ആധുനിക വികസനത്തിന്റെ അതിവേഗ പ്രതീകമായ വന്ദേഭാരത് എക്‌സ്പ്രസിനു നേരെ മലപ്പുറം ജില്ലയിലെ തിരൂര്‍-തിരുനാവായ സ്റ്റേഷനുകള്‍ക്കിടയില്‍ ഒരുകൂട്ടമാളുകള്‍ കല്ലെറിഞ്ഞ സംഭവം കേരളത്തില്‍ നിലനില്‍ക്കുന്ന സങ്കുചിത രാഷ്ട്രീയത്തിലേക്കും വികസനവിരോധത്തിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്.യാത്രക്കാര്‍ക്ക് പരിക്കുമൊന്നുമില്ലെങ്കിലും ട്രെയിനിന്റെ ചില്ലുകള്‍ക്ക് കേടുപാടുകള്‍ പറ്റി. സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയ ആര്‍പിഎഫ് സംഘം കല്ലെറിഞ്ഞവരെ കണ്ടെത്തുമെന്ന് അറിയിക്കുകയുണ്ടായി. വന്ദേഭാരതിന് മലപ്പുറം ജില്ലയില്‍ സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ മുസ്ലിംലീഗിന്റെയും മറ്റും നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധം സംഘടിപ്പിച്ച ശക്തികള്‍ തന്നെയാണോ ട്രെയിനിനു നേരെ കല്ലെറിഞ്ഞതെന്ന് ചിന്തിച്ചുപോവുക സ്വാഭാവികമാണ്. ആരാണ് ഇത് ചെയ്തതെന്ന് അന്വേഷിച്ച്‌ കണ്ടെത്തി ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കാത്ത തരത്തില്‍ മാതൃകാപരമായി ശിക്ഷിക്കട്ടെ. എന്നാല്‍ വന്ദേഭാരത് ഓട്ടം തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോള്‍ ഇങ്ങനെയൊരു ദുഷ്പ്രവൃത്തി ഉണ്ടായതിനു പിന്നിലെ സാഹചര്യവും രാഷ്ട്രീയ ഗൂഢാലോചനയും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. തങ്ങള്‍ക്ക് ഇതില്‍ ഉത്തരവാദിത്വമൊന്നുമില്ലെന്ന് പറഞ്ഞൊഴിയാന്‍ ഇതിനു പിന്നിലെ കുത്സിത ശക്തികള്‍ ശ്രമിക്കുമെങ്കിലും അവരെ അങ്ങനെ വെറുതെ വിടാന്‍ പാടില്ല. തങ്ങളുടെ പ്രതിച്ഛായ നശിപ്പിക്കാന്‍ മറ്റു ചിലര്‍ ചെയ്തതാണെന്ന പ്രചാരണവും ഇവര്‍ നടത്തിയേക്കും. മുഖംമൂടി വലിച്ചുകീറി ഇക്കൂട്ടരുടെ വികൃതമുഖം ജനങ്ങളെ കാണിക്കണം. ആര്‍പിഎഫ് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. സംഭവം നടന്നത് മലപ്പുറത്തായതിനാല്‍ കുറ്റവാളികളെ കണ്ടെത്തുന്നതില്‍ കേരളാ പോലീസില്‍ നിന്ന് കാര്യമായ സഹായമൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ രാജ്യം ആധുനിക വികസനത്തിന്റെ പാതയിലേക്ക് പ്രവേശിച്ചതിന്റെ സാക്ഷ്യപത്രമാണ് വിവിധ സംസ്ഥാനങ്ങളിലൂടെ ഓടിക്കൊണ്ടിരിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടികള്‍. ബ്രിട്ടീഷുകാര്‍ അവരുടെ ആവശ്യത്തിനു വേണ്ടി കൊണ്ടുവന്നതാണെങ്കിലും പില്‍ക്കാലത്ത് ജനജീവിതത്തിന്റെ ചാലകശക്തിയായി തീവണ്ടി ഗതാഗതം മാറുകയായിരുന്നു. എന്നാല്‍ വളരെ സാവധാനത്തിലാണ് രാജ്യത്തെ റെയില്‍വേ വികസനം സംഭവിച്ചത്. ആര് ഭരിച്ചപ്പോഴും പരാതികള്‍ മാത്രമായിരുന്നു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ദീര്‍ഘദൂര ട്രെയിനുകളിലെ യാത്ര ദുഃസഹമായിരുന്നു. റെയില്‍വേ സ്റ്റേഷനുകളും തീവണ്ടികളും ഒരുപോലെ വൃത്തിഹീനവും. മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇന്ത്യയിലോടുന്ന ട്രെയിനുകളിലെ സൗകര്യം വളരെ പരിമിതമായിരുന്നു. ഇക്കാരണങ്ങള്‍കൊണ്ട് വലിയൊരു വിഭാഗം ജനങ്ങള്‍ യാത്ര ഒഴിവാക്കി. ഇതിനൊക്കെ മാറ്റം വന്നത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷമാണ്. യാത്രക്കാര്‍ക്ക് മൂക്കുപൊത്താതെ റെയില്‍വേ സ്റ്റേഷനുകളില്‍ തങ്ങാന്‍ കഴിഞ്ഞു. ട്രെയിന്‍ യാത്ര ചെയ്യുന്ന ഓരോരുത്തരുടെയും നേരനുഭവമാണിത്. വന്ദേഭാരതിന്റെ വരവോടെ ലോകോത്തര നിലവാരത്തിലേക്ക് ട്രെയിന്‍ യാത്ര മാറിയിരിക്കുകയാണ്. പഴഞ്ചന്‍ ട്രെയിനുകളില്‍ യാത്ര ചെയ്തു ശീലിച്ചവര്‍ക്ക് വന്ദേഭാരതിലെ സഞ്ചാരം പുതിയൊരു അനുഭവമാണ്. ഇത്രവേഗം ഇങ്ങനെയൊരു മാറ്റം ആരും പ്രതീക്ഷിച്ചതല്ല. എത്തേണ്ടിടങ്ങളില്‍ യഥാസമയം എല്ലാവിധ സൗകര്യങ്ങളോടെയും യാത്ര ചെയ്ത് എത്തിച്ചേരാന്‍ സഹായിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസിനെ ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നു എന്നതാണ് സത്യം.പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്ത വന്ദേ ഭാരത് എക്‌സ്പ്രസിനൊപ്പം കേരളത്തിന്റെ തെക്കുനിന്ന് വടക്കോട്ടേക്കും തിരിച്ചും സഞ്ചരിച്ചത് മലയാളികളുടെ മനസ് അറിഞ്ഞു തന്നെ ആണ്.. ആദ്യ യാത്രയില്‍ പങ്കാളികളാവാന്‍ അവര്‍ പരസ്പരം മത്സരിക്കുകയായിരുന്നു.

വികസനത്തിന് മതവും രാഷ്ട്രീയവുമൊന്നുമില്ലെന്ന് കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയക്കാര്‍ അമ്ബരപ്പോടെ തിരിച്ചറിഞ്ഞു. മനസ്സില്ലാമനസ്സോടെ അവര്‍ വന്ദേഭാരതിനെ അനുകൂലിച്ചെങ്കിലും തീരെ ആത്മാര്‍ത്ഥതയുണ്ടായിരുന്നില്ല. കാരണം ഈ വികസനം കൊണ്ടുവന്നിരിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപിയും മോദിയുമാണ്. രണ്ടാമതായി ഇത്രവേഗം ഇത് കേരളത്തില്‍ സംഭവിക്കുമെന്ന് സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷം കരുതിയില്ല. ജനവിരുദ്ധ പദ്ധതിയായ സില്‍വര്‍ ലൈനാണ് വേണ്ടതെന്ന് സിപിഎം പ്രചാണം നടത്തിയപ്പോള്‍, ഉദ്ഘാടന ഓട്ടത്തില്‍ ഷൊര്‍ണൂരിലെത്തിയ വന്ദേഭാരതില്‍ പാലക്കാട് എംപി ശ്രീകണ്ഠന്റെ ചിത്രം പതിപ്പിച്ച്‌ വികൃതമാക്കുകയായിരുന്നു കോണ്‍ഗ്രസ്സ്. ഷൊര്‍ണൂരില്‍ സ്റ്റേഷന്‍ അനുവദിച്ചത് ആഘോഷിക്കുകയായിരുന്നുവത്രേ. ഉത്തരവാദിത്വം കയ്യൊഴിയാന്‍ എംപി ശ്രമിച്ചെങ്കിലും ഇതിനെതിരെ കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്. ഏറ്റവുമൊടുവില്‍ ഒരു വന്ദേഭാരത് തന്നത് വലിയ കാര്യമൊന്നുമല്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവരികയുണ്ടായി. ഇതിനു പിന്നാലെയാണ് മലപ്പുറം ജില്ലയില്‍ ഈ ട്രെയിനിനുനേരെ കല്ലേറുണ്ടായിരിക്കുന്നത്. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. തങ്ങള്‍ക്ക് അഴിമതി നടത്താനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനും കഴിയാത്ത ഒരു വികസനത്തെയും അനുകൂലിക്കില്ലെന്നും അംഗീകരിക്കില്ലെന്നുമുള്ള പരസ്യപ്രഖ്യാപനമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.