മാവേലിക്കര പുന്നമൂട്ടിൽ അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ ആറു വയസുള്ള നക്ഷത്രയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. നക്ഷത്രയുടെ കഴുത്തിന്റെ വലതുഭാഗത്താണ് മഴു കൊണ്ടുള്ള വെട്ടേറ്റത്. വെട്ടേറ്റ ശ്രീമഹേഷിന്റെ അമ്മ സുനന്ദ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെയാണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ നക്ഷത്രയെ സ്വന്തം അച്ഛൻ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. നക്ഷത്രയുടെ സംസ്കാരം പോസ്റ്റ്മോർട്ടത്തിനുശേഷം പത്തിയൂരിൽ അമ്മ വിദ്യയുടെ വീട്ടുവളപ്പിൽ നടക്കും.
വൈകിട്ട് ഏഴരയ്ക്കാണ് സംഭവമുണ്ടായത്. ബഹളം കേട്ട് തൊട്ടടുത്ത വീട്ടിൽ നിന്ന് അമ്മ സുനന്ദ ഓടിയെത്തിയപ്പോൾ കണ്ടത് വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെയും പിന്തുടർന്നെത്തിയ ശ്രീമഹേഷ് ആക്രമിച്ചു. സുനന്ദയുടെ (62) കൈയ്ക്ക് വെട്ടേറ്റിട്ടുണ്ട്.
ശ്രീമഹേഷ് പൊലീസ് കസ്റ്റഡിയിലും അക്രമാസക്തനാണ് എന്നാണ് വിവരം. ഇയാൾ മയക്കുമരുന്നിനു അടിമയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇയാൾ മദ്യലഹരിയിൽ ആണ് നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് വിവരം.
വൈകുന്നേരം ജങ്ഷനിലെത്തി മടങ്ങിയ ശ്രീമഹേഷിന്റേത് ക്രുദ്ധമുഖഭാവമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. കൃത്യംകഴിഞ്ഞ് മഴുവുമായി വീടിനു മുന്നിലെ റോഡിൽ നിലയുറപ്പിച്ച ശ്രീമഹേഷിൽനിന്ന് ആക്രമണം ഭയന്ന് പലരും ഒഴിഞ്ഞുമാറിപ്പോകുകയായിരുന്നു. വിവരമറിഞ്ഞ് വൻപൊലീസ് സംഘം എത്തിയാണ് കൈക്കു വെട്ടേറ്റ സുനന്ദയെയും ആക്രമണഭീഷണിയുമായി നിലയുറപ്പിച്ചിരുന്ന ശ്രീമഹേഷിനെയും ആശുപത്രിയിലേക്കു മാറ്റിയത്.
നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവർഷംമുൻപ് ആത്മഹത്യ ചെയ്തിരുന്നു. അതിനുശേഷം ശ്രീമഹേഷും മകളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ശ്രീമഹേഷ് വിദേശത്തായിരുന്നു. അച്ഛൻ ശ്രീമുകുന്ദൻ തീവണ്ടിതട്ടി മരിച്ചതിനുശേഷമാണു നാട്ടിലെത്തിയത്. ശ്രീമഹേഷിന്റെ രണ്ടാംവിവാഹം പൊലീസ് ഉദ്യോഗസ്ഥയുമായി ഉറപ്പിച്ചിരുന്നു.
എന്നാൽ, ഇയാളുടെ സ്വഭാവ വൈകൃതത്തെക്കുറിച്ചറിഞ്ഞ പെൺവീട്ടുകാർ അതിൽനിന്നു പിന്മാറിയിരുന്നു. അതിനുശേഷം ശല്യം തുടർന്നതോടെ ശ്രീമഹേഷിനെതിരേ പൊലീസ് കേസെടുത്തിരുന്നു. മുള്ളിക്കുളങ്ങര ഗവ. എൽ.പി.എസ്. ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് നക്ഷത്ര. മാവേലിക്കര പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ആറുവയസ്സുകാരി സ്വന്തം അച്ഛന്റെ കൈകളാൽ വെട്ടേറ്റുമരിച്ച വാർത്തയറിഞ്ഞ് പുന്നമൂട് ഗ്രാമം നടുങ്ങിയിരിക്കയാണ്. ഈ ദാരുണ സംഭവം അറിഞ്ഞു കനത്ത മഴയെ വകവെക്കാതെ ആയിരക്കണക്കിന് ജനങ്ങളാണ് പുന്നമൂട് ജങ്ഷനു കിഴക്കുള്ള ആനക്കൂട്ടിൽ വീട്ടിലേക്ക് ഒഴുകിയെത്തിയത്. വീടിന്റെ സിറ്റൗട്ടിലെ സോഫയിൽ ഒരുവശം ചരിഞ്ഞുകിടക്കുന്ന ചേതനയറ്റ ശരീരം കണ്ട സ്ത്രീകളെല്ലാം വാവിട്ടു നിലവിളിക്കുകയായിരുന്നു.
പോലീസ് വീടു സീൽ ചെയ്തിട്ടുണ്ട്. മെഡിക്കൽ പരിശോധനയ്ക്കുശേഷം മാവേലിക്കര ജില്ലാ ആശുപത്രിയിൽനിന്ന് ശ്രീമഹേഷിനെ പൊലീസ് ജീപ്പിലേക്കു കയറ്റാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ തടയാൻ ശ്രമിച്ചിരുന്നു.