ഇന്ത്യൻ ക്രിക്കറ്റിൽ ചരിത്രപരമായ തീരുമാനവുമായി ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ). പുരുഷ-വനിതാ ക്രിക്കറ്റർമാർക്ക് തുല്യവേതനം നടപ്പിലാക്കി. ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുരുഷ താരങ്ങൾക്ക് തുല്യമായ വേതനം വനിതാ താരങ്ങൾക്കും നൽകുമെന്ന് അറിയിച്ച് ബി.സി.സിഐ സെക്രട്ടറി ജയ് ഷാ. ട്വീറ്ററിലൂടെയാണ് ജയ് ഷാ ഈ ചരിത്ര തീരുമാനം അറിയിച്ചത്. മാച്ച് ഫീയിലാണ് തുല്യ വേതനം നൽകുന്നത്.

പുരുഷ-വനിതാ താരങ്ങൾക്ക് തുല്യവേതനം നൽകുന്നതിലൂടെ ലിംഗസമത്വം ഇന്ത്യൻ ക്രിക്കറ്റിന് കൈവന്നുവെന്ന് ജയ് ഷാ വ്യക്തമാക്കി. ബി.സി.സിഐയുടെ സെക്രട്ടറിയായി രണ്ടാം ഊഴം ലഭിച്ചതിനുപിന്നാലെയാണ് ജയ് ഷാ ഇക്കാര്യമറിയിച്ചത്. നിലവിൽ പുരുഷതാരങ്ങൾക്ക് ലഭിക്കുന്ന അതേ മാച്ച് ഫീ വനിതകൾക്കും ലഭ്യമാകും. ടെസ്റ്റിൽ 15 ലക്ഷവും ഏകദിനത്തിൽ ആറുലക്ഷവും ട്വന്റി 20യിൽ മൂന്ന് ലക്ഷവും ഓരോ വനിതാ താരത്തിനും ലഭിക്കും.

”വിവേചനം നേരിടുന്നതിനുള്ള ബിസിസിഐയുടെ ആദ്യ ചുവടുവയ്‌പ്പ് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കരാറിലുള്ള വനിതാ താരങ്ങൾക്കും തുല്യവേതനം നൽകാൻ തീരുമാനിച്ചിരിക്കുന്നു. ലിംഗസമത്വത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക് നമ്മൾ മാറുമ്പോൾ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങൾക്കുള്ള മാച്ച് ഫീസ് തുല്യമായിരിക്കും,” ജയ് ഷാ ട്വിറ്ററിൽ കുറിച്ചു.

വർഷങ്ങളായി ഇന്ത്യൻ വനിതാ താരങ്ങൾ ഉന്നയിച്ചു വരുന്ന ആവശ്യത്തിനാണ് ഒടുവിൽ ബിസിസിഐ പച്ചക്കൊടി കാട്ടിയത്. അതേസമയം ഇക്കാര്യത്തിൽ നേരത്തെ തീരുമാനം നടപ്പിലാക്കിയത് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡാണ്. പുരുഷ താരങ്ങൾക്കും വനിതാ താരങ്ങൾക്കും ഒരേ തരത്തിലായിരിക്കും പ്രതിഫലം നൽകുന്ന കാര്യം ആദ്യം നടപ്പിലാക്കിയത് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡായിരുന്നു. ഈ പാതയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡും രംഗത്തുവന്നിരുന്നത്