
ആശുപത്രികളിൽ വ്യവസായ സുരക്ഷാ സേനയെ വിന്യസിക്കുമെന്നു സർക്കാർ ഹൈക്കോടതിയിൽ. സേനയെ വിന്യസിക്കുന്നതിൽ മുൻഗണന തീരുമാനിക്കും. മെഡിക്കൽ കൊളെജുകളിൽ എസ്ഐഎസ്എഫിനെ നിയോഗിക്കുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഡോ. വന്ദന കൊലപാതകക്കേസ് പരിഗണിക്കവെയാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്. ആശുപത്രി സംരക്ഷണ ഓർഡിനൻസ് നിലവിൽ വന്നെന്നും സർക്കാർ കോടതിയെ അറിയിച്ചു. .പ്രത്യേക സുരക്ഷയുടെ ചിലവ് സ്വകാര്യ ആശുപത്രികൾ വഹിക്കണമെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. പ്രതികളെ ആശുപത്രിയിൽ കൊണ്ടുവരുമ്പോഴുള്ള പ്രോട്ടോകോൾ ഡ്രാഫ്റ്റ് സർക്കാർ കോടതിയിൽ ഹാജരാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത് എന്നിവർ ആണ് ഹർജി പരിഗണിച്ചത്.
സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെട്ടാൽ അവർക്കും എസ്ഐഎസ്ഫിന്റെ സുരക്ഷ നൽകണം. ഇതിന്റെ ചിലവ് സർക്കാരിന് ഈടാക്കാമെന്നും ഹൈക്കോടതി. അതേസമയം വന്ദനയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് പരിഗണയിൽ ആണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
പ്രതിക്ക് ഉള്ള അവകാശങ്ങൾ പോലെ തന്നെ ആണ് മജിസ്‌ട്രേറ്റിനും ഡോക്ടർസ് എന്നിവരുടെ സുരക്ഷ എന്ന് കോടതി നിരീക്ഷിച്ചു. ഇതുകൂടി പരിഗണിച്ച് വേണം പ്രോട്ടോക്കാൾ തയ്യാറാക്കേണ്ടതെന്ന് കോടതി അറിയിച്ചു. ഡോക്ടർമാരുടെ സംഘടനകളുടെയും ജുഡീഷ്യൽ ഓഫീസർമാരുടെയും അഭിപ്രായം തേടണമെന്നും കോടതി നിർദ്ദേശിച്ചു. പൊലീസുകാരും വലിയ സമ്മർദത്തിലാണ്. അവർ കൂടി സമരം ചെയ്താൽ സിസ്റ്റം തകരും. ചിലരുടെ കുറ്റം കാരണം എല്ലാവരും ജാഗരൂകരാകേണ്ടി വരുന്നുവെന്ന് നിരീക്ഷിച്ച കോടതി സമൂഹത്തിന് എന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ചു.