സി പി ഐ – സി പി എം പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിൽ സി പി ഐക്കാരന്റെ തള്ളവിരൽ സി പി എം പ്രവർത്തകൻ കടിച്ചുമുറിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം വിട്ട് സി.പി.ഐയിലേക്ക് എത്തിയ മഹേഷിനാണ് കൈവിരല്‍ നഷ്ടമായത്.പാര്‍ട്ടി വിട്ടതിനെ ചൊല്ലിയുണ്ടായ അസ്വാരസ്യങ്ങള്‍ ആണ് തമ്മിൽത്തല്ലിനു കാരണമെന്ന് അറിയുന്നു. കല്യാണവീട്ടിൽ വെച്ചാണ് അയൽവാസികളും ബന്ധുക്കളുമായ സി.പി.ഐ.-സി.പി.എം പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായത്.
ഞായറാഴ്ച രാത്രി മേലില ഗ്രാമപ്പഞ്ചായത്തിലെ മൂലവട്ടത്തുനടന്ന സംഭവം കഴിഞ്ഞദിവസമാണ് പുറത്തറിഞ്ഞത്. കല്യാണ വീട്ടില്‍ വച്ച് ഉണ്ടായ തർക്കത്തിന് ശേഷം സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും മഹേഷും രാത്രി 11ന് മൂലവട്ടം ജംക്‌ഷനിൽ വീണ്ടും കണ്ടുമുട്ടി, തർക്കം കയ്യാങ്കളിയിലേക്കു നീങ്ങി. ഇതിനിടെ മഹേഷിന്റെ ഇടതു കയ്യിലെ തള്ളവിരൽ സിപിഎം അംഗത്തിന്റെ വായിൽ അകപ്പെട്ടു. ഇതോടെ ഇയാൾ വിരലിൽ അമർത്തിക്കടിച്ചു. അവിടെയുണ്ടായിരുന്നവർ ഇടപെട്ട് വിരൽ വായിൽ നിന്നു പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വിരലിൽ നിന്നു കടി വിട്ടത്. രക്തം ഒഴുകുന്നത് കണ്ട് പരിഭ്രാന്തിയിലായ നാട്ടുകാർ മഹേഷിനെയും കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി. അവിടെയെത്തുമ്പോഴാണ് വിരൽ ഇല്ലെന്ന വിവരം അറിയുന്നത്. മഹേഷിനെ ആശുപത്രിയിലാക്കി, ബന്ധുക്കളും നാട്ടുകാരും തിരികെയെത്തി സിപിഎം അംഗത്തെ സമീപിച്ചെങ്കിലും വിരൽ എവിടെയെന്നു പറഞ്ഞില്ല. അര്‍ധരാത്രിയോളം നീണ്ട തിരച്ചിലിനൊടുവില്‍ വിരല്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ല. അതേസമയം സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കുന്നിക്കോട് പൊലീസ് പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയക്കാരായ ബന്ധുക്കൾ തമ്മിലുള്ള പ്രശ്‌നം പാർട്ടി നേതാക്കൾ ഇടപെട്ടതോടെ പുറത്തറിയിക്കാതെ ഒതുക്കുകയായിരുന്നു എന്നാണ് വിവരം.