പ്രശസ്ത ഗായകൻ എംജി ശ്രീകുമാറിനെതിരെ കേസ് എടുക്കാൻ കോടതി ഉത്തരവ്. കായൽ കയ്യേറി വീട് നിർമ്മിച്ചെന്ന കേസിൽ അദ്ദേഹത്തിനെതിരെ കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. അഴിമതി നിരോധന നിയമ പ്രകാരമാണ് എംജി ശ്രീകുമാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടത്. മുളവുകാട് ഗ്രാമപഞ്ചായത്തിലെ ബോൾഗാട്ടി പാലസിന് സമീപമുള്ള ബോട്ട് ജെട്ടിക്കടുത്താണ് എംജി ശ്രീകുമാർ അനധികൃതമായി വീട് വെച്ചത്. ഇത് കായൽ കയ്യേറിയാണെന്നാണ് ആരോപണം. തീരദേശ പരിപാലന നിയമം ലംഘിചുള്ളതാണോ എം ജി ശ്രീകുമാർ പണികഴിപ്പിച്ചിരിക്കുന്ന വീട് എന്ന് അന്വേഷിക്കാനാണ് കോടതി ഉത്തരവ്.
കൊച്ചി ബോള്‍ഗാട്ടി പാലസിന് സമീപം എം.ജി. ശ്രീകുമാര്‍ കായല്‍ കൈയേറി വീട് നിര്‍മിച്ചെന്ന് കാണിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നത്. ഈ പരാതിയില്‍ ത്വരിതാന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. വിജിലന്‍സ് സംഘം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. ഇത് പരിഗണിച്ചാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.
2010-ലാണ് ബോള്‍ഗാട്ടി പാലസിന് സമീപം എം.ജി. ശ്രീകുമാര്‍ 11 സെന്റ് ഭൂമി വാങ്ങിയത്. പിന്നീട് ഈ സ്ഥലത്തുണ്ടായിരുന്ന വീട് പൊളിച്ച് പുതിയ വീടു നിർമിക്കുകയായിരുന്നു. എന്നാല്‍ തീരദേശ പരിപാലനനിയമം, പഞ്ചായത്ത് രാജ് ആക്ട് തുടങ്ങിയവ ലംഘിച്ചാണ് കെട്ടിടം നിര്‍മിച്ചതെന്നായിരുന്നു പരാതി. പഞ്ചായത്ത് അധികൃതര്‍ ഇതിന് കൂട്ടുനിന്നതായും പരാതിയിലുണ്ടായിരുന്നു. അനധികൃത കെട്ടിട നിർമാണത്തിനെതിരെ മുളവുകാട് പഞ്ചായത്ത് മുൻ സെക്രട്ടറിമാരും അസിസ്റ്റന്റ് എൻജിനീയറും നടപടി എടുത്തില്ലെന്നും നിർമാണത്തിന് ഉദ്യോഗസ്ഥരും കൂട്ടു നിന്നതായി ആരോപിച്ച് 2017ലാണു ഗിരീഷ് ബാബു വിജിലൻസ് കോടതിയിൽ ഹർജി നൽകിയത്.


കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ത്വരിതാന്വേഷണം നടത്തിയ സംഘം റിപ്പോർട്ട് നൽകിയെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയമലംഘനങ്ങൾ പരിഗണിക്കുന്ന എൽഎസ്ജി ട്രൈബ്യൂണൽ പരിഗണിച്ചാൽ മതിയെന്നായിരുന്നു വിജിലൻസ് അഡീ. പ്രോസിക്യൂഷൻ ഡയറക്ടറുടെ റിപ്പോർട്ട്. ഇതിനെതിരെ ഹർജിക്കാരൻ ആക്ഷേപ ഹർജി ഫയൽ ചെയ്തിരുന്നു. ഇത് പരിഗണിച്ചാണു വിജിലൻസ് ജഡ്ജി പി.പി.സെയ്തലവിയുടെ ഉത്തരവ്.