സാനിറ്ററി പാഡുകൾ ഉൾപ്പെടെയുള്ള വേസ്റ്റുകൾ സെക്രട്ടേറിയറ്റിൽ നിക്ഷേപിച്ച് ഉദ്യോഗസ്‌ഥർ. ഇതിനെതിരെ സർക്കുലർ ഇറക്കിയിരിക്കുകയാണ് ഹൌസ് കീപ്പിംഗ് വിഭാഗം. മാലിന്യം നിക്ഷേപിക്കാനായി ഓരോ ഡിപ്പാർട്ട്മെന്റുകളിലും സ്ഥാപിച്ചിട്ടുള്ള ബക്കറ്റുകളിലാണ് വീടുകളിലെ മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തിയത്.
ഒരു വർഷത്തിനുള്ളിൽ കേരളം മാലിന്യമുക്തമാക്കുമെന്നും ഇതിന്റെ തുടക്കമായി ജൂൺ 5ന് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വംയഭരണ സ്ഥപാനങ്ങളും മാലിന്യം വലിച്ചെറിയൽ മുക്തമാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സെക്രട്ടറിയേറ്റിലെ ഈ ദുരവസ്ഥ. മാലിന്യ സംസ്കരണം പൗരധർമ്മമായി ഏറ്റെടുക്കുന്ന സംസ്കാരം വളർത്തിയെടുക്കണം.കൂടാതെ മാലിന്യ സംസ്‌കരണത്തിൽ പുലർത്തേണ്ട ശ്രദ്ധയും പ്രാധാന്യവും വ്യക്തമാക്കുന്നതാണ് ബ്രഹ്മപുരം സംഭവം. ഇത് ആവർത്തിക്കാൻ പാടില്ല.
ജൂൺ അഞ്ചിനു മുൻപ് 100 ശതമാനം മാലിന്യവും ഉറവിടത്തിൽത്തന്നെ തരംതിരിക്കാൻ കഴിയണം. 2024 മാർച്ച് 30നുള്ളിൽ പൂർണമായും ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനത്തോടെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാലിന്യ സംസ്‌കരണ സംവിധാനം ഉറപ്പാക്കണമെന്നും ഒക്കെയാണ് മുഖ്യമന്ത്രി അന്ന് യോഗത്തിൽ പറഞ്ഞിരുന്നത്. എന്നാൽ തലസ്ഥാനത്തു ഭരണസിരാ കേന്ദ്രത്തിൽ തന്നെ ഇതെല്ലം പാളുന്നു അവസ്ഥയാണ് ഇന്നിപ്പോൾ പുറത്തു വരുന്നത്.
അവശിഷ്ടങ്ങൾ കാരണം രൂക്ഷമായ ഗന്ധം ഉണ്ടാകുന്നതായി ജീവനക്കാരിൽനിന്നു പരാതികളും ലഭിച്ചു എന്നും എല്ലാ മൂന്നു മാസം കൂടുമ്പോഴും ശുചിത്വം സംബന്ധിച്ച നിർദേശം നൽകാറുണ്ടെങ്കിലും വീട്ടിലെ മാലിന്യങ്ങള്‍ ഓഫിസിൽ നിക്ഷേപിക്കുന്ന പ്രവണത തുടരുകയാണെന്നുമാണ് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിങ് വിഭാഗം പറയുന്നത്. മാലിന്യം തള്ളുന്ന ജീവനക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് സാധ്യത. വേസ്റ്റ് ബിന്നുകൾ സിസിടിവി ക്യാമറയുടെ പരിധിയിൽ കൊണ്ടുവരും.
എല്ലാ ജീവനക്കാരും ആഹാരവും വെള്ളവും കൊണ്ടുവരുന്നതിന് പൊതികളും പ്ലാസ്റ്റിക് കുപ്പികളും ഒഴിവാക്കി കഴുകി ഉപയോഗിക്കാൻ കഴിയുന്ന പാത്രങ്ങൾക്ക് മുൻഗണന നൽകണം. കുപ്പിയിൽ അലങ്കാര ചെടികൾ ഇട്ടുവയ്ക്കുന്നത് ഒഴിവാക്കാനും നിർദേശം നൽകി. പലയിടത്തും വെള്ളത്തിൽ കൂത്താടികളുടെ സാന്നിധ്യം കണ്ടെത്തിയതിനാലാണിത്. ഡെങ്കിപ്പനിപോലെ ജലജന്യ രോഗങ്ങൾ പടർന്നുപിടിക്കുന്നതിന് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. സെക്രട്ടേറിയറ്റിലെ പലഭാഗങ്ങളിലായി ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങൾ സുരക്ഷാ പ്രശ്നമുള്ളതിനാൽ നീക്കം ചെയ്യാനും സർക്കുലറിൽ നിർദേശം നല്‍കിയിട്ടുണ്ട്.