കൊച്ചിയിൽ പൈൽസിന് ചികിത്സ നടത്തിവന്ന വ്യാജ വൈദ്യൻ പിടിയിൽ. ബംഗാള്‍ സ്വദേശിയും 38 കാരനുമായ ദിഗംബര്‍ ആണ് പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. കൊച്ചി തേവര പോലീസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇയാള്‍ വ്യാജ ഡോക്ടര്‍ ചമഞ്ഞു പൈല്‍സിനു ചികിത്സ നടത്തുന്നുണ്ടെന്നും അന്വേഷണം വേണം എന്നുമായിരുന്നു കത്തിലെ ആവശ്യം. പോലീസ് എത്തിയപ്പോഴും ഇയാള്‍ ചികിത്സയിലായിരുന്നു. പാരമ്പര്യ വൈദ്യന്‍ എന്ന രീതിയിലോ ഡോക്ടര്‍ എന്ന രീതിയിലോ ഒരു സര്‍ട്ടിഫിക്കറ്റും ഇയാള്‍ക്ക് ഉണ്ടായിരുന്നില്ല. കൊച്ചിയിലെ ഏജൻസിയിൽ വ്യാജ സർട്ടിഫിക്കറ്റിനുള്ള പണവും നൽകി കാത്തിരിക്കുമ്പോഴാണ് ഇയാളുടെ അറസ്റ്റ്.
ഇയാളുടെ ബന്ധു ഇവിടെ പൈല്‍സ് ചികിത്സ നടത്തിയിരുന്നു. ഇറ്റ് ബന്ധുവിന്റെ അസിസ്റ്റന്റ്റ് ആയി ജോലി നോക്കുകയായിരുന്നു ദിഗംബര്‍. ഇയാള്‍ ഒരു വര്‍ഷം മുന്‍പ് മരിച്ചു. ഇതോടെ ദിഗംബര്‍ സ്വയം ഡോക്ടര്‍ പദവിയിലേക്ക് അവരോധിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ദിഗംബറിന് ചികിത്സ അറിയില്ല. ബംഗാളിലേക്ക് വിളിച്ച് അവിടെ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് ചികിത്സ. ഒരു ഡോക്ടര്‍ ചികിത്സയ്ക്കായി വരുമെന്ന് ദിഗംബർ പറഞ്ഞുവെങ്കിലും ആറുമാസത്തിലേറെയായി ഇവിടെ അങ്ങനൊരു ഡോക്ടര്‍ വന്നിട്ടില്ലെന്നാണ് തങ്ങൾക്കു ലഭിക്കുന്ന വിവരമെന്ന്പോലീസ് പറയുന്നു.
പത്താം ക്‌ളാസ് വിദ്യാഭ്യാസം പോലുമില്ലാത്ത ദിഗംബർ അതിവിദഗ്ധമായാണ് രോഗികളെ കബളിപ്പിച്ചിരുന്നത്. രോഗികള്‍ എത്തിയാല്‍ അവരുടെ കാര്യങ്ങള്‍, രോഗം എല്ലാം ചോദിച്ച് മനസിലാകും. ബംഗാളിലെ ആളെ വിളിച്ച് എന്തൊക്കെ മരുന്ന് നല്‍കണമെന്ന് ചോദിക്കും. അതുപ്രകാരം മരുന്ന് നല്‍കും. രോഗികള്‍ക്ക് മുന്നിലിരുന്നും മാറി ഇരുന്നും ബംഗാളിലേക്ക് വിളിക്കും. എംബിബിഎസ് ഡോക്ടറുടെ മുറിയുടെ രീതിയിലാണ് മുറി ക്രമീകരിച്ചത്. ഒരു സംശയം വരാത്ത രീതിയിലായിരുന്നു ചികിത്സയും. അലോപ്പതി മരുന്നുകളും നാട്ടുമരുന്നുകളും തരാതരം നല്‍കുന്നതാണ് ദിഗംബറിന്റെ രീതി. ഇയാള്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പമാണ് തേവരയില്‍ കഴിഞ്ഞത്.
കൊച്ചിയിൽ ഇത്തരത്തിൽ പിടിയിലാകുന്ന അനേകം പേരിൽ ഒരാൾ മാത്രമാണ് ദിഗംബർ. ഇതിനു മുൻപും വ്യാജ ചികിത്സ നടത്തിയ നിരവധി പേർ പിടിയിലായിട്ടുണ്ട്. നിരവധി പാരമ്പര്യ വൈദ്യശാലകളും അല്ലാത്തവയും കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പലതിനും ആരോഗ്യ വകുപ്പ് അനുമതിയില്ല. കൊച്ചിയിൽ ഇതിനു മുൻപും അനുമതിയില്ലാതെ പ്രവർത്തിച്ച പൈൽസ് ഹിസ്റ്റുല മുതലായവ ചികിത്സിക്കുന്ന കേന്ദ്രം അടച്ചു പൂട്ടിയിട്ടുണ്ട്. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് ആരോഗ്യ വകുപ്പ് ഇത്തരം കേന്ദ്രങ്ങളെ കുറിച്ച് അന്വേഷണം അന്വേഷണം നടത്തുന്നുന്നത്. ഈ അന്വേഷണവും രേഖകൾ പിടിച്ചെടുക്കലുമെല്ലാം ഒരാഴ്ചയ്ക്ക് അപ്പുറം പോകാറില്ല എന്നതാണ് വാസ്തവം.