.അരിക്കൊമ്പന്‍റെ ഭീഷണി നീങ്ങിയതോടെ തേനി, മേഘമല വന്യജീവി സങ്കേതത്തിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. അരിക്കൊമ്പൻ ജനവാസമേഖലകളിൽ ഇറങ്ങിയ സാഹചര്യത്തിലായിരുന്നു വിലക്ക്.കഴിഞ്ഞ ഒരു മാസമായി വിലക്ക് തുടരുകയായിരുന്നു.
തമിഴ്നാട് വനം വകുപ്പാണ് വിലക്ക് പിൻവലിച്ചത്.അതിനിടെ അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ കിട്ടുന്നില്ലെന്ന് റിപ്പോര്‍ട്ട്.ഇന്നലെ രാത്രി മുതലാണ് സിഗ്നൽ നഷ്ടമായത്.50 അംഗ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്.ആന ഉൾവനത്തിലേക്ക് കയറിയത് കൊണ്ടാകാം സിഗ്നൽ നഷ്ടമായത് എന്ന് വിലയിരുത്തുന്നു. കോതയാർ അണക്കെട്ട് പരിസരത്ത് നിന്നാണ് അവസാനം സിഗ്‌നൽ ലഭിച്ചത്
അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തമിഴ്നാട് വനംവകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തെളിവായി ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. അരിക്കൊമ്പൻ തീറ്റയെടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. തമിഴ്‌നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ട്വിറ്ററിലൂടെയായിരുന്നു വീഡിയോ പങ്കു വച്ചത്. കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ മണിമുത്താർ ഡാം സൈറ്റിനോട് ചേർന്നുള്ള പ്രദേശത്തെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരുന്നത്.. ജലസംഭരണിക്ക് സമീപം പുല്ലു പറിച്ച് കഴുകി വൃത്തിയാക്കി കഴിക്കുന്നതാണ് ദൃശ്യങ്ങളിൽ. തുമ്പിക്കൈയിലെ മുറിവ് ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു