
ദുബൈയിൽ മരിച്ച ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്റെ മൃതദേഹം പെൺസുഹൃത്തിനു ഭാര്യയും ബന്ധുക്കളും വിട്ടു നൽകി. ഇതോടെ മൃതദേഹം ഏറ്റുവാങ്ങി സംസ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിച്ചു. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ജയകുമാറിന്റെ അമ്മയും ഭാര്യയും ഒപ്പിട്ടു. മൃതദേഹം എറണാകുളത്തെത്തിച്ച് പൊതുശ്മശാനത്തിൽ സംസ്‌കരിക്കുമെന്നാണ് വിവരം. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയ സഫിയയ്ക്ക് മൃതദേഹം വിട്ടുനൽകാൻ ജയകുമാറിന്റെ ബന്ധുക്കൾ തയാറായതോടെയാണ് അനിശ്ചിതത്വം ഒഴിയുന്നത്. തന്നെ ഉപേക്ഷിച്ചു പോയ ഭർത്താവിന്റെ മൃതദേഹവും വേണ്ടെന്ന നിലപാടിലായിരുന്നു ഭാര്യ. ദുബായിലെ നടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച പുലർച്ചെ 2.45ഓടെയാണ് ജയകുമാറിന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്.
നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ രാവിലെ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയ സുഹൃത്തുക്കൾ സംസ്കരിക്കാനായി കാത്തിരിക്കേണ്ടി വന്നത് എട്ടു മണിക്കൂറിലധികമാണ്. മൃതദേഹം സംസ്‌കരിക്കുന്നതിന് പൊലീസിന്റെ എൻഒസി ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതിനായി മൃതദേഹവുമായി സുഹൃത്തുക്കൾ ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ അഞ്ച് മണിക്കൂറിലധികം കാത്തിരിക്കേണ്ട അവസ്ഥയായി. ആലുവയുമായി ബന്ധമൊന്നുമില്ലാത്ത ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം സംസ്‌കരിക്കാൻ എൻഒസി നൽകുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ആലുവ പൊലീസ് എൻഒസി നൽകുന്നതിൽ തടസം ഉന്നയിച്ചു. ഇതേത്തുടർന്നാണ് മൃതദേഹവുമായി സുഹൃത്തുക്കൾ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലേക്കു പോയത്. ഇവിടെ നടത്തിയ മധ്യസ്ഥ ചർച്ചയിലാണ് മൃതദേഹം സംസ്കരിക്കാനുള്ള എൻ ഓ സി ലഭിച്ചത്.
വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിലനിൽക്കുന്നതിനാലാണെന്നു ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ കുടുംബം വിസമ്മതിച്ചതെന്നാണ് വിവരം. ഭാര്യയുമായി അകൽച്ചയിലായിരുന്ന ജയകുമാർ കഴിഞ്ഞ നാലു വർഷമായി ലക്ഷദ്വീപ് സ്വദേശിയായ സഫിയയ്ക്കൊപ്പമാണ് ജീവിച്ചിരുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സഫിയയാണ് ഏറ്റുവാങ്ങിയത്.
ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ മൃതദേഹം എത്തിച്ചതിനു പിന്നാലെ പൊലീസിന്റെ മധ്യസ്ഥതയിൽ ചർച്ചയിലും മൃതദേഹത്തിനൊപ്പം എത്തിയവരെ അറിയില്ലെന്നും എങ്ങനെയാണ് ജയകുമാർ മരിച്ചതെന്ന് വ്യക്തമല്ലെന്നുമുള്ള നിലപാടാണ് ബന്ധുക്കൾ സ്വീകരിച്ചത്. അഞ്ചു വർഷത്തോളമായി ജയകുമാറുമായി യാതൊരു അടുപ്പവുമില്ലെന്നും മൃതദേഹത്തിനൊപ്പം വന്നവർ തന്നെ സംസ്‌കാര ചടങ്ങുകൾ നടത്തുന്നതാണു നല്ലതെന്നും ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.
ഈ മാസം 19ന് ദുബായിൽവച്ചാണ് ഏറ്റുമാനൂർ സ്വദേശി ജയകുമാർ ജീവനൊടുക്കിയത്. ഈ സാഹചര്യത്തിൽ പൊലീസിന്റെ എൻഒസി ലഭിക്കാതെ സുഹൃത്തുക്കൾക്ക് മൃതദേഹം സംസ്‌കരിക്കാനും നിർവാഹമില്ലായിരുന്നു. തുടർന്നാണ് പൊലീസ് കുടുംബവുമായി സംസാരിച്ച് മൃതദേഹം എറണാകുളത്തേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചത്. മൃതദേഹം ആലുവയിൽ സംസ്‌കരിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, ഇതിന് പൊലീസിന്റെ എൻഒസി വേണമെന്ന് പിന്നീടാണ് മനസ്സിലായത്. വിദേശത്തുവച്ച് മരിച്ചയാളുടെ മൃതദേഹം കുടുംബം ഏറ്റെടുക്കാൻ തയാറാകാത്ത സാഹചര്യത്തിൽ ആലുവയിൽ സംസ്‌കരിക്കുന്നതിലെ നിയമപ്രശ്‌നങ്ങൾ നിമിത്തമാണ് പൊലീസിന്റെ എൻഒസി വേണമെന്ന് അധികൃതർ നിഷ്‌കർഷിച്ചത്.ഇതിനായി ആലുവ പൊലീസിനെ സമീപിച്ചെങ്കിലും നടപടികൾ വൈകി. ഇതോടെ അഞ്ച് മണിക്കൂറോളമാണ് പൊലീസ് സ്റ്റേഷനു പുറത്ത് കാത്തുനിൽക്കേണ്ടി വന്നത്.