കരുവാരക്കുണ്ടിൽ ട്രക്കിങ്ങിനു പോയി മലമുകളിൽ കുടുങ്ങിയ രണ്ട് യുവാക്കളെയും രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസീം, അഞ്ജൽ എന്നിവരെയാണ് അഞ്ച് മണിക്കൂറിലേറെ സമയം നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ തിരിച്ചിറക്കിയത്. ചേരി കൂമ്പൻമല കയറിയ മൂന്ന് യുവാക്കളിൽ 2 പേരാണ് തിരിച്ചിറങ്ങാൻ കഴിയാതെ മലമുകളിൽ കുടുങ്ങിയത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ഇവർ ട്രക്കിങ്ങിന് പോയത്. ഉച്ചയ്ക്ക് 3 മണിയോടെ ശക്തമായ മഴ പെയ്തു. ചോലകളിൽ വെള്ളം കയറിയതോടെ രണ്ടു പേർ പാറക്കെട്ടിൽ വഴുതി വീഴുകയായിരുന്നു. ഇതോടെ ഇവർക്ക് താഴേക്ക് ഇറങ്ങാൻ കഴിയാതാകുകയായിരുന്നു. തുടർന്ന് താഴെയെത്തിയ മൂന്നാമൻ ഷംനാസ് നൽകിയ വിവരമനുസരിച്ച് പൊലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലാണ് ഇരുവരെയും കണ്ടെത്തിയത്. പ്രദേശവാസികളായ ഇരുവർക്കും സ്ഥലത്തെ കുറിച്ച് വ്യക്തമായ വിവരവുമുണ്ടായിരുന്നു. ഒരാളുടെ കാലിന് പൊട്ടലുണ്ടെന്നതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്.
