
ലഹരി ഉപയോഗത്തിന്റെ ഞെട്ടിക്കുന്ന വിവരം പുറത്തു വിട്ട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ സേതുരാമൻ. കേരളത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കിടയിലും ലഹരി ഉപയോഗം വ്യാപകമാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കെ സേതുരാമന്റെ വെളിപ്പെടുത്തൽ.ഒരു എസ്. പിയുടെ രണ്ടുമക്കളും ലഹരിക്ക് അടിമകളാണെന്നാണ് കമ്മീഷണർ പറഞ്ഞത്. ഉദ്യോഗസ്ഥർ സ്വയം ഇക്കാര്യം പരിശോധിക്കണമെന്നും ക്വാർട്ടേഴ്‌സുകളിൽ ഈ കാര്യം പരിശോധിക്കണമെന്നും കമ്മിഷണർ ആവശ്യപ്പെട്ടു.കേരളത്തിൽ കഞ്ചാവ്, എംഡിഎഎ എന്നിവയുടെ ഉപയോഗം വർധിക്കുകയാണ്.
ദേശീയ ശരാശരി വെച്ചു നോക്കുമ്പോൾ കേരളത്തില്‍ ലഹരി ഉപയോഗം കുറവാണ്. എന്നാൽ നിരക്ക് വേഗം ഉയരാൻ സാധ്യതയെന്നും കെ സേതുരാമന്‍ മുന്നറിയിപ്പ് നല്‍കുന്നു. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്നും കെ സേതുരാമൻ ആവശ്യപ്പെട്ടു.
നേരത്തെ സിനിമാ താരങ്ങള്‍ക്കിടയിലെ ലഹരി ഉപയോഗത്തേക്കുറിച്ച് അറിവുണ്ടെന്ന് കെ സേതുരാമന്‍ വിശദമാക്കിയിരുന്നു. ഇവർ ലഹരിമരുന്ന് കൈവശം വെക്കുമ്പോഴോ ഉപയോഗിക്കുന്ന സമയത്തോ മാത്രമേ പിടികൂടാനാകൂവെന്നതാണ് പരിമിതി. സഹായികളാണ് ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്നത്. ഈ താരങ്ങളുടെ പിന്നാലെ പൊലീസ് ഉണ്ടെന്നും ഇന്നല്ലെങ്കിൽ നാളെ ഇവർ പിടിയിലാകുമെന്നും കമ്മീഷണർ നേരത്തെ പ്രതികരിച്ചിരുന്നു.
മയക്കുമരുന്ന് ഏത് സ്ഥലത്ത് വെച്ച് ഉപയോഗിച്ചാലും കുറ്റകരമാണ്. അതിനാൽ സിനിമാ സെറ്റിൽ പരിശോധന നടത്താൻ തടസമില്ല. കേരളത്തിലെ ലോകമറിയുന്ന കലാകാരന്മാർ ആരും മയക്കുമരുന്ന് ഉപയോഗിച്ചല്ല താരങ്ങളായത്. അവരിൽ പലരും തങ്ങളെ സഹായിക്കുന്നുണ്ടെന്നും കൊച്ചിയിലെ സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഉപയോഗം കുറഞ്ഞിട്ടുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഇടയ്ക്ക് ആലുവയിൽ പിടികൂടിയ മയക്കുമരുന്നിന്റെ ഉറവിടം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണം ചെന്നെത്തിയത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മകനിലായിരുന്നു. മകനെ പിടികൂടുമെന്നായപ്പോൾ ഈ ഉദ്യോഗസ്ഥൻ വിദേശത്തേക്ക് കടക്കാൻ സഹായം ചെയ്തതിനു ഇയാളുടെ ജോലി തിരിച്ചിരുന്നു. വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആയിരുന്നു ഈ സംഭവം.