ആർ എസ് എസ് മുസ്ലിം യുവതികളെ മതം മാറ്റുന്നുവെന്നു ലഘു ലേഖ. മധ്യപ്രദേശിലെ ഇൻഡോറിൽ ആണ് ലഘുലേഖ വിതരണം ചെയ്തിരിക്കുന്നത്. സോഷ്യൽമീഡിയകളായ ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം എന്നിവയിലൂടെ സ്കൂളിലും കോളേജിലും പഠിക്കുന്ന മുസ്ലിം പെൺകുട്ടികളെ സ്നേ​ഹം നടിച്ച് ആർഎസ്എസ്, ബജ്റം​ഗ്ദൾ പ്രവർത്തകർ മതം മാറ്റുന്നുവെന്നാണ് നോട്ടീസിലെ ഉള്ളടക്കം. ഓരോ വർഷവും 10 ലക്ഷം മുസ്ലിം പെൺകുട്ടികളാണ് മതം മാറുന്നതെന്നും നോട്ടീസിൽ പറയുന്നു. അന്താരാഷ്ട്ര മാധ്യമമായ ടൈംസ് നൗ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
45 കാരിയായ സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പത്ത് പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് റാവുജി ബസാർ പോലീസ് സ്റ്റേഷൻ ഇൻചാർജ് പ്രീതം സിംഗ് താക്കൂർ പറഞ്ഞു.“ലഘുലേഖ വിതരണം ചെയ്ത ആളുകളുടെ ഐഡന്റിറ്റി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആരാധനാലയത്തിന് സമീപം യുവതികൾക്ക് ലഘുലേഖ വിതരണം ചെയ്തതെന്ന് പരാതിയിൽ പറയുന്നു. യുവതികളെ അഭിസംബോധന ചെയ്താണ് നോട്ടീസ്. നിങ്ങളുടെ വിശ്വസ്തനായ സഹോദരൻ എന്നാണ് നോട്ടീസിൽ പറയുന്നത്. മെയ് 20നാണ് നോട്ടീസ് പ്രചരിപ്പിച്ചത്. ഐപിസി സെക്ഷൻ 153-എ (മതത്തിന്റെ പേരിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ) പ്രകാരം പത്തോളം അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതിനിടെ കാമുകിയെ ബലാത്സംഗം ചെയ്തതിനും മതം മാറാൻ സമ്മർദ്ദം ചെലുത്തിയതിനും 23 കാരനായ യുവാവിനെ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ‘ദി കേരള സ്റ്റോറി’ എന്ന സിനിമ കണ്ടതിന് ശേഷം യുവാവും യുവതി‌യും വഴക്കിട്ടതെന്നും പിന്നീടാണ് യുവതി പരാതിയുമായി സമീപിച്ചതെന്നും പൊലീസ് പറഞ്ഞു. നിർബന്ധിത മതപരിവർത്തനം തടയുന്ന നിയമ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് ഖജ്‌രാന പൊലീസ് സ്റ്റേഷൻ ഇൻചാർജ് ദിനേശ് വർമ ​​മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയതായാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്.