Connect with us

Hi, what are you looking for?

Exclusive

ഗവർണറെ ചാൻസലർ സ്ഥാനത് നിന്ന് ഇറക്കുവാനുള്ള പദ്ധതികൾ ശക്തം

ഗവർണർ-സർക്കാർ പോര് രൂക്ഷമായിരിക്കെ, ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള നീക്കം തകൃതിയായി. ഡിസംബർ അഞ്ചുമുതൽ 15 വരെ നിയമസഭ സമ്മേളനം ചേരാൻ സർക്കാർ തലത്തിൽ ആലോചന. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബിൽ സഭയിൽ അവതരിപ്പിച്ചേക്കും.

നാളെ ചേരുന്ന മന്ത്രിസഭാ യോഗം ഡിസംബറിൽ സഭാ സമ്മേളനം ചേരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ സാധ്യതയുണ്ട്..നിലവിൽ നിയമ സർവകലാശാല ഒഴികെയുള്ള സംസ്ഥാനത്തെ സർവകലാശാലകളിൽ ഗവർണറാണ് ചാൻസലർ പദവിയിൽ ഇരിക്കുന്നത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്ലാണ് സഭയിൽ പ്രധാനമായി കൊണ്ടുവരിക.

നേരത്തെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്നതിന് ഓർഡിനൻസ് കൊണ്ടുവരാനാണ് സർക്കാർ ആലോചിച്ചിരുന്നത്. എന്നാൽ ഗവർണർ നിലപാട് കടുപ്പിച്ചതോടെ, സഭയിൽ ബിൽ കൊണ്ടുവരാനാണ് സർക്കാരിന് താൽപര്യം. ഗവർണറെ ഒറ്റക്കെട്ടായല്ലെങ്കിലും വിമർശിക്കുന്ന പ്രതിപക്ഷത്തിന്റെ പിന്തുണ കൂടി നേടിയെടുക്കുക എന്ന ഉദ്ദേശ്യവും സർക്കാരിനുണ്ട്. വിവിധ സർവകലാശാലകളിൽ വ്യത്യസ്ത നിയമമാണ്. അതിനാൽ ഓരോന്നിനും ബിൽ കൊണ്ടുവന്ന് അവതരിപ്പിക്കണം. നിലവിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് ബിൽ തയ്യാറാക്കുന്നതിനുള്ള തിരക്കിലാണ്. ബില്ലിൽ ഗവർണർ ഒപ്പിടാതെ വന്നാൽ സുപ്രീംകോടതിയെ സമീപിക്കാനാണ് ആലോചന.

അതിനിടെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ നിയമോപദേശകർ രാജിവച്ചു. ലീഗൽ അഡൈ്വസർ ജെയ്ജു ബാബുസ്റ്റാൻഡിങ് കോൺസലർ അഡ്വ. ലക്ഷ്മിയുമാണ് രാജിവെച്ചത്. ഇരുവരും ഗവർണർക്ക് രാജിക്കത്ത് അയച്ചു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ജെയ്ജു ബാബു.

വൈസ് ചാൻസലർമാരെ പുറത്താക്കാനുള്ള ഗവർണറുടെ നീക്കത്തിന് ഇന്ന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരുന്നു. ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജിയിൽ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്നായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയിലെ നിയമോപദേശകർ രാജിവെച്ചത്.

വിസിമാർക്കെതിരായ ചാൻസലറുടെ നടപടികൾ തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. വിസിമാരുടെ ഹർജിയിൽ അന്തിമ വിധി വരും വരെ നടപടി പാടില്ലെന്ന് ചാൻസലറായ ഗവർണറോട് ഹൈക്കോടതി നിർദ്ദേശിച്ചു. കാരണം കാണിക്കൽ നോട്ടീസിൽ അന്തിമതീരുമാനം എടുക്കരുതെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വിസിമാർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.

ഗവർണറുടെ നോട്ടീസിനെതിരായ ഹർജികൾ 17ലേക്ക് മാറ്റുകയും ചെയ്തു.അതേസമയം, മറുപടി സത്യവാങ്മൂലം നൽകാൻ മൂന്നുദിവസം സാവകാശം വേണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. ഗവർണറുടെ ഹിയറിങിന് ഹാജരാകണോയെന്ന് വിസിമാർക്ക് തീരുമാനിക്കാമെന്ന കോടതി പരാമർശത്തോട് നേരിട്ട് ഹാജരാകാൻ താൽപര്യമില്ലെന്ന് കണ്ണൂർ വിസി അറിയിക്കുകയും ചെയ്തു. തന്നെ ക്രിമിനൽ എന്ന് വിളിച്ച് അധിക്ഷേപിച്ച ഒരാളുടെ മുന്നിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഗോപിനാഥ് രവീന്ദ്രൻ അഭിഭാഷകൻ വഴി അറിയിച്ചത്.

യുജിസി മാനദണ്ഡങ്ങൾ ലംഘിച്ച സാങ്കേതിക സർവകലാശാല വിസിയെ സുപ്രീംകോടതി പുറത്താക്കിയതിനെ തുടർന്നാണ് മറ്റു സർവകലാശാലകളിലെ വിസിമാരെ പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഗവർണർ നോട്ടിസ് നൽകിയത്. കാരണം കാണിക്കൽ നോട്ടിസ് ലഭിച്ച വൈസ് ചാൻസർമാർ ഗവർണർക്കു മറുപടി നൽകിയിരുന്നു.

മറുപടി നൽകാൻ വിസിമാർക്ക് ഇന്നലെ ഹൈക്കോടതി സമയം അനുവദിച്ചിരുന്നു. ഗവർണറെ നേരിട്ടുകണ്ട് വിശദീകരണം നൽകണമെങ്കിൽ അറിയിക്കാനും ഇന്്‌നലെ വരെ ആയിരുന്നു സമയം. നിയമനം നിയമപരമാണെന്ന മറുപടിയാണു വിസിമാർ നൽകിയിരിക്കുന്നത്. സർവകലാശാലയ്ക്കു നൽകിയ സേവനങ്ങളും മറുപടിയിൽ വിശദീകരിച്ചിട്ടുണ്ട്. ഹൈക്കോടതി നിലപാടുകൂടി അറിഞ്ഞശേഷം ഗവർണർ തുടർനടപടികൾ സ്വീകരിക്കും. നേരിട്ടു ഹിയറിങ് വേണമെന്ന് ആവശ്യപ്പെട്ടവർക്ക് ഗവർണറുമായി കൂടിക്കാഴ്ചയ്ക്കു സമയം അനുവദിക്കുമെന്നും രാജ്ഭവൻ അറിയിച്ചു. വിസിമാരുടെ വിശദീകരണം പരിശോധിച്ചു കൂടിക്കാഴ്ചകൾക്കുശേഷം ഗവർണർ തുടർ നടപടികൾ സ്വീകരിക്കും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...