കരുവന്നൂർ കള്ളപ്പണക്കേസിൽ ഇ.ഡിയുടെ പിടിയിലായ പി.സതീഷ്‌കുമാറിന്റെ (വെളപ്പായ സതീശൻ) പക്കൽ ഒരു മുതിർന്ന സി.പി.എം നേതാവ് 500 പവൻ സ്വർണം ഏൽപ്പിച്ചിരുന്നതായി ഇ.ഡിക്ക് വിവരം ലഭിച്ചു. സതീശൻ പിടിയിലായതോടെ ഇയാളുടെ ഇടനിലക്കാരന്റെ പക്കലുണ്ടായിരുന്ന സ്വർണം തിരിച്ചുവാങ്ങിയതായും സൂചനയുണ്ട്.
സ്വർണം വീട്ടിലോ മറ്റോ വയ്ക്കുന്നത് അപകടമെന്ന് കണ്ടാണ് സതീശനെ ഏൽപ്പിച്ചത്. റെയ്ഡിൽ പിടിക്കപ്പെടുമെന്നും നേതാവിന് ആശങ്കയുണ്ടായിരുന്നു. ഇത്രയും സ്വർണം വാങ്ങാൻ കള്ളപ്പണം കൊണ്ടേ കഴിയൂവെന്നാണ് ഇ.ഡി വിലയിരുത്തൽ. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കും
നോട്ട് നിരോധനസമയം വൻതോതിൽ ഇടപാടു നടന്ന കേരളത്തിലെ 45 സഹകരണ ബാങ്കുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിരീക്ഷണത്തിൽ. കരുവന്നൂരിനും അയ്യന്തോളിനും പിന്നാലെ ഇൗ ബാങ്കുകളിൽ നടന്ന ഇടപാടുകളിലേക്കും അന്വേഷണമെത്തും. ഇതിനായി വിവരങ്ങൾ ഇ.ഡി നേരത്തേതന്നെ ശേഖരിച്ചതായി സഹകരണ വകുപ്പിലെ ഉന്നതർക്കും അറിയാം.
കേന്ദ്ര സഹകരണ നയത്തിൽ ആദ്യം പ്രഖ്യാപിച്ച ഏകീകൃത സോഫ്റ്റ്‌വെയർ എന്ന സംവിധാനത്തിൽനിന്നു കേരളം മാറിനിന്നതും ഇ.ഡിയും ആദായനികുതിവകുപ്പും ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ ഭയന്നാണ്. നോട്ട് നിരോധന സമയത്തു മാറ്റിക്കൊടുക്കുന്ന നോട്ടുകളുടെ കണക്കുകൾ സൂക്ഷിക്കണമെന്നു നിർദേശം നൽകിയെങ്കിലും നടപടി സർക്കുലറിൽ ഒതുങ്ങിയെന്നു തെളിയിക്കുന്നതാണു കരുവന്നൂർ ബാങ്കിലെ തട്ടിപ്പ്.
നിക്ഷേപകന്റെ കെവൈസി (അക്കൗണ്ട് രേഖകൾ) സൂക്ഷിക്കാതിരിക്കുകയും ഉറവിടം അറിയിക്കാത്ത പണം സ്വീകരിക്കുകയും ചെയ്താൽ അതു കള്ളപ്പണം എന്നാണ് ഇഡിയുടെ നിഗമനം. ഇത്തരത്തിലുള്ള നിക്ഷേപങ്ങളിലെല്ലാം ചോദ്യം വരും. നികുതി അടയ്ക്കുകയും വേണം. ആദായനികുതി വകുപ്പിന്റെ നിരീക്ഷണവും കേരളത്തിലെ സഹകരണ ബാങ്കുകളിലേക്കു വന്നിട്ടുണ്ട്. സഹകരണ ബാങ്കിൽ വോട്ടവകാശമുള്ള അംഗങ്ങൾ മാത്രമേ നിക്ഷേപം നടത്താവൂ എന്നാണ് ആർബിഐ നിയമം. എന്നാൽ കേരളം ഇത് അംഗീകരിക്കുന്നില്ല. നിക്ഷേപവുമായി വരുന്നവർക്കു നോമിനൽ അംഗത്വം നൽകി നിക്ഷേപം സ്വീകരിക്കുന്നതാണു രീതി. ഇത് അംഗീകരിക്കില്ലെന്ന ആദായനികുതിവകുപ്പിന്റെ നിലപാടിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണു കേരളം. ഇത്തരം നിക്ഷേപകരെ സംശയത്തോടെയാണ് ആദായനികുതിവകുപ്പ് കാണുന്നത്. പലപ്പോഴും വലിയ നിക്ഷേപം പോലും പല അക്കൗണ്ടുകളിലേക്കു വിന്യസിച്ചാണ് ഇത്തരം നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്.
ചില മുൻമന്ത്രിമാരുടെ ബന്ധുക്കളുടെ പേരിലുള്ള ഭൂമി, സ്വത്ത് സമ്പാദ്യത്തിലേക്കും ഇ.ഡി അന്വേഷണം നീളും. വടക്കാഞ്ചേരിയിൽ മുൻമന്ത്രിയുടെ അടുത്ത ബന്ധുവിന്റെ പേരിൽ കോടികൾ മുടക്കിയുള്ള ഭൂമിയിടപാട് സംശയാസ്പദമെന്നാണ് ഇ.ഡി നിഗമനം. ചില മുൻ മന്ത്രിമാർ, സതീശനെ തങ്ങളുടെ ഇടപാടുകളിലെ കമ്മിഷൻ വാങ്ങാൻ ഏൽപ്പിച്ചിരുന്നതായും വിവരമുണ്ട്. കണ്ണൂരിലെ ചില സി.പി.എം നേതാക്കളുമായുള്ള അടുപ്പത്തിലൂടെ സതീശനുമായി ഉറ്റബന്ധം ഇവർക്കുണ്ടായിരുന്നു.
കണ്ണൂരിലെ ഒരുഫാമിന് സമീപം ഏക്കർ കണക്കിന് ഭൂമി ഒരു മുൻമന്ത്രിയുടെ അടുത്ത ബന്ധുവിന്റെ പേരിൽ വാങ്ങിയിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. ഇതേപ്പറ്റി പാർട്ടിയിൽ പ്രതിഷേധമുയർന്നിരുന്നു. 40 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന് ഇ.ഡി സംശയിക്കുന്ന അയ്യന്തോൾ സഹകരണ ബാങ്കിൽ ചിലസി.പി.എം നേതാക്കളുടെ ബന്ധുക്കൾ ജീവനക്കാരാണ്. ഇവരുടെ സഹായത്തോടെയാകും കള്ളപ്പണം വെളുപ്പിച്ചതെന്നാണ് ഇ.ഡി നിഗമനം.
സി.പി.എം ഭരിക്കുന്ന പത്തോളം ബാങ്കിലാണ് സതീശൻ ഇടപാട് നടത്തിയതെന്നാണ് വിവരമെങ്കിലും കൂടുതൽ തുകയുടെ ഇടപാട് നടന്നിട്ടുള്ള പാർട്ടി ഭരിക്കുന്ന മറ്റു ചില ബാങ്കുകളിലും ഇ.ഡി അന്വേഷണമുണ്ടാകും. സതീശൻ ഇടപാട് നടത്തിയ 500 കോടിയുടെ വിശദാംശം ശേഖരിക്കുകയാണ് ഇ.ഡിയുടെ ലക്ഷ്യം. ചില പ്രമുഖരുടെ ബിനാമിയാണ് സതീശനെന്നാണ് ഇ.ഡി നിഗമനം. ജപ്തിയിലെത്തിയ വായ്പ തിരിച്ചടയ്ക്കാൻ സഹായിച്ചതിനുശേഷം ഉടമയുടെ പേരിൽ കൂടുതൽ തുകയെടുത്ത് വട്ടിപ്പലിശയ്ക്ക് നൽകാൻ തൃശൂരിൽ നിരവധി ബ്രോക്കർമാരെയും ഇടനിലക്കാരെയും സതീശൻ നിയോഗിച്ചിരുന്നതായും അറിയുന്നു. ഇവരിൽ പ്രധാനികളിലേക്കും അന്വേഷണം നീളും.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡിക്ക് മുന്നിൽ എ.സി മൊയ്‌തീൻ ഇന്ന് ഹാജരാകില്ല. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ മൊയ്തീനെ ഇ.ഡി അറസ്റ്റു ചെയ്യുമെന്ന അഭ്യൂഹം ശക്തമാകവെയാണ് ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചത്. നിയമസഭാ സാമാജികർക്കുള്ള ഓറിയന്റേഷൻ ക്ലാസ്സിൽ പങ്കെടുക്കേണ്ടതിനാൽ ഇന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് ഇമെയിലിലൂടെയാണ് എ.സി മൊയ്‌തീൻ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത്. മൊയ്തീൻ ഇന്ന് രാവിലെ തലസ്ഥാനത്തെത്തി.
തട്ടിപ്പിൽ മൊയ്തീനെ ബന്ധിപ്പിക്കുന്ന വിവരങ്ങളും മൊഴികളും ഇ.ഡിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റിലായ പി. സതീഷ്‌കുമാറുമായി മൊയ്‌തീനു ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന രേഖകളും ലഭിച്ചെന്നാണ് സൂചന. സതീഷ്‌കുമാറിന്റെ സാമ്പത്തികയിടപാടുകളിൽ ഇടനിലക്കാരനായി പ്രവർത്തിച്ച എ.കെ. ജിജോർ ഇ.ഡിക്ക് നൽകിയ മൊഴികളും ബാങ്ക് വായ്പകൾ അനുവദിച്ചതിൽ മൊയ്തീന്റെ ബന്ധം ആരോപിക്കുന്നതാണ്. മൊയ്തീന്റെ ബിനാമിയായി സതീഷ്‌കുമാർ പ്രവർത്തിച്ചെന്ന ആരോപണവും ഇ.ഡി പരിശോധിച്ചു. കഴിഞ്ഞ 11ന് ഒമ്പത് മണിക്കൂറോളം മൊയ്തീനെ ചോദ്യം ചെയ്തിരുന്നു. ഇ.ഡി ആവശ്യപ്പെട്ട രേഖകൾ മുഴുവനും അദ്ദേഹം ഹാജരാക്കിയിരുന്നില്ല. ഇന്ന് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.
