കാലിഫോര്‍ണിയ: ശതകോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ പൂര്‍ണമായി ഏറ്റെടത്തു. 4400 കോടി ഡോളറിനാണ് കരാര്‍ ഒപ്പിട്ടത്. മസ്‌കിന്റെ ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാരന്‍ ഓഹരി ഉടമകളില്‍ നിന്ന് സമ്മര്‍ദ മുണ്ടായിരുന്നു. തുടര്‍ന്ന് അടിയന്തര പ്രാധാന്യത്തോടെ ബോര്‍ഡ് അംഗങ്ങള്‍ ചര്‍ച്ച നടത്തുകയും ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു.

ഫോര്‍ബ്‌സ് പട്ടികയില്‍ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഇലോണ്‍ മസ്‌ക്. അടുത്തിടെയാണ് അദ്ദേഹം ട്വിറ്ററില്‍ ഓഹരി പങ്കാളിയായത്. നിലവില്‍ കമ്പനിയില്‍ 9.2 ശതമാനം ഓഹരി നിക്ഷേപമുള്ള മസ്‌ക് ബോര്‍ഡ് അംഗത്വം വേണ്ടെന്ന് വെച്ചതിന് പിന്നാലെ കമ്പനി ഏറ്റെടുക്കാനുള്ള താല്‍പര്യം അറിയിക്കുകയായിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യമുള്ള യഥാര്‍ത്ഥ പ്ലാറ്റഫോം ആയി മാറണമെങ്കില്‍ ട്വിറ്റര്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതാവണം എന്നാണ് മസ്‌കിന്റെ നിലപാട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്വിറ്റര്‍ ഓഹരിയുടമകളുമായി മസ്‌ക് ചര്‍ച്ച നടത്തുന്നുണ്ട്. എന്തൊക്കെ മാറ്റങ്ങളാകും മസ്‌ക് കൊണ്ടുവരുക എന്ന് ആകാംക്ഷയിലാണ് ഉപഭോക്താക്കള്‍.