മാഞ്ചസ്റ്റര്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ആദ്യ പാദ സെമി ഫൈനലില്‍ റയല്‍ മാഡ്രിഡിനെ കീഴടക്കി മാഞ്ചസ്റ്റര്‍ സിറ്റി. 4-3 നാണ് സിറ്റിയുടെ വിജയം. മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാര്‍ക്ക് എതിരെ തുടക്കം മുതല്‍ തന്നെ ക്യത്യമായ സമ്മര്‍ദ്ദമാണ് സിറ്റി അറ്റാക്കിങ്ങ് ഉണ്ടാക്കിയത്. കെവിന്‍ ഡിബ്രൂയ്‌നെ രണ്ടാം മിനിറ്റില്‍ ഗോള്‍ നേടി. ഗബ്രിയേല്‍ ജെസ്യൂസ് , ഫില്‍ ഫോഡന്‍ , ബെര്‍ണാര്‍ഡോ സില്‍വ എന്നിവരും സിറ്റിക്കായി ഗോള്‍ നേടി. റയലിനായി കരിം ബെന്‍സേമ ഇരട്ടഗോള്‍ നേടി. അതില്‍ 82 (പെനല്‍റ്റി)ഗോള്‍ ഉള്‍പ്പെടുന്നു. വിനീസ്യൂസ് ജൂനിയറാണ് മറ്റൊരു ഗോള്‍ നേടിയത്.

കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ കെവിന്‍ ഡിബ്രൂയ്നെ സിറ്റിയെ മുന്നിലെത്തിച്ചു. റിയാദ് മെഹ്റെസിന്റെ തകര്‍പ്പന്‍ ക്രോസ് ഹെഡ് ചെയ്യുകയായിരുന്നു ഡിബ്രൂയ്നെ. 11ാം മിനിറ്റില്‍ ഗബ്രിയേല്‍ ജെസ്യൂസിലൂടെ സിറ്റി ലീഡ് ഉയര്‍ത്തി. കെവിന്‍ ഡിബ്രൂയ്നയുടെയായിരുന്നു അസിസ്റ്റ്. 20. മൂന്നാം ഗോള്‍ നേടാന്‍ ലഭിച്ച മികച്ച ഒരവസരം മെഹ്‌റസ് പാഴാക്കിയതിനുപിന്നാലെ സിറ്റി ഗോള്‍ വഴങ്ങി. റയലിനായി 33ാം മിനിറ്റില്‍ വല കുലുക്കിയത് സൂപ്പര്‍താരം കരീം ബെന്‍സേമ.

ഒന്നാം പകുതിയുടെ ആവര്‍ത്തനം തന്നെയായിരുന്നു രണ്ടാം പകുതി. 53ാം മിനിറ്റില്‍ ഫില്‍ ഫോഡന്‍ ക്ലോസ് റേഞ്ചറില്‍നിന്ന് ഹെഡറിലൂടെ തിബോ കുര്‍ട്ടോയെ കീഴടക്കി സിറ്റിയുടെ ലീഡ് 31 ആക്കി ഉയര്‍ത്തി. രണ്ടു മിനിറ്റിനുള്ളില്‍ വിനീസ്യൂസ് ജൂനിയറിലൂടെ വീണ്ടും റയല്‍ തിരിച്ചടിച്ചു. തകര്‍പ്പന്‍ സോളോ റണ്ണിനൊടുവില്‍ സിറ്റി പ്രതിരോധം ഛിന്നഭിന്നമാക്കി വിനിസ്യൂസ് ലക്ഷ്യം കണ്ടു. 74ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയുടെ തകര്‍പ്പന്‍ ഗോളില്‍ സിറ്റി വീണ്ടും രണ്ടു ഗോളിന്റെ ലീഡെടുത്തു.

ഇതിനിടെ സിറ്റിയുടെ ബോക്സിനുള്ളില്‍ പന്ത് രക്ഷിച്ചെടുക്കാനുള്ള ശ്രമത്തില്‍ 88ാം മിനിറ്റില്‍ ലപോര്‍ട്ടിന്റെ ഹാന്‍ഡ്ബോളില്‍ റയലിന് അനുകൂലമായി പെനല്‍റ്റി ലഭിക്കുകയായിരുന്നു. സിറ്റിയുടെ ലീഡ് ഒന്നായി കുറച്ച് കരിം ബെന്‍സേമയുടെ പനേങ്ക കിക്ക് സിറ്റിയുടെ വലയില്‍ എത്തുകയായിരുന്നു. പിന്നീട് സമനില ഗോളിനായി റയല്‍ പൊരുതിയെങ്കിലും സിറ്റിയുടെ കൂട്ടായ മികവിന് മുന്നില്‍ സാധ്യതകള്‍ മങ്ങുകയായിരുന്നു . നിരവധി സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയ സിറ്റി ഒടുവില്‍ ഒരു ഗോളിന് വിജയിക്കുകയായിരുന്നു. റയലിന്റെ തട്ടകത്തില്‍ അടുത്ത മാസം അഞ്ചിനാണ് രണ്ടാം പാദ സെമി.