Kerala

വീണയുടെ മാസപ്പടി മാഞ്ഞുപോകുമെന്ന് ദീർഘനിശ്വാസത്തിൽ ആശ്വാസം കണ്ട് പിണറായി, നടക്കാത്ത സ്വപ്നമെന്ന് പ്രതിപക്ഷവും, ബിജെപിയും

ലോകസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ കേരളത്തിൽ മികച്ച വിജയം നേടുക എന്നത് ഇടതുപക്ഷത്തെ സംബന്ധിച്ചും യു.ഡി.എഫിനെ സംബന്ധിച്ചും അതിനിർണ്ണായകമാണ്. ഒരു സീറ്റിലെങ്കിലും വിജയിച്ചില്ലെങ്കിൽ അത് ബി.ജെ.പിക്കും കനത്ത പ്രഹരമാവും. കേരളം ഇന്നുവരെ കണ്ടതിൽവച്ച് ഏറ്റവും കടുത്ത മത്സരത്തി ലേക്കാണ് ലോകസഭ തിരഞ്ഞെടുപ്പ് പോകുന്നത്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും അതിന്റെ വീറും വാശിയും പ്രകടമാവുകയും ചെയ്യും.

സ്വപ്ന സുരേഷിനെ മുൻ നിർത്തി കഴിഞ്ഞ നിയമസഭാ തിരഞ്ഞെ ടുപ്പിൽ തൊടുത്തുവിട്ട ആരോപണങ്ങളുടെ ‘മുന’ ജനങ്ങൾ തന്നെ ഒടിച്ചു കളഞ്ഞതും പിണറായി വിജയന്റെ നേതൃത്വത്തിൽ വീണ്ടും തുടർഭരണം സാധ്യമായതും ചൂണ്ടിക്കാട്ടിയാണ് ലോകസഭ തിരഞ്ഞെടുപ്പിനെയും ഇടതുപക്ഷം അഭിമുഖീകരിക്കാൻ പോകുന്നത്. അവരുടെ സകല സംഘടനാ സംവിധാനവും ഇതിനായി തയ്യാറുമാണ്. 15 സീറ്റിൽ കുറയാതെ നേടുമെന്നാണ് ഇടതുപക്ഷ നേതാക്കൾ അവകാശപ്പെടുന്നത്. വേട്ടയാടപ്പെടുന്ന എല്ലാ ഘട്ടത്തിലും ജനങ്ങൾ ചെങ്കൊടിക്കൊപ്പം നിന്ന ചരിത്രം തന്നെയാണ് ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാജ്യത്ത് തന്നെ കോൺഗ്രസ്സിന് ഏറ്റവും കൂടുതൽ എം.പി മാരെ സംഭാവന ചെയ്ത സംസ്ഥാനമാണ് കേരളം. 2019- ലെ അതേ വെല്ലുവിളി മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസ്സ് നേരിടുന്നതിനാൽ കേരളത്തിലെ വിജയം ആവർത്തിക്കേണ്ടത് കോൺഗ്രസ്സിന് അനിവാര്യമാണ്. 2019-ലെ യു ഡി.എഫ് സീറ്റു നിർണ്ണയം ആവർത്തിച്ചാൽ കോൺഗ്രസ്സ് 16 സീറ്റുകളിലും മുസ്ലിംലീഗ് രണ്ട് സീറ്റിലും ആർ. എസ്.പിയും കേരള കോൺഗ്രസ്സിലെ ജോസഫ് വിഭാഗവും ഓരോ സീറ്റുകളിലുമാണ് മത്സരിക്കുക. ലീഗ് മൂന്നാം സീറ്റിനു വേണ്ടി പിടിമുറുക്കിയാൽ മാത്രമാണ് ഈ നിലയിൽ മാറ്റംവരുകയുള്ളൂ.

ഇടതുപക്ഷത്ത് സി. പി.എം 15 സീറ്റുകളിൽ മത്സരിക്കുമ്പോൾ സി.പി.ഐ നാല് സീറ്റുകളിലാണ് മത്സരിക്കുക കോട്ടയം സീറ്റിൽ കേരള കോൺഗ്രസ്സ് മത്സരിക്കും. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണി 20സീറ്റുകളിലും മത്സരിക്കുന്നുണ്ടെങ്കിലും അവർ പ്രധാനമായും ലക്ഷ്യമിടുന്നത്. തൃശൂർ തിരുവനന്തപുരം മണ്ഡലങ്ങൾ മാത്രമാണ്. അതേസമയം ബി.ജെ.പിയുടെ സാന്നിധ്യം ഭൂരിപക്ഷ മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരത്തിനാണ് വഴിയൊരുക്കുക. തൃശൂരിലും തിരുവനന്തപുരത്തുമായി കേന്ദ്രീകരിച്ച് കൂടുതൽ ബി.ജെ.പി ദേശീയ നേതാക്കളും ഇത്തവണ കേരളത്തിൽ ക്യാംപ് ചെയ്യും.

ഇടതുപക്ഷത്തിനെ മുഖ്യ ശത്രുവായി കണ്ട് കളംനിറയാനാണ് യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നത്. രണ്ട് പേരുടെയും പ്രധാന പ്രചരണ വിഷയങ്ങളും ഒന്നു തന്നെയാണ്. മുഖ്യമന്ത്രിയെയും മകൾ വീണ വിജയനെയും മുൻ നിർത്തി കടന്നാക്രമിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വീണ വിജയന്റെ ഐ.ടി സ്ഥാപനമായ എക്സാലോജിക്ക്-സിഎംആർഎൽ ഇടപാടിലെ അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിട്ടുകൊണ്ടുള്ള ഉത്തരവാണ് ഒരേസമയം യു.ഡി.എഫും ബി.ജെ.പിയും ആയുധമാക്കുക. തിരഞ്ഞെടുപ്പ് പ്രചരണം ശക്തമാകുന്ന ഘട്ടത്തിൽ ഈ കേസിൽ വലിയ ഡവലപ്പ്മെന്റ് ഉണ്ടാകുമെന്നും അത് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഗതിയെ തന്നെ മാറ്റി മറിക്കുമെന്നുമാണ് ബി.ജെ.പി നേതൃത്വം പറയുന്നത്. ഇതേ കണക്കു കൂട്ടലിൽ തന്നെയാണ് യു.ഡി.എഫും മുന്നോട്ട് പോകുന്നത്.

കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിലുളളഏറ്റവും ഉയർന്ന അന്വേഷണത്തിനാണ് പി.സി ജോർജിന്റെ മകന്റെ പരാതിയിൽ മോദി സർക്കാർ അന്വേഷണത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. എക്സാലോജിക്കും സിഎംആർഎല്ലും മാത്രമല്ല കെഎസ്ഐഡിസിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നുണ്ട്. എട്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും അതിനു ശേഷം അന്വേഷണ റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിക്കണമെന്നുമാണ് നിർദേശം. അതായത് അന്വേഷണം യുദ്ധകാല അടിസ്ഥാനത്തിൽ തുടങ്ങുമെന്നത് വ്യക്തം. സമയപരിധി എട്ടു മാസമാണെങ്കിലും അന്വേഷണ സംഘത്തിന്റെ തന്ത്രപരമായ നീക്കം നടക്കുക ലോകസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ നിർണ്ണായക ഘട്ടത്തിലായിരിക്കും.

ആ സമയത്ത് പുറത്തുവിടുന്ന വിവരങ്ങൾ വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് ബി.ജെ.പി നേതാക്കൾ കരുതുന്നത്. അന്വേഷണത്തിന്റെ വിത്ത് വിതച്ചത് മോദി സർക്കാറാന്നെങ്കിൽ ഫലം കൊയ്യാൻ പോകുന്നത് തങ്ങളാന്നെന്നാണ് കോൺഗ്രസ്സ് നേതാക്കൾ അവകാശപ്പെടുന്നത്. ഇടതുപക്ഷത്തെ അഴിമതിയുടെ കൂടാരമായി ചിത്രീകരിച്ചു കൊണ്ട് വിളപ്പെടുപ്പ് നടത്താനുള്ള തന്ത്രമാണ് ബി.ജെ.പിയും കോൺഗ്രസ്സും പയറ്റുന്നത്. 2019-ലെ സീറ്റ് നിലയിൽ നിന്നും ഏതാനും സീറ്റുകൾ കുറഞ്ഞാൽ പോലും ബഹുഭൂരിപക്ഷത്തിലും വിജയിക്കുക എന്നതാണ് കോൺഗ്രസ്സ് നേതൃത്വം ലക്ഷ്യമിടുന്നത്. അത് സംഭവിച്ചില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ യു.ഡി.എഫ് എന്ന സംവിധാനം തകരുമെന്നും നേതൃത്വം ഭയപ്പെടുന്നുണ്ട്.

ബി.ജെ.പിക്ക് ആകട്ടെ രണ്ട് സീറ്റ് ലഭിച്ചില്ലെങ്കിൽ ഒരു സീറ്റിലെങ്കിലും വിജയിക്കണമെന്നത് അഭിമാന പ്രശ്നമാണ്. അതിനു പോലും സാധിച്ചില്ലങ്കിൽ മോദിയുടെ കേരളത്തിലെ ‘ഗ്യാരണ്ടിയും’ അതോടെ തീരും. അത്തരമൊരു സാഹചര്യത്തിൽ സംസ്ഥാന ബി.ജെ.പി ഘടകം തന്നെ പിരിച്ചുവിടാനും ബി.ജെ.പി കേന്ദ്ര നേതൃത്വം തയ്യാറായേക്കും. അതിനുള്ള സാധ്യതയും വളരെ കൂടുതൽ തന്നെയാണ്. തൃശൂരിൽ പ്രധാനമന്ത്രി പലവട്ടം പറന്നിറങ്ങിയത് തന്നെ സുരേഷ് ഗോപിയെ ജയിപ്പിച്ചെടുക്കാനാണ്. ഇനി കേന്ദ്രമന്ത്രിപ്പട വരാൻ പോകുന്നതും ഇതേ തൃശൂർക്ക് തന്നെയാണ്. എന്നിട്ടു പോലും വിജയിക്കാൻ സാധിച്ചില്ലെങ്കിൽ അതോടെ കേരളത്തിലെ പ്രതീക്ഷ മോദിക്കും അവസാനിപ്പിക്കേണ്ടി വരും.

ഇത്തരമൊരു സാഹചര്യം ഒഴിവാക്കാൻ കൂടിയാണ് സാധ്യമായ എല്ലാ മാർഗ്ഗവും കേന്ദ്രസർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ പി.സി ജോർജിന്റെ മകൻ പരാതിക്കാരനായതും തൊട്ടു പിന്നാലെ തന്നെ കേന്ദ്രസർക്കാർ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതും അതിനുശേഷം പി.സി ജോർജും മകനും ബി.ജെ.പിയിൽ ചേർന്നെതുമെല്ലാം കൃത്യമായ തിരക്കഥ പ്രകാരമാണ്. അതാകട്ടെ ഇപ്പോൾ വ്യക്തമായി കഴിഞ്ഞിട്ടുമുണ്ട്. കേന്ദ്ര അന്വേഷണ വാർത്തയെ കേരളത്തിലെ മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതി തന്നെ പ്രതിപക്ഷത്തിന്റെ പ്രചരണ തന്ത്രത്തിന്റെ വിജയമാണ്.

വില്ലൻ പരിവേശം മുഖ്യമന്ത്രിക്കും മകൾക്കും ചാർത്തി നൽകി അതുവഴി ഇടതുപക്ഷത്തെ തകർക്കാൻ ഒരുകൈ സഹായമാണ് കുത്തക മാധ്യമങ്ങളും ഇപ്പോൾ നൽകി വരുന്നത്. അതിന്റെ തോത് വരും ദിവസങ്ങളിലും വർദ്ധിക്കാൻ തന്നെയാണ് സാധ്യത. അതായത് ഒരേ സമയം ബി.ജെ.പിയെയും യു.ഡി.എഫിനെയും മാത്രമല്ല മാധ്യമങ്ങളെയും കേന്ദ്ര ഏജൻസിയെയും വരെ പ്രതിരോധിക്കേണ്ട സാഹചര്യമാണ് ഇടതുപക്ഷത്തിനുള്ളത്. വലിയ ഒരു വെല്ലുവിളി യാണ് ഇതെങ്കിലും ഈ വെല്ലുവിളികളെയും അതിജീവിക്കുമെന്നാണ് ഇടതു നേതാക്കൾ പറയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ ഏത് അന്വേഷണവും വരട്ടെയെന്നു പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സിബിഐയേക്കാൾ വലുതലല്ലോ യെന്നും വെല്ലുവിളിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ ആത്മവിശ്വാസമാണ് ഈ പ്രതികരണത്തിലൂടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ബിരിയാണി ചെമ്പിലെ സ്വർണ്ണം ആവി ആയ പോലെ തന്നെയാകും ഇപ്പോഴത്തെ ആരോപണങ്ങൾക്കും സംഭവിക്കുക എന്നാണ് സി.പി.എം നേതൃത്വം തുറന്നടിക്കുന്നത്.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

9 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

11 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

12 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

12 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

12 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

13 hours ago