തമിഴകത്തിന്റെ തലൈവർ എം കെ സ്റ്റാലിന്റെ മകന്റെ കമ്പനിയിൽ നിന്നും കോടികൾ കണ്ടെത്തിയ കഥകളാണ് പുറത്തുവരുന്നത്. ഡി എം കെ ഫയൽസ് പുറത്തുവിട്ട ആരോപണങ്ങൾ ശെരിവക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. തലൈവരുടെ മകൻ നടത്തിയ അഴിമതികളിൽ മകന് മാത്രമായിരിക്കില്ല പങ്കുള്ളതെന്നു വ്യക്തം. അത് മാത്രമല്ല ഇതുമായി ബന്ധപ്പെട്ട കേസ് കൊടുത്ത വ്യക്തിയെ ഉദയനിധി സ്റ്റാലിൻ ഫൌണ്ടേഷൻ എന്ന തമിഴ്നാടു മുഖ്യ മന്ത്രിയുടെ മകന്റെ കമ്പനിയുമായി തെറ്റിച്ചത് ആരാണെന്ന രഹസ്യവും പുറത്തു വരേണ്ടതുണ്ട്. എന്തായാലും ഈ ഡി പുറത്തു വിട്ട വിവരങ്ങൾ ഇങ്ങനെ ആണ്.
ഉദയനിധി സ്റ്റാലിൻ ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിലെ 34.7 ലക്ഷം രൂപയാണ് ഇഡി കണ്ടുകെട്ടിയത്. കല്ലൽ ഗ്രൂപ്പ് കള്ളപ്പണമിടപാടും, പൊന്നിയൻ സെൽവൻ 1, 2 സിനിമകൾ എടുത്ത ലൈക്ക പ്രൊഡക്ഷൻസുമായി ബന്ധപ്പെട്ടതാണ് കേസ്. ഈ കമ്പനികളിൽ നേരത്തെ ഇഡി റെയ്ഡ് നടത്തിയിരുന്നു. തമിഴ്‌നാട്ടിൽ ഉടനീളമുള്ള 36.3 കോടി മൂല്യമുള്ള വിവിധ സ്ഥാവര സ്വത്തുക്കളും ഈ റെയ്ഡിൽ കണ്ടുകെട്ടിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഉദയ്‌നിധി സ്റ്റാലിൻ ഫൗണ്ടേഷന്റെ അക്കൗണ്ടിലെ 34.7 ലക്ഷം കണ്ടുകെട്ടി എന്നാണ് ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചത്. ഫൗണ്ടേഷന് കള്ളപ്പണത്തിൽ നിന്ന് ഒരുകോടി കിട്ടിയിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ ഇതിനെ കുറിച്ചുള്ള കൃത്യമായ വിവരം നല്കാൻ കഴിഞ്ഞില്ല എന്നാണ് അറിയുന്നത്.
ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് -1 രജിസറ്റർ ചെയ്ത് കേസാണ് ഇഡി അന്വേഷിച്ചത്.ലൈക്ക ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ പെറ്റിഗോ കൊമോഴ്‌സ്യോ ഇന്റർനാഷണലിന്റെ ഡയറക്ടർ ഗൗരവ് ചാച്രയാണ് പരാതിക്കാരൻ. കല്ലൽ ഗ്രൂപ്പും, അതിന്റെ സ്ഥാപകരായ ശരവണൻ പളനിയപ്പനും, വിജയകുമാരനും, അരവിന്ദ് രാജും, വിജയ് ആനന്ദും, ലക്ഷ്മി മുത്തുരാമനും, പ്രീത വിജയാനന്ദും ചേർന്ന് 114.37 കോടി തട്ടിച്ചുവെന്നാണ് പരാതി. പെറ്റിഗോ കൊമോഴ്‌സ്യോ യുകെ കേന്ദ്രമായുള്ള ലൈക്ക ഗ്രൂപ്പിന്റെ ഉപസ്ഥാപനം ആണെന്ന് മാത്രമല്ല, ലൈക്ക പ്രൊഡക്ഷൻസ്, ലൈക്ക ഹോട്ടൽസ് എന്നീ സ്ഥാപനങ്ങളുണ്ട്. ലൈക്ക പ്രൊഡക്ഷൻസ് പൊന്നിയൻ സെൽവന് പിന്നാലെ, രജനികാന്ത്, അജിത്, കമൽഹാസൻ എന്നിവരുടെ ചിത്രങ്ങളും നിർമ്മിക്കാൻ ഒരുങ്ങുകയാണ്.. 2014 ൽ, ശുഭാസ്‌കരൻ അല്ലിരാജയാണ് ലൈക്ക പ്രൊഡക്ഷൻസ് സ്ഥാപിച്ചത്. ലൈകാ മൊബൈലിന്റെ ഉപഗ്രൂപ്പായ സ്റ്റുഡിയോ ദക്ഷിണേന്ത്യയിലെ സിനിമാ നിർമ്മാണത്തിലും ബിസിനസിലും ഏർപ്പെട്ടുവരുന്നു.
പരാതിക്ക് പിന്നാലെ ഏപ്രിൽ 27 നും, മെയ് 16 നുമായി പരാതിക്കാരന്റെയും ആരോപണവിധേയന്റെയും സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തി. ഈ റെയ്ഡിൽ ഡിജിറ്റൽ തെളിവുകളും, രേഖകളും, സംശയകരമായ പണമിടപാടുകളും, ഹവാല ഇടപാടുകളും കണ്ടെത്തി. ഈ പരാതി ഗൗരവിനെ കൊണ്ട് കൊടുപ്പിച്ചതിനു പിന്നിലും ബി ജെ പിയുടെ കരങ്ങളുണ്ടോ എന്ന ഊഹാപോഹങ്ങളും പുറത്തു വ്യാപകമായി കറങ്ങുന്നുണ്ട്. കാരണം ഗൗരവുമായി കമ്പനിക്ക് മറ്റു വിഷയങ്ങൾ ഒന്നും ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. കമ്പനിയുടെ വിശ്വസ്തനായി നടന്ന ആളാണ് ഗൗരവ്. പിന്നെ പെട്ടന്ന് എന്തുകൊണ്ടാണ് ഒരു പരാതിയിലേക്ക് പോയതെന്നതിൽ വ്യക്തതയില്ല. അന്വേഷണം തന്നിലേക്കും സ്വാഭാവികമായി നീളുമെന്ന് ഗൗരവിന് അറിയാൻ കഴിയും. എന്നിട്ടും പരാതിയുമായി ഒരുമ്പെട്ട് ഇറങ്ങണമെങ്കിൽ അതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളും വ്യക്തിപരമായ നേട്ടങ്ങളും കാണുമെന്നു ഉറപ്പ്.
എന്തായാലും കള്ളപ്പണം കിട്ടിയ വഴിയിലേക്കുള്ള അന്വേഷണമാണ് ഉദയനിധി സ്റ്റാലിൻ ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിലും എത്തിയത്. 2021 ഓഗസ്റ്റിലാണ് ഉദയനിധി സ്റ്റാലിൻ ദരിദ്രരുടെ ഉന്നമനത്തിനായി ഫൗണ്ടേഷൻ സ്ഥാപിച്ചത്.
ഒന്നാംഘട്ടം പുറത്തു വിട്ടതിനു പിന്നാലെ ഡി എം കെ ഫയൽസിന്റെ രണ്ടാംഘട്ടം ജൂലായിൽ പുറത്തു വിടുമെന്ന് തമിഴ്നാട് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ കുപ്പുസ്വാമി വെളിപ്പടുത്തിയിരുന്നു. ആദ്യ ഘട്ടം പുറത്തുവിട്ട ആരോപണങ്ങൾക്കെതിരെ അണ്ണാമലൈയുടെ പേരിൽ ഡി എം കെ ട്രെഷറർ ടി ആർ ബാലു മാനനഷ്ടക്കേസ് കൊടുത്തതിനു പിന്നാലെയായിരുന്നു അണ്ണാമലൈയുടെ ഈ വെളിപ്പെടുത്തൽ. അതായത് ഒന്ന് പോടാപ്പാ സ്റ്റൈൽ.
ഡി.എം.കെ.യിലെ 11 നേതാക്കൾക്കെതിരായ ആരോപണങ്ങളാണ് അണ്ണാമലൈ കഴിഞ്ഞമാസം പുറത്തുവിട്ട പട്ടികയിൽ ഉണ്ടായിരുന്നത്. പുതിയ മന്ത്രിമാരടക്കം 21 പേരുടെ പട്ടികയാണ് ഇനി പുറത്തുവിടുക. ഏപ്രിൽ 14-ന് അണ്ണാമലൈ പുറത്തുവിട്ട പട്ടികയിൽ 2006 മുതൽ 2011 വരെയുള്ള ഡി.എം.കെ. ഭരണകാലത്തെ അഴിമതിയാരോപണങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത്. ആരോപണങ്ങൾ പിൻവലിച്ച് മാപ്പുപറയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മന്ത്രി ഉദയനിധി സ്റ്റാലിനും ഡി.എം.കെ. നേതൃത്വവും അണ്ണാമലൈ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് വക്കീൽനോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് അണ്ണാമലൈയുടെ ആരോപണങ്ങൾ ശരിവെക്കുന്നരീതിയിൽ മന്ത്രി പഴനിവേൽ ത്യാഗരാജൻ നടത്തിയതായി പറയുന്ന വെളിപ്പെടുത്തലിന്റെ ശബ്ദരേഖ പുറത്തുവന്നതും, ഡി.എം.കെ. ബന്ധമുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ ആദായനികുതി റെയ്ഡ് നടന്നതും. മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്റെ മകൻ ഉദയനിധിയും മരുമകൻ ശബരീശനും അടുത്തകാലത്തു സമ്പാദിച്ച സ്വത്തിനെക്കുറിച്ചുള്ള പരാമർശങ്ങളായിരുന്നു 26 സെക്കൻഡ് ദൈർഘ്യമുള്ള വ്യക്തത കുറവുള്ള ശബ്ദരേഖയിലുണ്ടായിരുന്നത്. ശബ്ദരേഖ ബി.ജെ.പി. നേതാക്കൾ കൃത്രിമമായി സൃഷ്ടിച്ചതാണ് എന്നാണ് പി.ടി.ആർ. പറഞ്ഞതെങ്കിലും അദ്ദേഹത്തിന് ധനവകുപ്പ് നഷ്ടപ്പെടുന്നതിലാണ് അത് കലാശിച്ചത്.ശബ്ദരേഖ പുറത്തുവിട്ടതിന് തനിക്കെതിരേ കേസുകൊടുക്കാൻ അണ്ണാമലൈ സ്റ്റാലിനെ വെല്ലുവിളിച്ചു.
സ്റ്റാലിൻ കേസുനൽകിയാൽ പി.ടി.ആറിന്റെ ശബ്ദരേഖയുടെ പൂർണരൂപം കോടതിയിൽ സമർപ്പിക്കുമെന്ന് അണ്ണാമലൈ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
ഇതിനൊക്കെ പുറമേയാണ് തമിഴ്‌നാട് മുഖ്യന്റെ മകന്റെ പേരിലുള്ള സ്ഥാപനത്തിൽ റെയ്ഡ് നടക്കുന്നതും കോടികൾ പിടിച്ചെടുക്കുന്നതും. ബി ജെ പി എന്തായാലും ഇതൊരു രാഷ്ട്രീയ ആയുധമാകുമെന്നു ഉറപ്പ്. ഇനി വരും മണിക്കൂറുകളിൽ ഇതിനെ കുറിച്ചുള്ള രാഷ്ട്രീയ പോര് ഉറപ്പാണ്.
