
തനിക്കെതിരെ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്കെതിരെ പുതിയ വെല്ലുവിളിയുമായി ഇറങ്ങിയിരിക്കുകയാണ് ഡബ്ല്യുഎഫ്‌ഐ മേധാവി ബ്രിജ്ഭൂഷന്‍ സിംഗ്. എന്നാല്‍ ഈ വെല്ലുവിളിയുടെ അങ്ങേയറ്റത് സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ കൂടി ചേര്‍ത്ത് കെട്ടിയിട്ടുണ്ട് സിംഗ്. ഞായറാഴ്ചയാണ് പുതിയ പ്രസ്താവനയുമായി ബ്രിജ്ഭൂഷണ്‍ എത്തിയത്. ‘രണ്ട് ഗുസ്തി താരങ്ങളും അതായത് ബജ്റംഗ് പുനിയയും വിനേഷ് ഫോഗട്ടും അവരുടെ നാർകോ അനാലിസിസിനും പോളിഗ്രാഫ് ടെസ്റ്റിനും തയ്യാറാണെങ്കില്‍, ഞാന്‍ പത്രക്കാരെ വിളിച്ച് അറിയിക്കും. അവരുണ്ടെങ്കില്‍ ഞാനും തയ്യാറാണെന്ന് ഞാന്‍ അവര്‍ക്ക് വാഗ്ദാനം നല്‍കുന്നു എന്നായിരുന്നു.ആ പ്രസ്താവന. ഫേസ്ബുക്കിലൂടെയാണ് ബ്രിജ്ഭൂഷണ്‍ ഈ വെല്ലുവിളി നടത്തിയത്.
ഇതിനു മുന്‍പ് ബ്രിജ്ഭൂഷണ്‍ സിംഗ് നടത്തിയ മറ്റൊരു വെല്ലുവിളി മേയ് ഏഴിനായിരുന്നു.തനിക്കെതിരായ ഒരു ആരോപണമെങ്കിലും തെളിഞ്ഞാല്‍ തൂങ്ങി മരിക്കുമെന്നായിരുന്നു. ഈ പ്രസ്താവനയില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും ഇപ്പോഴത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ബ്രിജ്ഭൂഷണ്‍. എന്തായാലും ഈ നാര്‍കോ അനാസിലിസും പോളിഗ്രാഫി ടെസ്റ്റുമെല്ലാം നടത്താന്‍ തയ്യാറാണെന്ന ബ്രിജ്ഭൂഷന്റെ പ്രസ്താവന ഒരു ഇരട്ടത്താപ്പാണെന്ന കാര്യത്തില്‍ തര്‍ക്കം ആര്‍ക്കുമുണ്ടാകില്ല. കാരണം ബ്രിജ്ഭൂഷന് ബിജെപിയുമയുള്ള ബന്ധം അദ്ദേഹം തന്നെ പലതവണയായി വ്യക്തമാക്കിയിട്ടുണ്ട്.
ഈ വെല്ലുവിളിയൊക്കെ നടത്തുമ്പോഴും ബ്രിജ്ഭൂഷണ്‍ നേരത്തെ പറഞ്ഞ കാര്യങ്ങളും സൂചിപ്പിക്കേണ്ടതുണ്ട്. 2014ല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കേണ്ടിയിരുന്ന തന്നെ രാഷ്ട്രീയത്തില്‍ പിടിച്ചു നിര്‍ത്തിയത് അമിത് ഷാ ആണെന്ന് പറഞ്ഞതിലൂടെ പാര്‍ട്ടിയില്‍ തനിക്കുള്ള സ്ഥാനം എന്തായിരുന്നുവെന്ന് ബ്രിജ്ഭൂഷണ്‍ രാജ്യത്തിന് മുന്നില്‍ വെളിപ്പെടുത്തുകയായിരുന്നു.
സ്വന്തം മകന്റെ മരണം പോലും തളര്‍ത്താത്ത ബ്രിജ്ഭൂഷന്റെ വിജയയാത്രകള്‍ക്ക് പവര്‍ പൊളിടിക്‌സും പണം കൊണ്ടുള്ള പൊളിടിക്‌സും ഒരുപോലെ ഗുണം ചെയ്തിരുന്നു എന്നു വേണം പറയാന്‍. 2004ലാണ് ബ്രിജ്ഭൂഷന്റെ ഇളയമകന്‍ ശക്തി സിംഗ് അച്ഛനെതിരെ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചിട്ട് ബ്രിജ്ഭൂഷന്റെ തന്നെ തോക്കില്‍ നിന്ന് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്. എന്നാല്‍ ഇതൊന്നും ബ്രിജ്ഭൂഷന്റെ ജൈത്രയാത്രയ്ക്ക് വിലങ്ങുതടിയായില്ല. 1980കളില്‍ ബൈക്ക് മോഷണവും പിന്നീട് മദ്യമാഫിയയുടെ ഭാഗമാകുകയും ചെയ്ത ബ്രിജ്ഭൂഷന് ആ നിലയിലും ഏറെ കേസുകളുണ്ടായിരുന്നു. മാത്രമല്ല തന്റെ സുഹൃത്തായ പണ്ഡിറ്റ് സിങ്ങെന്ന വിനോദ്കുമാറിനെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ 1993ല്‍ രജിസ്റ്റര്‍ ചെയ്ത വെടിവെപ്പ് കേസില്‍ ബ്രിജ്ഭൂഷണെ ഗോണ്ട പ്രദേശിക കോടതി തെളിവില്ലെന്ന് പറഞ്ഞ് കുറ്റവിമുക്തനാക്കിയത് കഴിഞ്ഞ ഡിസംബറിലാണെന്ന് ഓര്‍ക്കണം.
ആറുതവണ ലോക്‌സഭാംഗമായ ബ്രിജ്ഭൂഷണ്‍ സിംഗ് നിലവില്‍ കൈസര്‍ഗഞ്ചില്‍ നിന്നുള്ള ബിജെപി എംപിയാണ്. ബിജെപി സ്ഥാനാര്‍ത്ഥിയായി 1991ല്‍ ആണ് എംപിയായതെങ്കിലും പിന്നീട് സമാജ്വാദി പാര്‍ട്ടിയിലേക്ക് കൂടുമാറി. 2009ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചെങ്കിലും 2014ല്‍ വീണ്ടും ബിജെപിയിലെത്തി എം പിയായി.
പത്ത് വര്‍ഷത്തിലധികമായി ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റായി തുടരുന്ന ബ്രിജ്ഭൂഷന് ബിജെപിയുടെ തുറുപ്പ് ചീട്ടായ അയോധ്യയടക്കമുള്ള സ്ഥലങ്ങളില്‍ വലിയ പിന്തുണയാണുള്ളത്. രാമജന്മഭൂമി സമരത്തിന്റെ മുന്‍നിര നായകന്‍, ജയില്‍വാസം, അങ്ങനെ ഹിന്ദുത്വ പ്രവര്‍ത്തകനെന്ന ലേബല്‍. യു പിയിലെ കുറഞ്ഞ ആറു ജില്ലയിലെങ്കിലും സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തയാള്‍. അതുകൊണ്ടുതന്നെ ബിജെപിക്ക് ഈ മുന്‍ ഗുസ്തിതാരത്തെ പിണക്കാനും കഴിയില്ല. ഇതുകൊണ്ടുതന്നെയണ് ദേശീയതാരങ്ങളുടെ പരാതിയില്‍ ബ്രിജ്ഭൂഷണെതിരെ കേന്ദ്രം മെല്ലെപ്പോക്ക് നടപടി സ്വീകരിക്കാന്‍ കാരണവും. ഈ കാരണങ്ങള്‍ അറിഞ്ഞു തന്നെയാണ് ബ്രിജ്ഭൂഷന്റെ കളിയും. അതുകൊണ്ടുതന്നെ നാര്‍കോ അനാലിസിസ് എന്നത് ബ്രിജ്ഭൂഷന്റെ മറ്റൊരു അടവുനയം മാത്രമാണെന്നത് തലയില്‍ ആള്‍്ത്താമസമുള്ള ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു. എന്തായാലും 40ല്‍ അധികം കേസുകളുള്ള ബ്രിജ്ഭൂഷണ്‍ കായിക താരങ്ങളുടെ അന്തസും അഭിമാനവും നേടിയെടുക്കാനുള്ള സമരത്തിന് എന്ത് വില നല്‍കുമെന്നത് കാത്തിരുന്നു കാണേണ്ടതു തന്നെയാണ്. മാത്രമല്ല ബ്രിജ്ഭൂഷന്റെ വെല്ലുവിളിയോട് കായികതാരങ്ങളുടെ പ്രതികരണം എന്താണെന്നറിയാനും രാജ്യം കാത്തിരിക്കുകയാണ്.