Kerala

പിണറായിയെ വിറപ്പിച്ച ആ എം ടിയുടെ പ്രസംഗം ഇതാ ഇങ്ങനെയാണ്

മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി രൂക്ഷമായ രാഷ്ട്രീയ വിമർശനമുന്നയിച്ച എം ടി വാസുദേവൻ നായരുടെ വാക്കുകൾ ഇടതുപക്ഷത്തെ സത്യത്തിൽ പിടിച്ചുലച്ചു. തെറ്റ് പറ്റിയാൽ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്ന് ഇഎംഎസിനെ ഉദാഹരിച്ചുകൊ ണ്ടാണ് എം ടി പറഞ്ഞത്. മുഖ്യമന്ത്രിയെയോ ഇടതു സർക്കാറിനെയോ പേരു പറയാതെയാണ് നിലവിലെ സമൂഹിക സാഹചര്യങ്ങളെ കുറിച്ച് എം ടി വിമർശനം നടത്തിയത്. എന്നാൽ വിമർശനം കൃത്യമായി ഇടതു സർക്കാരിന്റെ നെഞ്ചിൽ തന്നെയാണ് തുളച്ചു കയറിത്.

എംടിയുടെ മുഖ്യപ്രഭാഷണം കഴിഞ്ഞയുടൻ പിണറായി തലകുമ്പിട്ട് വേദി വിടുകയായിരുന്നു എന്നതാണ് ശ്രദ്ധേയം. കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്‌സ് സംഘടിപ്പിച്ചിരുന്ന ഏഴാമത് സാഹിത്യോൽസവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എം ടി വാസുദേവൻ നായർ രാഷ്ട്രീയ രംഗത്തെ മൂല്യച്യുതിയെക്കുറിച്ച് എംടി തുറന്നടിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു …

ഈ സാഹിത്യോത്സവത്തിന്റെ ആദ്യ വർഷം ഞാൻ പങ്കെടുത്തിരുന്നു. ഇത് ഏഴാമത്തെ വർഷമാണെന്ന് അറിയുന്നു. സന്തോഷം. ചരിത്രപരമായ ഒരാവശ്യത്തെ കുറിച്ച് ഇവിടെ പറയാൻ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേൾക്കാൻ തുടങ്ങിയിട്ട് വളരെ കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങൾക്ക് പലപ്പോഴും അർഹിക്കുന്ന വ്യക്തികളുടെ അഭാവം എന്ന ഒഴുക്കൻ മറുപടി കൊണ്ട് തൃപ്തിപ്പെടേണ്ടിവരുന്നു. രാഷ്ട്രീയപ്രവർത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാർഗമാണ്. എവിടെയും അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആവാം. അസംബ്ലിയിലോ പാർലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാൽ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണ്. അധികാരമെന്നാൽ, ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടി.

ഐതിഹാസിക വിപ്ലവത്തിലൂടെ സാറിസ്റ്റ് ഭരണത്തെ നീക്കിയ റഷ്യയിലും പഴയ സേവന സിദ്ധാന്തം വിസ്മരിക്കപ്പെട്ടു. അവിടെ ശിഥിലീകരണം സംഭവിക്കാൻ പോകുന്നു എന്ന് ഫ്രോയ്ഡിന്റെ ശിഷ്യനും മനഃശാസ്ത്രജ്ഞനും മാർക്സിയൻ തത്ത്വചിന്തകനുമായിരുന്ന വിൽഹെം റീഹ് 1944ൽ തന്നെ മുന്നറിയിപ്പ് നല്കിയിരുന്നു.

ശിഥിലീകരണത്തിന്റെ കാര്യകാരണങ്ങളെ അപഗ്രഥിക്കുക എന്നതാണ് അതിനെ നിഷേധിച്ച് ഇല്ലെന്ന് സങ്കല്പിക്കുന്നതിനു പകരം ജാഗ്രതയോടെ ചെയ്യേണ്ടതെന്ന് റീഹ് വീണ്ടും വീണ്ടും ഓർമിപ്പിച്ചു. വ്യവസായം സംസ്‌കാരം ശാസ്ത്രം എന്നീ മേഖലകളുടെ പ്രവർത്തനത്തെ അമിതാധികാരമുള്ള മാനേജ്മെന്റുകളെ ഏൽപ്പിക്കുമ്പോൾ അപചയത്തിന്റെ തുടക്കം കുറിക്കുമെന്ന് അദ്ദേഹം അപായ സൂചന നല്കി.

വിപ്ലവത്തിൽ പങ്കെടുത്ത ജനാവലി ആൾക്കൂട്ടമായിരുന്നു. ഈ ആൾക്കൂട്ടങ്ങളെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. പടയാളികളുമാക്കാം. ആൾക്കൂട്ടം ഉത്തരവാദിത്തമുള്ള ഒരു സമൂഹമായി മാറുകയും സ്വയം കരുത്ത് നേടി സ്വാതന്ത്ര്യം ആർജ്ജിക്കുകയും വേണം. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം. ആൾക്കൂട്ടം സമൂഹമായി മാറണമെന്നും എങ്കിലേ റഷ്യയ്ക്ക് നിലനിൽപ്പുള്ളൂ എന്നും റീഹിനേക്കാൾ മുൻപ് രണ്ടു പേര് റഷ്യയിൽ പ്രഖ്യാപിച്ചു എഴുത്തുകാരായ ഗോർക്കിയും ചെഖോവും.

തിന്മകളുടെ മുഴുവൻ ഉത്തരവാദിത്തവും സാറിസ്റ്റ് വാഴ്ചയുടെ മേൽ കെട്ടിവച്ച് പൊള്ളയായ പ്രശംസകൾ നല്കിയും നേട്ടങ്ങളെ പെരുപ്പിച്ച് കാണിച്ചും ആൾക്കൂട്ടത്തെ തൃപ്തിപ്പെടുത്തുന്നതിന് അവർ എതിരായിരുന്നു. സ്വാതന്ത്ര്യത്തിന്റെ പ്രകാശം ഉള്ളിലേന്തുന്ന ഒരു റഷ്യൻ സമൂഹമാണ് അവർ സ്വപ്നം കണ്ടത്. ഭരണകൂടം കൈയടക്കുക എന്നതുമാത്രമാണ് വിപ്ലവത്തിന്റെ ലക്ഷ്യമെന്ന് മാർക്സ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അവർ ഓർമിപ്പിച്ചു.

സമൂഹമായി റഷ്യൻ ജനങ്ങൾ മാറണമെങ്കിലോ? ചെഖോവിന്റെ വാക്കുകൾ ഗോർക്കി ഉദ്ധരിക്കുന്നു. ‘റഷ്യക്കാരൻ ഒരു വിചിത്ര ജീവിയാണ്. അവൻ ഒരീച്ചപോലെയാണ്. ഒന്നും അധികം പിടിച്ചു നിർത്താൻ അവനാവില്ല. ഒരാൾക്ക് ഒരു നല്ല ജീവിതം വേണമെങ്കിൽ അധ്വാനിക്കണം. സ്നേഹത്തോടെയും വിശ്വാസത്തോടെയുമുള്ള അധ്വാനം. അത് നമുക്ക് ചെയ്യാനറിയില്ല. വാസ്തുശില്പി രണ്ടോ മൂന്നോ നല്ല വീടുകൾ പണിതു കഴിഞ്ഞാൽ ശേഷിച്ച ജീവിതകാലം തീയേറ്റർ പരിസരത്തു ചുറ്റിത്തിരിഞ്ഞു കഴിക്കുന്നു. ഡോക്ടർ പ്രാക്ടീസ് ഉറപ്പിച്ചു കഴിഞ്ഞാൽ സയൻസുമായി ബന്ധം വിടർത്തുന്നു. സ്വന്തം ജോലിയുടെ പ്രാധാന്യത്തെപ്പറ്റി ബോധമുള്ള ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനെയും ഞാൻ കണ്ടിട്ടില്ല. ഒരു വിജയകരമായ ഡിഫെൻസ് നടത്തി പ്രശസ്തനായി കഴിഞ്ഞാൽ പിന്നെ സത്യത്തെ ഡിഫെൻഡ് ചെയ്യാനുള്ള മനഃസ്ഥിതിയില്ല അഭിഭാഷകന്.’

1957-ൽ ബാലറ്റ് പെട്ടിയിലൂടെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നു. അതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തിൽ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും ജാഥ നയിച്ചും മൈതാനങ്ങളിൽ ഇരമ്പിക്കൂടിയും വോട്ടുപെട്ടികൾ നിറച്ചും സഹായിച്ച ആൾക്കൂട്ടത്തെ, ഉത്തരവാദിത്തമുള്ള ഒരു സമൂഹമാക്കി മാറ്റിയെടുക്കാനുള്ള ഒരു മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതുകൊണ്ടാണ് ഇഎംഎസ് സമാരാധ്യനാവുന്നത്; മഹാനായ നേതാവാകുന്നത്.

അധികാര വികേന്ദ്രീകരണത്തിലൂടെ സമൂഹത്തിന്റെ പങ്കാളിത്തത്തെപ്പറ്റി ചിന്തിക്കുമ്പോഴും അദ്ദേഹത്തിന് കേരളത്തെപ്പറ്റി, മലയാളിയുടെ മാതൃഭൂമിയെപ്പറ്റി സമഗ്രമായ ഉത്കണ്ഠയുണ്ടായിരുന്നു. ഭാഷ, സാഹിത്യം, സംസ്‌കാരം എന്നിവയെപ്പറ്റി നിരന്തരം ചിന്തിച്ചു കൊണ്ടിരുന്നു. സമൂഹത്തിന്റ പണിത്തരവും പണിയായുധവും ഭാഷയാണെന്നു വിശ്വാസമുള്ളതുകൊണ്ടാണ് അദ്ദേഹം മലയാളത്തിന്റെ തനിമയും ചാരുതയും ലാളിത്യവും നിലനിർത്തണമെന്ന് ശഠിച്ചുകൊണ്ടിരുന്നത്.

സാഹിത്യ സമീപനങ്ങളിൽ തങ്ങൾക്ക് തെറ്റുപറ്റി എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ചിലർ പരിഹസിച്ചു. അദ്ദേഹത്തിന്റെ ആദ്യകാല സാഹിത്യ സിദ്ധാന്തങ്ങളോട് ഒരിക്കലും എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. പക്ഷെ തെറ്റുപറ്റി എന്ന് തോന്നിയാൽ അത് സമ്മതിക്കുക എന്നത് നമ്മുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക ജീവിതമണ്ഡലങ്ങളിൽ ഒരു മഹാരഥനും ഇവിടെ പതിവില്ല. അഹംബോധത്തെ കീഴടക്കി പരബോധത്തിന്റെ പ്രാധാന്യം അംഗീകരിക്കുക എന്ന ലക്ഷ്യമാണ് ഞാനിവിടെ കാണുന്നത്. എതിരഭിപ്രായക്കാരെ നേരിടാൻ പറ്റിയ വാദമുഖങ്ങൾ തിരയുന്നതിനിടക്ക്, സ്വന്തം വീക്ഷണം രൂപപ്പെടുത്താനുള്ള തുടക്കമിടാൻ കഴിഞ്ഞു എന്ന് ഇഎംഎസ് പറയുമ്പോൾ ഞാൻ അത്ഭുതപ്പെടുന്നു. രൂപപ്പെടുത്തി എന്നല്ല പറയുന്നത്, രൂപപ്പെടുത്താനുള്ള തുടക്കമിടുന്നു എന്നാണ്. ഇഎം എസിന് ഒരിക്കലും അന്വേഷണം അവസാനിക്കുന്നില്ല.

സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും വികാസത്തെയും പറ്റി എന്നോ രൂപം കൊണ്ട ചില പ്രമാണങ്ങളിൽത്തന്നെ മുറുകെ പിടിക്കുന്നവരെ കാലം പിന്തള്ളുന്നു. മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ സ്വാതന്ത്ര്യ സങ്കല്പങ്ങൾ നിരന്തരമായ വിശകലനത്തിനും തിരുത്തലിനും വിധേയമാക്കേണ്ടി വരുന്നു. എന്റെ പരിമിതമായ കാഴ്ചപ്പാടിൽ, നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കല്പത്തെ മാറ്റിയെടുക്കാനാണ് ഇഎംഎസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വപൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ട് തന്നെ.

കാലം സമൂഹത്തെ എത്തിക്കുന്ന ചില അവസ്ഥകളിൽ ചില നിമിത്തങ്ങളായി ചിലർ നേതൃത്വത്തിലെത്തുന്നു. ഉത്തരവാദിത്തത്തെ ഭയത്തോടെയല്ലാതെ ആദരവോടെ സ്വീകരിച്ച്,എല്ലാ വിധത്തിലുമുള്ള അടിച്ചമർത്തലുകളിൽ നിന്ന് മോചനം നേടാൻ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവിന് എന്നും പുതിയ പഥങ്ങളിലേക്ക് ചിന്തയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണവും അയച്ചു കൊണ്ടേയിരിക്കണം. അപ്പോൾ നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു. അതായിരുന്നു ഇഎംഎസ്. ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവർ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തയാറാകുമെന്ന് പ്രത്യാശിച്ചു കൊണ്ട് എന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

1 hour ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

9 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

10 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

10 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

11 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

11 hours ago