ന് ഡിവൈഎഫ്​ഐ സംസ്​ഥാന സെക്രട്ടറിയായിരുന്ന റഹീം ന്യായീകരിച്ചത്​.
എന്തായാലും റഹീമിന്റെ പോസ്റ്റിലൂടെ ഓമനക്കുട്ടനും ആർഷോക്കുട്ടനും വിദ്യാമോളും വിശുദ്ധവൽക്കരിക്കപ്പെടുമെന്നു നമ്മുക്ക് പ്രതീക്ഷിക്കാം.