ജാംനഗര്‍: ഗുജറാത്തിലെ ജാംനഗറിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. ഗൗരവ് ഗാന്ധി (41) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.രാത്രിയില്‍ ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതം മൂലമായിരുന്നു മരണം. എല്ലാ ദിവസത്തെയും പോലെ തിങ്കളാഴ്ച രാത്രിയും രോഗികളെ കണ്ടതിന് ശേഷം അദ്ദേഹം ആശുപത്രി ഷെഡ്യൂൾ പൂർത്തിയാക്കിയിരുന്നു.
തുടർന്ന് പാലസ് റോഡിലെ വസതിയിലേക്ക് മടങ്ങി. അത്താഴത്തിന് സാധാരണ പോലെ തന്നെ ഭക്ഷണം കഴിച്ച ശേഷമാണ് ഉറങ്ങാനായി പോയത്. ഈ സമയത്തൊന്നും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഒന്നും അനുഭവപ്പെട്ടില്ലായിരുന്നുവെന്നും ഒരു പ്രശ്നവും പറഞ്ഞില്ലായിരുന്നുവെന്നും ഗൗരവ് ഗാന്ധിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായി കാഴ്ചയിലും തോന്നിച്ചിരുന്നില്ല. എന്നാല്‍, രാവിലെ ആറ് മണിയോടെ എന്നും ഉണരാറുള്ള ഗൗരവ് എഴുന്നേല്‍ക്കാതിരുന്നതോടെയാണ് കുടുംബാംഗങ്ങൾ എത്തി വിളിച്ചത്.
കിടക്കയിൽ നിന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോള്‍ പ്രതികരിക്കാതായതോടെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ട് പോയി. തുടര്‍ന്ന് പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് ഗൗരവിനെ മരണത്തിന് കാരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തന്‍റെ മെഡിക്കല്‍ ജീവിതത്തില്‍ 16,000 ഹൃദയ ശസ്ത്രക്രിയകൾ നടത്തിയിട്ടുള്ള ഹൃദ്രോഗ വിദഗ്ധനാണ് ഡോ. ഗൗരവ് ഗാന്ധി.