വ്യാജ രേഖ ചമച്ച് ഗസ്റ്റ് ലക്ച്ചറർ പോസ്റ്റിൽ ജോലിക്ക് അപേക്ഷിച്ച കെ വിദ്യയുടെ കേസ് ഇനി അഗളി പോലീസ് അന്വേഷിക്കും. കേസ് അഗളി പൊലീസിന് കൈമാറിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.
കഴിഞ്ഞ അക്കാദമിക് വര്‍ഷത്തിലാണ് കെ വിദ്യ കരിന്തളം കോളജില്‍ താത്ക്കാലിക അധ്യാപികയായി ജോലി ചെയ്തത്. അന്ന് സമര്‍പ്പിച്ച രേഖകളില്‍ മഹാരാജാസിലെ വ്യാജ രേഖയും ഉള്‍പ്പെട്ടിരുന്നു. അട്ടപ്പാടി കോളജിലെ വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഇത് കോളജ് അധികൃതര്‍ പരിശോധിച്ചതും തിരിച്ചറിഞ്ഞതും. ഇത് സ്ഥിരീകരിക്കുന്നതിനായി അധികൃതര്‍, മഹാരാജാസ് കോളജിലേക്ക് അയച്ചുകൊടുക്കുകയും വ്യാജമാണെന്ന് ഉറപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് പരാതി നല്‍കാനുള്ള നീക്കം.
അതേസമയം കാലടി സര്‍വകലാശാലയില്‍ വിദ്യയുടെ പി.എച്ച്.ഡി പ്രവേശനത്തിനായി നടന്ന വഴിവിട്ട നീക്കങ്ങളുടെ കൂടുതല്‍ തെളിവുകളും പുറത്തു വന്നിട്ടുണ്ട്.
സര്‍വകലാശാലയിലെ റിസര്‍ച്ച് കമ്മിറ്റി മലയാളം പി എച്ച് ഡി പ്രവേശനത്തിനായി ആദ്യം ശുപാര്‍ശ ചെയ്തത് 10 പേരുകളാണ്. എന്നാല്‍ ഇതിനു പുറമേ അഞ്ചുപേരെ കൂടി ഉള്‍പ്പെടുത്താന്‍ പിന്നീട് തീരുമാനിച്ചു. വിദ്യയെ തിരുകിക്കയറ്റാനായിരുന്നു ഇത്. ആദ്യപത്തില്‍ സംവരണം മാനദണ്ഡം പാലിച്ചപ്പോള്‍ അധികമായി ഉള്‍പ്പെടുത്തിയ സീറ്റുകളില്‍ അട്ടിമറിച്ചു. എസ് സി, എസ്ടി സെല്ലിന്റെ റിപ്പോര്‍ട്ടും അട്ടിമറി തെളിയിക്കുന്നു.