തനിക്കെതിരെ ലൈംഗീകാരോപണം നേരിടുന്നതിനിടയിലും പോക്സോ കേസ് ദുരുപയോഗം ചെയ്യുന്നെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിംഗ്. പോക്‌സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ്. അതുകൊണ്ട് നിയമത്തിൽ മാറ്റം കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിയ്ക്കും എന്നാണ് സിങ് ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ നടന്ന ഒരു യോഗത്തിൽ തള്ളി മറിച്ചിരിക്കുന്നത്. പിന്നെ ഒരു കാര്യം കൂടി ഈ ഗുണ്ടാ നേതാവ് തുറന്നു പറഞ്ഞിട്ടുണ്ട് അതിങ്ങനെയാണ് താനും പോക്സോ കേസിൽ പ്രതിയാണ് എന്നതാണ്. ഇതൊന്നും പോരാതെ കുട്ടികൾക്കും മുതിർന്നവർക്കും ഋഷിമാര്‍ക്കുമെതിരെ പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും പറയുന്നു. ഒറ്റ വാക്കിൽ കേന്ദ്രം തന്റെ നിർദേശം കൈക്കൊണ്ടില്ലെങ്കിൽ നിർബന്ധിക്കുമെന്നും ഇയാൾ പറയുന്നു.
അല്ല ഇതൊക്കെ ആരാ പറയുന്നതെന്ന് ആലോചിക്കണം. സാക്ഷാൽ ബ്രിജ്‌ഭൂഷൺ സിംഗ്. ഇയാൾക്കെതിരെ ലൈംഗീകാരോപണക്കേസിൽ നടപടിയും ഡബ്ല്യുഎഫ്‌ഐ തലവനെന്ന സ്ഥാനത്ത് നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് ഏപ്രിൽ 23 മുതൽ ഡൽഹിയിലെ ജന്തർമന്തറിൽ സമരത്തിലാണ്. പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തെ ഉൾപ്പെടെ പീഡിപ്പിച്ചുവെന്നാണ്‌ ആരോപണം. അപ്പോൾ മുകളിൽ സൂചിപ്പിച്ച കാര്യം കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിയും നടപ്പാക്കുമെന്ന് പറഞ്ഞത് എന്തിനാണെന്ന് ജനത്തിന് മനസിലായിക്കാണുമെന്നു കരുതുന്നു.
ഇനിയിപ്പോ കേന്ദ്രം ബ്രിജ്‌ഭൂഷന്റെ ആവശ്യം അംഗീകരിക്കില്ല എന്നൊന്നും പറയാനുമാകില്ല. കാരണം അറിയാമല്ലോ പത്ത് വര്‍ഷത്തിലധികമായി ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റാണ് സിംഗ്. ഈ സ്ഥാനം ബി ജെ പി അറിഞ്ഞു കൊടുത്തത് ആണെന്നതിൽ തർക്കമില്ല. ബിജെപിയുടെ തുറുപ്പ് ചീട്ടായ അയോധ്യയടക്കമുള്ള സ്ഥലങ്ങളില്‍ ബ്രിജ് ഭൂഷണ് വലിയ പിന്തുണയാണുള്ളത്. രാമജന്മഭൂമി സമരത്തിന്റെ മുന്‍നിര നായകന്‍, ജയില്‍വാസം, അങ്ങനെ ഹിന്ദുത്വ പ്രവര്‍ത്തകനെന്ന ലേബല്‍. യു പിയിലെ കുറഞ്ഞ ആറു ജില്ലയിലെങ്കിലും സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തയാള്‍. അതുകൊണ്ടുതന്നെ ബിജെപിക്ക് ഈ മുന്‍ ഗുസ്തിതാരത്തെ പിണക്കാനും കഴിയില്ല. 2022-ൽ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ബ്രിജ്ഭൂഷൺ തന്നെ തുറന്നു പറഞ്ഞ ഒരുകാര്യമുണ്ട് ഞാൻ പണ്ടൊരു കൊലപാതകം നടത്തിയിട്ടുണ്ട്. ആളുകൾ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ.. എനിക്ക് കുഴപ്പമില്ല.. എന്നായിരുന്നു അത്. ബ്രിജ്ഭൂഷൺ തന്നെ തുറന്നുപറയുന്നത് വരെ ഇക്കാര്യം മറ്റാരും അറിഞ്ഞിരുന്നില്ല. എന്നിട്ടും ഈ ഗുണ്ടാ നേതാവിനെതിരെ യാതൊരു നടപടിയും എടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. പണ്ട് ഇദ്ദേഹം ചെയ്തിരുന്നത് ക്ഷേത്രക്കുളങ്ങളിൽ നേർച്ചയിടുന്ന നാണയങ്ങൾ മുങ്ങിയെടുക്കുന്ന ജോലിയായിരുന്നു. ഇത്‌കൊണ്ട് ജീവിക്കാൻ സാധിക്കാൻ പറ്റാതായതോടെ ആയിരിക്കണം ബ്രിജ്‌ഭൂഷൺ പിന്നീട് ബൈക്ക് മോഷണവും മദ്യവ്യാപാരവും തൊഴിലാക്കി. പിന്നീട് അങ്ങോട്ട് ബ്രിജ്‌ഭൂഷൺ സിംഗിന്റെ വളർച്ചയായിരുന്നു. തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ഈ ഗുസ്തിക്കാരൻ ഗുണ്ടാ നേതാവിന്. അപ്പൊ പിന്നെ പോക്സോ കേസ് പിൻവലിക്കാൻ നിര്ബന്ധിക്കുമോ എന്ന് കാത്തിരുന്നു കാണാം.