
കെ- ഫോൺ പദ്ധതിയിലും ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എ.ഐ. ക്യാമറ ഇടപാടിന്റെ അതേ രീതിയിൽ കെ – ഫോണിലും സംഭവിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടുമെന്നും സതീശൻ പറഞ്ഞു. കാസർകോട് വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. എ.ഐ. ക്യാമറ പദ്ധതി വിവരങ്ങൾ ഉപകരാറെടുത്ത പ്രസാഡിയോ കമ്പനി വിവരങ്ങൾ മുൻകൂട്ടി അറിഞ്ഞതിന്റെ തെളിവുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രതിപക്ഷ നേതാവ് കെ- ഫോണിലും അഴിമതി ആരോപണവുമായി രംഗത്തെത്തിയത്.
‘കെ ഫോൺ ഇടപാടിലും എസ്.ആർ.ഐ.ടി. കമ്പനിക്ക് ബന്ധമുണ്ട്. റോഡ് ക്യാമറയിലും കെ ഫോണിലും ഒരേരീതിയിലുള്ള അഴിമതിയാണ്. യഥാർഥ എസ്റ്റിമേറ്റിനേക്കാൾ കൂടുതൽ പണം നൽകി. മർഗനിർദ്ദേശം മറികടന്ന് 520 കോടിയുടെ ടെൻഡർ എക്‌സസ് നൽകി. മുഖ്യമന്ത്രി മൗനം തുടരുന്നു. എല്ലാം സ്വന്തക്കാർക്ക് വേണ്ടിയുള്ള അഴിമതിയാണ്’ -പ്രതിപക്ഷ നേതാവ് ആരോപിച്ചു.
20 ലക്ഷം പേർക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ എന്ന് പറഞ്ഞ് തുടങ്ങിയ പദ്ധതി ആറ് വർഷം നിലവിൽ വന്നില്ല. ഇപ്പോൾ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ 14,000 പേരിലേക്ക് ചുരുങ്ങി. ഒരു മണ്ഡലത്തിൽ 100 പേർക്ക് നൽകുമെന്നാണ് ഒടുവിൽ പറയുന്നത്. പദ്ധതിയുടെ ആദ്യത്തെ എസ്റ്റിമേറ്റ് 1028 കോടിയാണ്. എന്നാൽ പദ്ധതി അനുവദിച്ചത് 1548 കോടിക്കാണ്. 10% മാത്രം ടെൻഡർ എക്സസ് കൊടുക്കാവു എന്നിരിക്കേ കെ.േഫാണിൽ 50% ടെൻഡർ എക്സസ് കൊടുത്തിരിക്കുകയാണ്. ഭാരത് ഇലക്ട്രോണിക്സ് നേതൃത്വം നൽകുന്ന കൺസോർഷ്യത്തിൽ എസ്ആർഐടി ഉൾപ്പെടുന്ന കമ്പനികൾക്കാണ് കരാർ കൊടുത്തിരിക്കുന്നത്. അശോക് ബിൽകോൺ എന്ന കമ്പനിക്ക് ഉപകരാർ കൊടുക്കുകയാണ്. അശോക് ബിൽകോൺ പ്രസാഡിയോ കമ്പനിക്കാണ് ഉപകരാർ നൽകുന്നത്. ഈ കരാറുകളെല്ലാം കറങ്ങിത്തിരിച്ച് എത്തുന്നത് ഒടുവിൽ പ്രസാദിയോയുടെ പെട്ടിയിലാണ്. ആരാണ് പ്രസാദിയോ എന്ന് എല്ലാവർക്കും അറിയാം.
ഇതിനു പുറമേ പദ്ധതിക്ക് മാനേജ്മെന്റ് സർവീസ് പ്രൊവൈഡർ വേണമെന്ന് പറഞ്ഞ് ഒരു ടെൻഡർ എടുക്കുകയാണ്. അതും എസ്.ആർഐടിക്ക് തന്നെ കിട്ടുകയാണ്. സർക്കാർ 1548 കോടി മുടക്കി നൽകുന്ന സർവീസിൽ 10% ലാഭം ഈ കമ്പനിക്കാണ്. കൂടാതെ മുടങ്ങിക്കിടക്കുന്ന ഡാറ്റ കമ്പനിക്ക് പുറത്തുവിൽക്കാം. ഇതിനു പുറമേ 2% ഇൻസെന്റീവുമാണ് നൽകുന്നത്. സർക്കാർ മുതൽ മുടക്കി നടത്തുന്ന പദ്ധതികളുടെ ലാഭമെല്ലാം ഈ കമ്പനികൾക്ക് പോകുകയാണ്.
എല്ലാ നിയമങ്ങളും ലംഘിച്ചാണ് കെ.ഫോൺ ഇടപാട് നടന്നിരിക്കുന്നത്. സെൻട്രൽ വിജിലൻസ് കമ്മീഷന്റെ നിർദ്ദേശങ്ങൾ പോലും ലംഘിച്ചാണ് കരാർ നൽകിയിരിക്കുന്നത്. 18 മാസം കൊണ്ട് ഈ പദ്ധതി നടപ്പാക്കേണ്ടതുകൊണ്ട് 50% ടെൻഡർ എക്സസ് അനുവദിച്ചുകൊടുക്കുകയാണെന്ന് അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ കത്ത് ഇറക്കിയിരിക്കുകയാണ്. ധനകാര്യ വകുപ്പിന്റെ നിർദ്ദേശം മറികടന്നാണ് ഈ നിർദ്ദേശം.
ആറ് വർഷം കൊണ്ട് നടപ്പാക്കുമെന്നും 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകുമെന്നും പറഞ്ഞ് വന്ന പദ്ധതിയാണ് എങ്ങുമെത്താതെ ഇപ്പോൾ 14,000 പേർക്ക് നൽകുമെന്ന് പറയുന്നത്. തനിക്കും തന്റെ കുടുംബത്തിനും ഇത്രയധികം അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടും മറുപടി പറയാൻ കഴിയാത്ത രാജ്യത്തെ ആദ്യത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും വി.ഡി സതീശൻ പറഞ്ഞു. ഉന്നയിച്ച എല്ലാ ആരോപണങ്ങളും രേഖകൾ വച്ചാണ്. അതിന് മുഖ്യമന്ത്രി മറുപടി പറയണം.
സ്വർണക്കള്ളക്കടത്ത്, ലൈഫ് മിഷൻ, എഐ കാമറ, കെ.ഫോൺ എന്നിവയെല്ലാം ഒന്നാം പിണറായി വിജയൻ സർക്കാരിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന അഴിമതികളാണെന്നും അദ്ദേഹം പറഞ്ഞു.