അമൽ ജ്യോതി കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോട്ടയം എസ്‌പി ശ്രദ്ധയുടെ ആത്മഹത്യാ കുറിപ്പെന്ന നിലയിൽ ഉയർത്തിക്കാട്ടിയ തെളിവ് വ്യാജമാണെന്ന് മരിച്ച ശ്രദ്ധയുടെ സഹോദരൻ ആരോപിച്ചു.അന്വേഷണത്തിൽ ആശങ്കയുണ്ട്. മുൻപ് സമൂഹമാധ്യമത്തിൽ സുഹൃത്തുക്കളോട് പങ്കുവെച്ച സന്ദേശം സാഹചര്യം മാറ്റി ഉപയോഗിക്കുകയാണ്.മാനേജ്മെന്റിനെ സഹായിക്കാനാണ് ഇതിലൂടെ പോലീസ് ശ്രമിക്കുന്നത്. ശ്രദ്ധയുടെ മരണത്തെ തുടർന്ന് കോളേജിലുണ്ടായ സമരം അവസാനിപ്പിക്കുന്നതിനടക്കം വിളിച്ച യോഗങ്ങളിൽ കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കാത്ത സർക്കാർ നടപടിയും ശെരിയല്ല.
കേസുമായി ബന്ധപ്പെട്ട് കുടുംബത്തെ വിളിക്കാനോ സംസാരിക്കാനോ പൊലീസ് തയ്യാറാകുന്നില്ലെന്ന് അച്ഛനും സഹോദരനുമടക്കം ബന്ധുക്കൾ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ കണ്ട് പരാതി പറയാനാണ് തങ്ങൾ ശ്രമിക്കുന്നത്. ശ്രദ്ധയുടെ ആത്മഹത്യയും തുടർന്നുണ്ടായ പ്രതിഷേധത്തെയും വർഗീയവത്കരിക്കാനാണ് കോളേജ് മാനേജ്മെന്റിന്റെ ശ്രമം. മാനേജ്മെന്റ് ഒരുക്കുന്ന കെണിയിൽ സർക്കാർ വീണു പോവുകയാണ്. പ്രശ്നത്തിൽ കോടതിയെ സമീപിക്കാനാണ് കുടുബത്തിന്റെ ആലോചന. ശ്രദ്ധയുടേത് ആത്മഹത്യ എന്ന് വരുത്തി തീർക്കാനുള്ള പൊലീസ് നീക്കം അംഗീകരിക്കില്ലെന്നും കുടുംബം വ്യക്തമാക്കി.
ശ്രദ്ധ സതീഷിന്റെ ആത്മഹത്യയുടെയും തുടർസംഭവങ്ങളുടെയും അടിസ്ഥാനത്തിൽ പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് അമൽ ജ്യോതി കോളേജ് അധിക്യതർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കോളേജിന്റെ പ്രവർത്തനം തടസപ്പെടുത്തുന്നുവെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.
