സിനിമയിൽ പുരുഷന്മാരും കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വരുന്നുണ്ടെന്ന് പലരും പറഞ്ഞെങ്കിലും, ആരും അതത്ര കാര്യമാക്കിയിട്ടില്ല. ഉണ്ടെങ്കിൽ, തന്നെ ഇത്തരം ചൂഷണത്തെ കുറിച്ച ആരും തുറന്നുപറയാൻ തയ്യാറല്ല എന്നത് തന്നെ കാരണം. സിനിമയിൽ നായകൻ ആക്കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ച് ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന് യുവാവിന്റെ പരാതി. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയാണ് ഒടിടി പ്ലാറ്റ്‌ഫോമിനും സംവിധായികയ്ക്കും എതിരെ പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ചതിച്ചതെന്നാണ് പരാതി. ദീപാവലി ചിത്രം റിലീസ് ചെയ്യുമെന്ന് ഒടിടി നടത്തിപ്പുകാർ പറഞ്ഞുവെന്നും മാനസിക സംഘർഷം മൂലം ആത്മഹത്യയുടെ വക്കിലെന്നും യുവാവ് പറഞ്ഞു.

കരാറിന്റെ പേരിൽ തന്നെ കുടുക്കി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്നാണ് 26കാരനായ യുവാവ് ആരോപിക്കുന്നത്. മുഖ്യമന്ത്രിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്. തന്നെ രക്ഷിക്കണമെന്നും യുവാവ് അഭ്യർത്ഥിച്ചു. ‘സിനിമയിൽ നായകൻ ആകണമെന്ന മോഹം കലശലായിരുന്നു. അങ്ങനെയാണ് ഒടിടി പ്ലാറ്റ്‌ഫോമിന്റെ പരസ്യം കണ്ട് അപേക്ഷ അയച്ചത്. പ്ലേ സ്‌റ്റോറിൽ അവൈലബളായിട്ടുള്ള അഡൾട്ട്‌സ് ഒൺലി പ്ലാറ്റ്‌ഫോമായിരുന്നു. പക്ഷേ എനിക്ക് ഇതിന്റെ കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു, ഒരു സീരീസ് ഉണ്ട്, അഭിനയിക്കണം എന്ന് പറഞ്ഞ് എന്റെ ഫ്രണ്ടാണ്, കൺട്രോളറാണ് ബന്ധപ്പെട്ടത്. കുറെ നാളായി ഈ ഫീൽഡിൽ വർക്ക് ചെയ്യുന്നതുകൊണ്ടുള്ള ബന്ധമാണ്. ഞാൻ ചെല്ലാമെന്ന് പറഞ്ഞു’.

‘അരുവിക്കരയായിരുന്നു ഷൂട്ട്. ആളൊഴിഞ്ഞ പ്രദേശത്തെ കെട്ടിടത്തിലായിരുന്നു ഷൂട്ടിങ്. ഒരു കിലോമീറ്റർ അകത്തോട്ടുള്ള വില്ല. അവിടുന്ന് പുറത്ത് പോകണമെങ്കിൽ തന്നെ ഒരുകിലോമീറ്റർ പോകണം. സീരീസിന്റെ സെറ്റപ്പും കാര്യങ്ങളും ഒക്കെ കണ്ട് ആദ്യം ഞാനും ഇങ്ങനെ അഡൾട്ട്‌സ് ഒൾലി പരിപാടിയാണന്ന് വിചാരിച്ചില്ല. അവര് ആദ്യം കുറച്ച് കഥയും കാര്യങ്ങളും ഔട്ട് ലൈനുമൊക്കെ പറഞ്ഞുതന്നു. മേക്കപ്പിട്ടുവരാൻ പറഞ്ഞു. മേക്കപ്പിട്ടുവന്നു.’

‘ ആദ്യം കുറച്ച് ഭാഗം ഷൂട്ട് ചെയ്ത ശേഷം മുന്നോട്ട് പോകണമെങ്കിൽ കരാർ ഒപ്പിടണമെന്ന് നിർബന്ധിച്ചു. എന്തിനാണ് കരാറെന്ന് ചോദിച്ചപ്പോൾ ആതുവേണമെന്ന് പറഞ്ഞു. ആദ്യമായിട്ട് നായകനായി അഭിനയിക്കുന്നതിന്റെ ടെൻഷനിൽ ഈ കരാർ മുഴുവൻ വായിച്ചുനോക്കാൻ എനിക്ക് സമയം കിട്ടിയില്ല. ഒപ്പിട്ട ശേഷമാണ് അഡൾട്ട്‌സ് ഒൺലി സിനിമയാണെന്ന് പറയുന്നത്. ലേഡിയുമായിട്ട് കുറച്ച് മിംഗിൾ ചെയ്ത് അഭിനയിക്കണം. ഞാൻ പറഞ്ഞു…എനിക്കതിന് ബുദ്ധിമുട്ടാണ്…നിങ്ങൾ കരാർ ഒപ്പിട്ടതുകൊണ്ടാണല്ലോ…അഭിനയിക്കേണ്ടി വരുന്നത്..അതുകൊണ്ട് അഭിനയിച്ചില്ലെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്നും അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടെന്നും പറഞ്ഞു.

കണ്ണുനിറഞ്ഞുകൊണ്ടാണ് അതുചെയ്തതെന്ന് യുവാവ് പറഞ്ഞു. വനിതാ സംവിധായിക അഞ്ചുഭാഷകളിൽ ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലറും മറ്റും ടെലിഗ്രാമിൽ വന്നതോടെ യുവാവിനെ വീട്ടുകാരും കൈയൊഴിഞ്ഞു. കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടിലാണ് യുവാവ് ഇപ്പോൾ താമസിക്കുന്നത്.

സ്ത്രീകൾ മാത്രമല്ല സിനിമയുടെ ലോകത്തു പുരുഷന്മാരും പീഡനങ്ങളുടെ ഇരകളാണെന്നു ബോളിവഡ് നടി രാധിക ആപ്‌തേ നേരത്തെ തുറന്നുപറഞ്ഞിരുന്നു.’ഞാൻ സംസാരിക്കുന്നത് സിനിമാലോകത്തെക്കുറിച്ചാണ്. അവിടെ പുരുഷന്മാരും പീഡിപ്പിക്കപ്പെടുന്നു. ഇപ്പോഴെങ്കിലും ഇതു തുറന്നുപറഞ്ഞേ പറ്റൂ. രാധിക പറയുന്നു. അധികാരം പണവുമുള്ളവർ ചൂഷണം ചെയ്യുകയാണ്. ഇത്തരക്കാരെ തുറന്നുകാട്ടണം. പലരും വലിയ ആഗ്രഹങ്ങൾ താലോലിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ചിലപ്പോഴൊക്കെ വഴങ്ങിക്കൊടുക്കാൻ നിർബന്ധിതരാകുന്നു. പക്ഷേ, തങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന് അവർ തിരിച്ചറിയണം. എനിക്കു പറ്റില്ല എന്നു മുഖത്തുനോക്കി പറയണം.രാധിക പറയുന്നു.