മൂന്ന് മക്കളെയും കൊലപ്പെടുത്തി അമ്മയും സുഹൃത്തും ആത്മഹത്യ ചെയ്ത ദാരുണ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മൂത്ത മകൻ സൂരജിനെ ജീവനോടെയാണ് കെട്ടി തൂക്കിയതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇളയ മക്കളെ കൊലപ്പെടുത്തിയ ശേഷമാണ് കെട്ടി തൂക്കിയെന്നുമാണ് റിപ്പോർട്ടിലുള്ളത്. മൂന്നു കുട്ടികൾക്കും ഉയർന്ന അളവിൽ ഉറക്ക ഗുളിക നൽകിയിരുന്നു. ഇളയമക്കളെ മരണം ഉറപ്പാക്കിയ ശേഷമാണ് സ്റ്റെയർകേസിൽ കെട്ടിത്തൂക്കിയത്. എന്നാൽ മൂത്ത മകന് ആ സമയം ജീവനുണ്ടായിരുന്നു എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏത് തരം ഉറക്കഗുളികയാണ് നൽകിയത് എന്ന വിവരമെല്ലാം ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോർട്ട് പുറത്തു വന്നതിനുശേഷം മാത്രമേ അറിയുവാൻ സാധിക്കുകയുള്ളു.
നിർമ്മാണത്തൊഴിലാളിയായ മുളപ്ര വീട്ടിൽ ഷാജി (40), ചെറുവത്തൂർ സ്വദേശി കുടിയിൽ ശ്രീജ (38), ശ്രീജയുടെ മക്കളായ സൂരജ് (12), സുബിൻ (8), സുരഭി (6) എന്നിവരെ ബുധനാഴ്ചയാണ് ശ്രീജയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഷാജിയും ശ്രീജയും കഴിഞ്ഞ 16നാണ് വിവാഹിതരായത്. നിയമപരമായി മുൻവിവാഹബന്ധം ഇരുവരും വേർപെടുത്തിയിട്ടില്ല. വീട് ഒഴിയണമെന്നാവശ്യപ്പെട്ട് ശ്രീജയുടെ മുൻഭർത്താവ് നൽകിയ പരാതിയിൽ ഇന്നലെ ശ്രീജയെയും ഷാജിയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നതായും പൊലീസ് അറിയിച്ചു. ഷാജിക്ക് ആദ്യഭാര്യയിൽ രണ്ട് മക്കളുണ്ട്.’മക്കളെ കൊന്നു, ഞങ്ങളും മരിക്കുന്നു” എന്ന് യുവതി വെളുപ്പിന് ആറോടെ ചെറുപുഴ സ്റ്റേഷനിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്. ശ്രീജ വിളിച്ചറിയിച്ച് 15 മിനിട്ടിനകം പൊലീസ് വീട്ടിലെത്തി. അപ്പോഴാണ് അയൽവാസികൾ സംഭവമറിയുന്നത്. അകത്തുനിന്ന് പൂട്ടിയിരുന്ന വാതിൽ ചവിട്ടിപ്പൊളിച്ച് കയറിയപ്പോഴേക്കും അഞ്ചുപേരും മരിച്ചിരുന്നു.
ഷാജിയെയും ശ്രീജയെയും കിടപ്പുമുറിയിലെ ഫാനിലും സൂരജിനെ ഹാളിലും സുബിനെനും സുരഭിയെയും സ്റ്റെയർകെയ്സ് കമ്പിയിലുമാണ് കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത്. ശ്രീജയുടെ മുൻ ഭർത്താവിന്റെ പേരിലുള്ള വീട് ഒഴിഞ്ഞു കാെടുക്കണമെന്ന പരാതിയിൽ പൊലീസും പ്രാദേശിക രാഷ്ട്രീയ നേതാക്കളും പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തിവരികയായിരുന്നു. ഷാജിയുടെ ആദ്യ ഭാര്യയും പരാതിയുമായി ജനപ്രതിനിധികളെ സമീപിച്ചിരുന്നു. നിർമ്മാണ ജോലിക്കാരായിരുന്ന ഷാജിയും ശ്രീജയും ഒരു വർഷം മുമ്പ് അടുക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
