വാഷിംഗ്ടണ്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ 4,300 കോടി ഡോളര്‍ വിലയ്ക്ക് വാങ്ങാന്‍ തയ്യാറാണെന്ന് ശതകോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോണ്‍ മസ്‌ക്. ഓഹരി ഒന്നിന് 54.20 ഡോളറാണ് മസ്‌കിന്റെ വാഗ്ദാനം. ട്വിറ്റര്‍ ബോര്‍ഡ് ചെയര്‍മാന്‍ ബ്രെ?റ്റ് ടെയ്ലറിന് ഇത് സംബന്ധിച്ച് മസ്‌ക് കത്തയച്ചു. ഇത് തന്റെ ഓഫര്‍ ഏറ്റവും മികച്ചതും അവസാനത്തേതുമാണെന്നും അത് സ്വീകരിച്ചില്ലെങ്കില്‍ ഓഹരിയുടമ എന്ന തന്റെ സ്ഥാനം പുനഃപരിശോധിക്കേണ്ടി വരുമെന്നും മസ്‌ക് കത്തില്‍ സൂചിപ്പിക്കുന്നു.

ട്വിറ്ററിന്റെ നിലവിലെ സേവനങ്ങള്‍ തൃപ്തികരമല്ലെന്നും മികച്ച സ്വകാര്യ സ്ഥാപനമായി വളര്‍ത്തേണ്ടതുണ്ടെന്നും മസ്‌ക് പറഞ്ഞു.മസ്‌കിന്റെ ഓഫര്‍ ശ്രദ്ധാപൂര്‍വം അവലോകനം ചെയ്യുമെന്നും കമ്പനിയുടെയും ഓഹരിയുടമകളുടെയും താത്പര്യത്തിന് അനുസൃതമായാകും തീരുമാനമെന്നും ട്വിറ്റര്‍ ബോര്‍ഡ് അറിയിച്ചു.

ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരി മസ്‌ക് നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.ഇതിന് പിന്നാലെ, ട്വറ്ററിന്റെ ഓഹരിവില 27 ശതമാനം ഉയര്‍ന്നിരുന്നു. അതേസമയം, യു.എസിലെ വിപണി നിയമങ്ങള്‍ ലംഘിച്ചാണ് മസ്‌ക് ഓഹരികള്‍ സ്വന്തമാക്കിയതെന്ന് ആരോപണം ഉണ്ട്. അതേ സമയം ഓഹരി സ്വന്തമാക്കിയ ശേഷം ട്വിറ്ററില്‍ എഡിറ്റ് ബട്ടണ്‍ അടക്കം ഏതാനും പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള ആശയങ്ങള്‍ മസ്‌ക് നിര്‍ദ്ദേശിച്ചിരുന്നു.